തിരുവനന്തപുരം: രാജ്ഭവനില്‍ പരിസ്ഥിതി ദിനാഘോഷ പരിപാടി ബഹിഷ്‌കരിച്ച നടപടിയില്‍ വിശദീകരണവുമായി കൃഷിമന്ത്രി പി. പ്രസാദ്. സര്‍ക്കാരിന്റെ പരിപാടിയിൽ വരുത്താൻ കഴിയാത്ത മാറ്റമാണ് അവിടെ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഭാരതാംബയുടെ ചിത്രം മാറ്റാന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറോട് ആവശ്യപ്പെട്ടെങ്കിലും അത് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം അറിയിച്ചെന്നും മന്ത്രി പ്രസാദ് പറഞ്ഞു. 

To advertise here,

നേരത്തെതന്നെ രാജ്ഭവനിലാണ് ഈ പരിപാടി നടത്താന്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ പരിപാടിക്ക് ഉള്‍പ്പെടുത്താന്‍ കഴിയാത്ത ഒരു മാറ്റമാണ് അവിടെ ഉണ്ടായത്. അത് അംഗീകരിക്കാന്‍ സര്‍ക്കാരിന് പ്രയാസമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടേറിയറ്റ് വളപ്പില്‍ ചെടി നട്ട് പരിപാടി സംഘടിപ്പിച്ചത്. സാധാരണഗതിയില്‍ നമ്മള്‍ ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രമല്ല അവിടെ ഉണ്ടായിരുന്നത്. ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രമാണ് ഗവര്‍ണറുടെ ഓഫീസ് തന്നെ അയച്ചുതന്നത്. ഭരണഘടനാപരമായി ശരിയായ കാര്യമല്ല അതെന്നും അദ്ദേഹം പറഞ്ഞു. 

ഭാരതാംബയുടെ ചിത്രം മാറ്റാന്‍ ബുദ്ധിമുട്ടാണെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഭരണഘടനാവിരുദ്ധമായ കാര്യമാണിത്. എല്ലാവരെയും ഒരുപോലെ കാണണമെന്ന് പറയുന്നിടത്ത് മത, രാഷ്ട്രീയ ചിഹ്നനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റേണ്ടയാളാണ് ഗവര്‍ണര്‍.

രാജ്ഭവനിൽ ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തിയുടെ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള പ്രഭാഷണം നടത്തിയതിനെതിനെയും അദ്ദേഹം വിമർശിച്ചു. രാജ്ഭവൻ ഒരിക്കലും അങ്ങനെ ഒരു പ്രഭാഷണത്തിന് വേദിയാകാന്‍ പാടില്ലായിരുന്നു. ഗവര്‍ണറുടെ നിലപാടുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് അപകടകരമായ സാഹചര്യമൊരുക്കും. രാജ്ഭവന്‍ കക്ഷിരാഷ്ട്രീയത്തിന് വേദിയാകാന്‍ പാടില്ല. രാഷ്ട്രീയത്തിന്റെ ഭാഗമായി നില്‍ക്കുമ്പോഴും പൊതു ഇടങ്ങളില്‍ രാഷ്ട്രീയ ചിഹ്നങ്ങള്‍ ഞങ്ങള്‍ ഉപയോഗിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പരിസ്ഥിതിദിന പരിപാടി നടക്കുന്ന വേദിയിലെ കാവിക്കൊടിയേന്തി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലിയാണ് സർക്കാരും ഗവർണറും തമ്മിൽ ഭിന്നതയുണ്ടായത്. രാജ്ഭവനിലെ വേദിയില്‍ ആര്‍എസ്എസ് പരിപാടികളിൽ ഉപയോഗിക്കുന്ന ചിത്രമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മന്ത്രി പരിപാടിയില്‍നിന്ന് വിട്ടുനിൽക്കുകയായിരുന്നു.