തിരുവനന്തപുരം: വകുപ്പിലെ ജീവനക്കാരിയുമായി അശ്ലീലസംഭാഷണം നടത്തിയെന്ന ആരോപണത്തില്‍ സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ഓഫീസ് കുരുക്കില്‍. സംഭാഷണം റെക്കോഡ് ചെയ്ത യുവതി മന്ത്രി ഓഫീസിലെ ചില ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തി ഒരു ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യിച്ചതായും ആരോപണമുയര്‍ന്നു.
ഇത് സംബന്ധിച്ച് മന്ത്രിയുടെ സ്റ്റാഫിലെ മൂന്നുപേരുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെന്നും വിശദ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇന്റലിജന്‍സ് വിഭാഗം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി. ഒരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, പേഴ്സണല്‍ അസിസ്റ്റന്റ് എന്നിവര്‍ക്കെതിരേയാണ് പരാമര്‍ശം. ഇതേത്തുടര്‍ന്ന് മന്ത്രി ഓഫീസില്‍ ഇനിയും തുടരാനാവില്ലെന്നു കാണിച്ച് സംഭവങ്ങളുമായി ബന്ധമില്ലാത്ത മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാജി നല്‍കിയെങ്കിലും അംഗീകരിച്ചിട്ടില്ല.
കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭാഷണങ്ങള്‍ നടന്നത്. ജോലിസ്ഥലത്ത് പല പരാതികള്‍ ഉയര്‍ന്നതുകാരണം യുവതിയെ സ്ഥലംമാറ്റിയിരുന്നു. സൗകര്യപ്രദമായ സ്ഥലത്തേക്കു മാറ്റം വേണമെന്നാവശ്യപ്പെട്ട് ഇവര്‍ മന്ത്രിയെയും മന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥരെയും സമീപിച്ചു. പരാതികളുടെ ഗൗരവം കണക്കിലെടുത്ത് ഇവര്‍ ആവശ്യപ്പെട്ട സ്ഥലത്തേക്ക് മാറ്റം നല്‍കുന്നതിനെ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എതിര്‍ത്തു. പരാതി അന്വേഷിക്കാനും വകുപ്പ് നടപടിയെടുത്തു.
ഇതോടെ, ഉദ്യോഗസ്ഥര്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തത് കൈവശമുണ്ടെന്നും അവകാശപ്പെട്ട് യുവതി രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു സംഭവം.
യുവതി ജോലിചെയ്ത സ്ഥലത്തെ മേലധികാരിയായ ഒരു ഉദ്യോഗസ്ഥനെ കൈക്കൂലിക്കേസില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇദ്ദേഹത്തെ തിരിച്ചെടുത്ത് താന്‍ നിര്‍ദേശിക്കുന്നയിടത്ത് നിയമിക്കണമെന്നും തനിക്കെതിരേ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യണമെന്നും യുവതി ആവശ്യപ്പെട്ടു.
മാനസികമായി പീഡിപ്പിച്ചെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരേ നല്കിയ പരാതി. ഇതൊന്നും ഉന്നത ഉദ്യോഗസ്ഥര്‍ വകവെച്ചില്ല. ഇതോടെ തടസ്സംനില്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിവേണമെന്നാവശ്യപ്പെട്ട് യുവതി ഭീഷണി കടുപ്പിച്ചു.
യുവതിയുടെ സമ്മര്‍ദത്തിനുവഴങ്ങി ആവശ്യപ്പെട്ടതെല്ലാം പല ഘട്ടങ്ങളിലായി മന്ത്രിയുടെ ഓഫീസ് ചെയ്തുകൊടുത്തു. യുവതിയെയും അവര്‍ നിര്‍ദേശിച്ചപ്രകാരം മേലധികാരിയെയും ആവശ്യപ്പെട്ട സ്ഥലത്തേക്കുതന്നെ മാറ്റിനിയമിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ കഴിഞ്ഞദിവസം വയനാട്ടിലേക്കും സ്ഥലംമാറ്റി.
ഈ ഉദ്യോഗസ്ഥനെതിരേ നല്കിയ പരാതിയില്‍ വനിതാ കമ്മിഷന് യുവതിക്ക് അനുകൂല നിലപാട് സ്വീകരിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തന്നെ വനിതാ കമ്മിഷന് കേട്ടില്ലെന്നുകാട്ടി ഉദ്യോഗസ്ഥന് അഡ്മിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. ട്രിബ്യൂണല്‍ സ്ഥലംമാറ്റം സ്റ്റേ ചെയ്തു. ഈ തീരുമാനം യുവതി അംഗീകരിച്ചില്ല.
അവര്‍ വീണ്ടും സമ്മര്‍ദം ചെലുത്തിയതിനെത്തുടര്‍ന്ന് ഈ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാന്‍ മന്ത്രിയുടെ ഓഫീസ് നിര്‍ബന്ധിതമായി. ബുധനാഴ്ച ഇതിന് ഉത്തരവുമിറങ്ങി.
Content Highlights: ministers office in trouble after obscene conversation with employee
Published: 07 Mar 2025, 06:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented