കൊച്ചി: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാന്‍ കഴിയില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചിരുന്നെന്ന് മകള്‍ ആശാ ലോറന്‍സ്. പി.ബി. അംഗം എ. വിജരാഘവനോട് സംസാരിച്ചിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് തന്നെ അപമാനിക്കാന്‍ പ്രവര്‍ത്തിച്ച രണ്ട് ബന്ധുക്കള്‍ അവിടെ ഉണ്ടാകാന്‍ പാടില്ലെന്നും പിതാവിനെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വെട്ടിക്കീറാന്‍ കൊടുക്കാന്‍ പറ്റില്ലെന്നും പറഞ്ഞിരുന്നു. വിവാദമാക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കോടതിയില്‍ പോവുമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും അവര്‍ മാതൃഭൂമി ന്യൂസ് സൂപ്പര്‍പ്രൈം ടൈമില്‍ പറഞ്ഞു. പിതാവിന് അന്ത്യചുംബനം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആശ പരാതിപ്പെട്ടു.

To advertise here,

'പാര്‍ട്ടിയിലെ ഏതെങ്കിലും ലോക്കല്‍ കമ്മിറ്റി മെമ്പറോടോ സഖാത്തിയോടോ അല്ല പറഞ്ഞത്. പി.ബി. അംഗമായ സമുന്നത നേതാവിനോടാണ്. അവിടെയൊരു തര്‍ക്കമുണ്ടാവുമെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. എന്തുകൊണ്ട് അവര്‍ ഒരു തീരുമാനം എടുത്തില്ല?' ആശാ ലോറന്‍സ് ചോദിച്ചു.

'എന്ത് അനാദരവ് കാണിച്ചെന്നാണ് പറയുന്നത്? എന്റെ അപ്പനെ വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞപ്പോള്‍ മുന്‍കരുതലോടെ സഖാത്തികളെ നിരത്തിവെച്ചത് നിങ്ങള്‍ കണ്ടോ? കോടിയേരിയുടേയും ഇ.എം.എസിന്റേയും എ.കെ.ജിയുടേയും ചുറ്റും സഖാത്തികളെ നിര്‍ത്തിയിരുന്നോ? അവരൊക്കെ ദൂരെ മാറിയല്ലേ ഇരുന്നിരുന്നത്. സഖാക്കളും റെഡ് വളണ്ടിയേഴ്‌സും നിയന്ത്രിക്കും സഖാക്കള്‍ വന്ന് ലാല്‍സലാം പറഞ്ഞുപോവും. നടന്ന സംഭവങ്ങള്‍ ഒഴിവാക്കപ്പെടേണ്ടകാര്യമാണെന്ന് ഞാന്‍ മാത്രമല്ലല്ലോ തീരുമാനിക്കേണ്ടത്? അപ്പന്റേയും അമ്മയുടേയും മൃതദേഹം കെട്ടിപ്പിടിച്ചുകരയുന്ന മക്കളെ ആദ്യമായാണോ നിങ്ങള്‍ കാണുന്നത്? ഞാനവിടെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ എന്ന സാന്ത്വനിപ്പിച്ച്,അപ്പനൊരു ഉമ്മ കൊടുക്കാന്‍ സഹായിക്കേണ്ടതിന് പകരം മുട്ടുകാലുകൊണ്ട് ഒരെണ്ണം കൊടുക്കണമെന്നാണ് പിന്നിലുള്ളവര്‍ പറഞ്ഞത്', അവര്‍ ആരോപിച്ചു.

എം.എം. ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങളായിരുന്നു നടന്നത്. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരേ മകള്‍ ആശാ ലോറന്‍സ് രംഗത്തെത്തിയതോടെ പൊതുദര്‍ശനത്തിനിടെ കയ്യാങ്കളി വരെ എത്തുന്ന സാഹചര്യമുണ്ടായി.

എറണാകുളം ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ എം.എം. ലോറന്‍സിന് ഔദ്യോഗിക ബഹുമതി നല്‍കി. ഇതവസാനിച്ച ഉടനേ സി.പി.എം. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കാന്‍ ആരംഭിച്ചു. ഇതോടെ ആശ, ശവപേടകത്തിന് മുകളില്‍ കെട്ടിപ്പിടിച്ച് അച്ഛന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാനാവില്ലെന്ന് പറഞ്ഞു. മുദ്രാവാക്യം വിളികള്‍ അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍, സി.പി.എം. പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് അവരെ മാറ്റി. ഇതിനിടെ ആശയും മകനും താഴെവീണു.

ഇതിനു ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മൃതദേഹം ഇപ്പോള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ലോറന്‍സിന്റെ മൃതദേഹം ക്രിസ്ത്യന്‍ മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആശയുടെ ഹര്‍ജിയിലാണ് നിര്‍ദേശം. അനാട്ടമി ആക്ട് പ്രകാരം കളമശ്ശേരി മെഡിക്കല്‍ കോളേജ് തീരുമാനം എടുക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.