
കോഴിക്കോട്: സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളില്‍ 80:20 അനുപാതം അനുവദിച്ചിട്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്. വിധി പഠിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ അപ്പീല്‍ നല്‍കണമെന്ന് സര്‍ക്കാരിനോട് ഒരുമിച്ച് ആവശ്യപ്പെടുകയാണ് മുസ്ലീം സംഘടനകള്‍. ഈയൊരു സാഹചര്യത്തില്‍ വിദ്യാഭ്യാസ വിദഗ്ധനും എം.ഇ.എസ് പ്രസിഡന്റുമായ ഡോ.ഫസല്‍ ഗഫൂര്‍ മാതൃഭൂമി ഡോട്കോമിനോട് സംസാരിക്കുന്നു.
കോടതി വിധിയില്‍ എന്താണ് എം.ഇ.എസ് നിലപാട്?
ഏത് കോടതി വിധി വന്നാലും അത് പ്രഥമദൃഷ്ട്യാ അംഗീകരിക്കുക എന്നതാണ് നമ്മുടെ കീഴ്വഴക്കം. പക്ഷെ നമുക്കതില്‍ വിയോജിപ്പുണ്ടെങ്കില്‍ അപ്പീല്‍ പോവാം. അങ്ങനെ അപ്പീല്‍ പോവണമെന്നതാണ് എം.ഇ.എസിന്റെ നിലപാട്. വിധി പരിശോധിച്ചതിന് ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം വേണ്ട കാര്യങ്ങള്‍ ചെയ്യും.
ഇങ്ങനെ ഒരു കോടതി ഉത്തരവിന് വഴിവെച്ചതില്‍ ജാഗ്രതക്കുറവുണ്ടായിട്ടുണ്ടോ?
അതില്‍ അര്‍ഥമില്ല. ഇത് പതിമൂന്ന് കൊല്ലം മുമ്പ് 2008-ല്‍ പാലോളി കമ്മറ്റിയുടെ നിര്‍ദേശ പ്രകാരം ഉണ്ടായതാണ്. അതിന്റെ ഒരു പശ്ചാത്തലം കൂടി നമ്മള്‍ പരിശോധിക്കേണ്ടതുണ്ട്. അന്ന് സച്ചാര്‍ കമ്മീഷന്‍ എന്ന കമ്മിറ്റിയെ യു.പി.എ സര്‍ക്കാര്‍ മുസ്ലീം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാനായിട്ട് നിയോഗിച്ചു. അതേ പോലെ തന്നെ രംഗനാഥ് മിശ്ര കമ്മീഷനേയും നിയോഗിച്ചു. ഈ കമ്മീഷനുകളുടെ പ്രത്യേകിച്ച് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ഇന്ത്യയിലെ മുസ്ലീംങ്ങള്‍ ഉദ്യോഗത്തിന്റെ കാര്യത്തിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലുമെല്ലാം ദളിത് വിഭാഗങ്ങളെക്കാളും പിന്നിലാണെന്ന് കണ്ടെത്തിയിരുന്നു. ഇത് എങ്ങനെയാണ് കണ്ടെത്തിയത് എന്നുവെച്ചാല്‍ ദളിത് വിഭാഗങ്ങള്‍ക്കെല്ലാം പ്രത്യേക സംവരണം വേറെയുണ്ട്. എന്നാല്‍ മുസ്ലീംങ്ങള്‍ക്ക് അത്തരം സംവരണം അക്കാലത്ത് പല സംസ്ഥാനങ്ങളിലും ഉണ്ടായിരുന്നില്ല.
ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ കേരളത്തിലും ഇക്കാര്യത്തില്‍ പഠനം നടത്താന്‍ തീരുമാനമെടുത്തപ്പോള്‍ കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസില്‍ മുസ്ലീംങ്ങള്‍ക്ക് പന്ത്രണ്ട് ശതമാനം സംവരണം ഉണ്ടെങ്കില്‍ കൂടി അവര്‍ പത്ത് ശതമാനമേ ഉള്ളൂവെന്ന് കണ്ടെത്തി. അതേ പോലെ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 7000-ല്‍ അധികം ഒഴിവുകള്‍ ഇവര്‍ക്ക് നഷ്ടപ്പെട്ട് പോയെന്നും കണ്ടെത്തി. ഒപ്പം സാമ്പത്തികമായി വലിയ രീതിയില്‍ പിന്നോക്കാവസ്ഥയിലാണെന്നും കണ്ടെത്തിയിരുന്നു. ഇങ്ങനെ പല കണ്ടെത്തലിന്റെ അടിസ്ഥാനാത്തിലാണ് നിലവിലെ റിസര്‍വേഷന്‍ വന്നത്. ഇത് ഒഴിവാക്കപ്പെടുമ്പോള്‍ വലിയ തിരിച്ചടിയാണ് ഈ വിഭാഗത്തിനുണ്ടാവുക. അതില്‍ ആശങ്കയിലുമാണ്.
സര്‍ക്കാര്‍ അപ്പീല്‍ പോവുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?
