തിരുവനന്തപുരം: ജീവനക്കാരിയുമായുള്ള അശ്ലീലസംഭാഷണ വിവാദത്തില്‍ മന്ത്രിയുടെ ഓഫീസിനോട് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കാര്യങ്ങള്‍ വാക്കാല്‍ വിശദീകരിച്ചു. സംഭവത്തില്‍ ഇന്റലിജന്റ്സ് വിഭാഗം കൂടുതല്‍ വിവരം ശേഖരിച്ചുതുടങ്ങി. സി.പി.എം. സംസ്ഥാനസമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം മന്ത്രി അദ്ദേഹത്തോട് കാര്യം വിശദീകരിച്ചേക്കും.

To advertise here,

അശ്ലീലസംഭാഷണ ശബ്ദരേഖ ഉണ്ടെന്ന് അവകാശപ്പെട്ട് ജീവനക്കാരി മന്ത്രിയുടെ ഓഫീസിനെ സമ്മര്‍ദത്തിലാക്കി സ്ഥലംമാറ്റം നേടിയെന്നും ചില ഉദ്യോഗസ്ഥര്‍ക്ക് അനുകൂലവും പ്രതികൂലവുമായി നടപടി എടുപ്പിച്ചുവെന്നുമാണ് ആരോപണം. മന്ത്രിയുടെ ഓഫീസിലെ മൂന്ന് ജീവനക്കാരുടെ പ്രവര്‍ത്തനം ദുരൂഹമാണെന്നും അന്വേഷണം വേണമെന്നും ഇന്റലിജന്റ്സ് വിഭാഗം ആവശ്യപ്പെട്ടിരുന്നു.

Read More: ജീവനക്കാരിയുമായി അശ്ലീല സംഭാഷണം; മന്ത്രിയുടെ ഓഫീസ് കുരുക്കില്‍

ജീവനക്കാരിയെക്കുറിച്ച് നേരത്തേ ഉയര്‍ന്ന പരാതി അന്വേഷിച്ച ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത് വകുപ്പില്‍ വലിയ അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

ആദ്യം ഇദ്ദേഹത്തെ സ്ഥലംമാറ്റിയിരുന്നു. അത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തതോടെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മന്ത്രി ഓഫീസിലെ ചിലരുടെ സമ്മര്‍ദമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. നിയമനടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥന്റെ തീരുമാനം. കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ സസ്‌പെന്‍ഡ് ചെയ്ത മറ്റൊരു ഉദ്യോഗസ്ഥനെ സമ്മര്‍ദത്തിന്റെ ഭാഗമായി അതേ ജില്ലയില്‍ത്തന്നെ നിയമിച്ചിരുന്നു. ഇതിനുപുറമേ ഇദ്ദേഹത്തിന് നേരത്തേ ജോലിചെയ്തിരുന്ന സ്ഥലത്ത് അധികച്ചുമതല നല്‍കാനും കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

ഇതിനെതിരേ പോലീസ് വിജിലന്‍സ് കത്ത് നല്‍കിയിരുന്നു. ഇത് മുന്‍നിര്‍ത്തി ഉത്തരവ് നടപ്പാക്കരുതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്.