കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ പ്രതിയെ പോലീസ് പിടികൂടി. മൈലക്കാട് സ്വദേശി സുനില്‍കുമാറി(44)നെയാണ് കൊല്ലം സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഒളിവില്‍പ്പോയ ഇയാള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് ഇത്തിക്കര പാലത്തിന് സമീപത്തുനിന്ന് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 

To advertise here,

തിങ്കളാഴ്ച രാത്രി 10.50-നായിരുന്നു കേസിനാസ്പദമായ സംഭവം. പിഎസ്സി പരിശീലന ക്ലാസ് കഴിഞ്ഞ് കൊട്ടിയം ജങ്ഷനില്‍നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനായി മാവേലിക്കര ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ കയറിയ യുവതി മുന്നില്‍നിന്ന് മൂന്നാമത്തെ സീറ്റിലായിരുന്നു ഇരുന്നത്. മേവറം എത്തിയപ്പോള്‍ എതിര്‍വശത്തെ സീറ്റില്‍ ഇരുന്ന പ്രതി തുടര്‍ച്ചയായി നഗ്‌നതാ പ്രദര്‍ശനം നടത്തി. യുവതി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ബസ് കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എത്തിയപ്പോള്‍ യുവതിയെ വിളിക്കാന്‍ സഹോദരന്‍ വന്നിരുന്നു. ഈസമയം പ്രതി മറ്റൊരു ബസില്‍ കയറി സ്ഥലംവിട്ടു.

അടുത്തദിവസം രാവിലെ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് യുവതി ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കി. പെയിന്റിങ് തൊഴിലാളിയാണ് പ്രതി. വീട്ടിലെത്തി ബഹളംവെച്ച നാട്ടുകാരോട് താനല്ല ദൃശ്യങ്ങളിലുള്ളതെന്നും സംഭവസമയം വീട്ടിലായിരുന്നെന്നും പ്രതി പറഞ്ഞെങ്കിലും പിന്നീട് ഒളിവില്‍പ്പോവുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.