സര്‍ക്കാര്‍ നിര്‍ബന്ധമായും അപ്പീല്‍ പോവണം. അല്ലെങ്കില്‍ നിരുത്തരവാദപരമായി പോവും. കാരണം സര്‍ക്കാര്‍ തന്നെ നടപ്പിലാക്കിയ ഒരു പദ്ധതിയാണ് കോടതി വിധിയോടെ ഇല്ലാതായി പോവുക. അങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതാണ്. സര്‍ക്കാര്‍ തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
ജിവിതാവസ്ഥ പരിഗണിക്കാതെ ജനസംഖ്യാനുപാതത്തില്‍ സ്‌കോളര്‍ഷിപ്പ് അനുവദിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. സ്‌കോളര്‍ഷിപ്പില്‍ തുല്യതയെന്നത് ശരിയായ രീതിയല്ലേ?
ജീവിതാവസ്ത പരിഗണിക്കാതെ ജനസംഖ്യാനുപാതത്തിലുള്ള നിലപാട് ശരിയല്ല എന്ന് തന്നെയാണ് അഭിപ്രായം. പിന്നെ സ്‌കോളര്‍ഷിപ്പില്‍ നിലവില്‍ തുല്യതയുണ്ട് എന്നത് തന്നെയാണ് യാഥാര്‍ഥ്യം. എന്തുകൊണ്ടെന്നാല്‍ ഇപ്പോള്‍ മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ഇവിടെയുണ്ട്. അവര്‍ ഒരു പാട് സ്‌കോളര്‍ഷിപ്പ് കൊടുക്കുന്നുണ്ട്. എനിക്ക് തോന്നുന്നു അതിന്റെ തോത് ഇതിനേക്കാള്‍ കൂടുതലുണ്ടെന്നാണ്. രണ്ടാമത്തെ കാര്യം ഇപ്പോള്‍ മുന്നോക്ക സമുദായ സംവരണം വന്നിട്ടുണ്ട് എന്നതാണ്. അതിനെതിരേ ചില എതിര്‍പ്പുകളൊക്കെ ഉയര്‍ന്ന് വന്നിട്ടുണ്ടെങ്കിലും അത് എല്ലാവരും അംഗീകരിച്ച മട്ടില്‍ തന്നെയാണ്. ഇങ്ങനെയൊക്കെ ഉള്ള സാഹചര്യത്തില്‍ തുല്യതയില്‍ പ്രശ്നമില്ല എന്നതാണ് സത്യം.
കോടതി വിധിയുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് നിലപാടെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധ പരിപാടികളിലേക്ക് പോവാന്‍ മുസ്ലീം സംഘടനകള്‍ നിര്‍ബന്ധിക്കപ്പെടുമോ?
സമരത്തിന് പോവുന്നതിലൊന്നും യാതൊരു അര്‍ഥവുമില്ല. കാരണം ഇത് നിയമപരമായ കാര്യമാണ്. നിയമപരമായ പോരാട്ടം തന്നെയായിരിക്കും പ്രതിഷേധം. കോടതിയില്‍ അപ്പീല്‍ പോവുകയെന്നത് ഒരു പ്രതിഷേധ രീതി തന്നെയാണ്. ഒപ്പം പറ്റാവുന്നപോലെ മാധ്യമങ്ങളിലും സംഘടനകള്‍ നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ടിരിക്കും. സംഘടനകളെല്ലാം ഈ രീതിയില്‍ അപ്പീല്‍ പോവുമെന്ന് തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. അതിനൊപ്പം ഒരു കാര്യം കൂടി എനിക്ക് പറയാനുള്ളത് വര്‍ഗീയ വിഷയങ്ങള്‍ അനാവശ്യമായി കുത്തിപ്പൊക്കി കേരളത്തില്‍ സമുദായങ്ങള്‍ തമ്മിലുള്ള ധ്രുവീകരണം ഉണ്ടാകുന്നത് ശരിയല്ല. ഇപ്പോള്‍ തന്നെ കുറച്ച് കാലമായി ക്രൈസ്തവ വിഭാഗങ്ങളും മുസ്ലീം വിഭാഗങ്ങളും തമ്മില്‍ ധ്രുവീകരണം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്.
ആ ശ്രമങ്ങളെയാണ് നമ്മള്‍ തിരിച്ചറിയേണ്ടത്. പല കുത്തിത്തിരിപ്പുകളും ഉണ്ടാക്കിയിട്ടും ഇതുവരെ കാര്യമായൊന്നും സംഭവിച്ചില്ലല്ലോ? വളരെ സെക്കുലര്‍ ആയ ഒരു സര്‍ക്കാരാണ് ഇവിടെ ഭരിച്ച് കൊണ്ടിരിക്കുന്നത്. ഇനിയൊര് അഞ്ച് കൊല്ലത്തേക്ക് ഇത്തരത്തിലുള്ള ധ്രുവീകരണം ഉണ്ടാക്കിയിട്ട് ഒരു പൊട്ടാസും പൊട്ടാന്‍ പോവില്ല എന്നതാണ് യാഥാര്‍ഥ്യം.
content highlights: minority scholarship verdict, fazal gafoor
Published: 30 May 2021, 12:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented