മൂലമറ്റം: വാഗമണ്ണിൽ പുള്ളിക്കാനത്തിന് സമീപം എസ് വളവിൽ കാട്ടിൽ കുടുങ്ങിയ മൂവാറ്റുപുഴ സ്വദേശികളായ സുഹൃത്തുക്കൾക്ക് അഗ്നിരക്ഷാസേന തുണയായി. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് ഈസ്റ്റ് മാറാടി തകിടിപ്പുറത്ത് ശ്യാം ടി. കുഞ്ഞുമോൻ (31), എൻജിഒ ക്വാർട്ടേഴ്സ് മൈലാടിയിൽ നിഖിൽ ബിനു (23) എന്നിവർ ഉൾക്കാട്ടിൽ പെട്ടത്. കാഴ്ചകൾ കണ്ട് നടന്ന ഇരുവരും ഉൾപ്രദേശത്ത് അകപ്പെടുകയായിരുന്നു. വൈകീട്ട് അപ്രതീക്ഷിതമായെത്തിയ കോടമഞ്ഞും ഇരുട്ടുമാണ് പ്രശ്നമായത്.

To advertise here,

വൈകിട്ട് അഞ്ചരയോടെയാണ് ഇവർ ഇരുചക്രവാഹനത്തിൽ വാഗമണ്ണിന് തൊട്ടുതാഴെയെത്തിയത്. വാഹനം ഒതുക്കിവെച്ചശേഷം അരികിലൂടെയുള്ള ചെറുറോഡിലൂടെ ഇവർ കാഴ്ചകൾ കണ്ട് അരക്കിലോമീറ്ററോളം നടന്നു. വലിയ പാറക്കെട്ടുകയറി മുകളിലെത്തിയപ്പോഴേയ്ക്കും പെട്ടെന്ന് കനത്ത കോടമഞ്ഞും ഇരുട്ടുമെത്തി. ദിശയറിയാൻ കഴിയാതായതോടെ തിരിച്ചു പോരാനാകാതെ കുഴങ്ങി. തൊട്ടുതാഴെ അഗാധമായ കൊക്കയാണെന്ന് കണ്ടതോടെ ഭയത്തിലുമായി.

അതിനിടെ ഒരാളുടെ ഫോൺ ചാർജ് തീർന്ന് സ്വിച്ച് ഓഫായി. പേടിച്ചുപോയ ഇവർ സഹായത്തിനായി മൂലമറ്റം അഗ്നിരക്ഷാസേനയിൽ വിളിച്ചു. ഉടൻതന്നെ സേന സ്ഥലത്തെത്തി. ഇവർ വിളിച്ച ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചു. റേഞ്ചിന്റെ പ്രശ്നം മൂലം കിട്ടിയില്ല. ഇടയ്ക്ക് റേഞ്ച് വന്നപ്പോൾ ഗൂഗിൾ ലൊക്കേഷൻ അയച്ചുകിട്ടി.

സേനാംഗങ്ങൾ ടോർച്ച് ഉപയോഗിച്ച് വെളിച്ചം തെളിച്ചും ഒച്ചയുണ്ടാക്കിയും മുക്കാൽ മണിക്കൂറോളം പണിപ്പെട്ടാണ് ഇരുവരേയും കണ്ടെത്തിയത്. പേടിച്ചരണ്ട അവസ്ഥയിലായിരുന്ന ഇരുവരും അഗ്നിരക്ഷാ സേനയെ കണ്ടതോടെ ആശ്വാസത്തിലായി. ആകെ ക്ഷീണിതരായ ഇവരെ ഫയർ സ്റ്റേഷനിലെത്തിച്ചു.

മൂലമറ്റത്ത് താമസിക്കുന്ന ഇവരുടെ ബന്ധുവിനെ വിവരമറിയിച്ച് വിളിച്ചുവരുത്തി ഇവരെ കൂടെ അയച്ചു. അഗ്നിരക്ഷാ സേനാംഗങ്ങളായ കെ. സന്ദീപ്, ജിബി പി. വരമ്പനാട്ട്, ജെയിംസ് തോമസ്, ഷിന്റോ ജോസ് എന്നിവരായിരുന്നു രക്ഷാസംഘത്തിലുണ്ടായിരുന്നത്.