കൊച്ചി: മകൾ ആശ ലോറൻസിന്റെ ദുർപ്രചാരണത്തെ അർഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയണമെന്ന് മുതിർന്ന സി.പി.എം. നേതാവ് എം.എം. ലോറൻസ്. തന്റെ മറ്റ് മക്കളെയും പരിചരിക്കാൻ തയ്യാറായ ബന്ധുക്കളെയും പാർട്ടി നേതാക്കളെയും ആശ നിരന്തരം ആക്ഷേപിക്കുകയാണെന്നും തന്റെ നല്ലതിന് വേണ്ടി ഈ മകൾ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
പിതാവായ എം.എം. ലോറൻസിനെ പരിചരിക്കാൻ പാർട്ടി തന്നെ അനുവദിക്കുന്നില്ലെന്ന് ആശ നേരത്തെ ആരോപിച്ചിരുന്നു. ഇത് വലിയ ചർച്ചകൾക്ക് കാരണമായതോടെയാണ് എം.എം. ലോറൻസ് ഫെയ്സ്ബുക്കിലൂടെ വിശദീകരണം നൽകിയിരിക്കുന്നത്. ആശുപത്രിയിൽ കഴിയുന്ന തന്നെ സഹായിക്കാൻ പാർട്ടിയും മൂത്തമകനും മറ്റ് ബന്ധുക്കളും ഉണ്ടെന്നും തന്നെ പരിചരിക്കാൻ ഒരാളെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എം.എം. ലോറൻസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
''ഓക്സിജൻ ലെവൽ കുറയുകയും, പനിയും ക്ഷീണവും മൂലം ഡോക്ടറുടെ നിർദ്ദേശ പ്രകാരം എറണാകുളത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റഡ് ആണ് ഞാൻ. എനിക്ക് വേണ്ട സഹായങ്ങൾ നൽകാൻ എന്നോടൊപ്പം പാർട്ടിയും മൂത്ത മകൻ സജീവനും, ഇതുവരെ എന്നെ പരിചരിച്ച മറ്റ് ബന്ധുക്കളും ഉണ്ട്. എന്നെ പരിചരിക്കാൻ ഇവിടെ ഒരാളെയും ഏർപ്പെടുത്തിയിട്ടുണ്ട്.
4 മക്കളിൽ, വർഷങ്ങളായി എന്നോട് അകൽച്ചയിൽ ആയിരുന്ന മകൾ ആശ, അടുപ്പം പ്രദർശിപ്പിക്കാൻ എന്നവണ്ണം കഴിഞ്ഞ ദിവസം എന്നെ സന്ദർശിക്കുകയുണ്ടായി. ശേഷം, എന്റെ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകൾ ആരംഭിച്ചിരിക്കുകയുമാണ്.
കുടുംബ ജീവിതത്തിലും പൊതുജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആൾ കൂടിയാണ് ആശ. ആദരവോടെ, എന്നെയിവിടെ സന്ദർശിക്കാൻ എത്തിയ പ്രിയ സഖാവ് സി എൻ മോഹനൻ, അജയ് തറയിൽ എന്നിവരെ, 'മകൾ' എന്ന മേൽവിലാസമുപയോഗിച്ച് ആശ ആക്ഷേപിച്ചു. അതല്ലാതെ മറ്റൊരു മേൽവിലാസവും ആശയോ ആശയുടെ മകനോ നേടിയിട്ടില്ല.
എന്റെ മറ്റ് മക്കൾ, എന്നോട് അടുപ്പം പുലർത്തുകയും പരിചരിക്കാനും തയ്യാറായ ബന്ധുക്കൾ, പാർട്ടി നേതാക്കൾ തുടങ്ങി പലരേയും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് നിരന്തരം ആക്ഷേപിക്കുകയുമാണ്.
എന്റെ അറിവോ, സമ്മതമോ കൂടാതെ, എന്റെ ക്ഷീണാവസ്ഥ മുതലാക്കി ഇവിടെ എത്തിയ ആശ, എന്നെ സഹായിക്കാൻ എത്തിയതാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകൾ യാതൊന്നും ചെയ്തിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തിക്ക് ഒപ്പം ഇപ്പോൾ നിലകൊള്ളുന്ന ആശയുടെ ദുർപ്രചാരണത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണം എന്ന് അഭ്യർത്ഥിക്കുന്നു''.
Content Highlights:mm lawrence facebook post against her daughter asha lawrence allegations
Published: 27 May 2021, 10:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented