കുഴല്‍മന്ദം: നിരോധിച്ച പ്ലാസ്റ്റിക് ആവരണമുണ്ടായിരുന്ന ബൊക്കെ സ്വീകരിക്കാതെ മന്ത്രി എം.ബി. രാജേഷ്. കുത്തനൂര്‍ ഗ്രാമപ്പഞ്ചായത്തോഫീസ് കെട്ടിടം ഉദ്ഘാടനവേദിയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. വൈസ് പ്രസിഡന്റ് ഫാരിദ ഫിറോസ് ബൊക്കെ നല്‍കിയപ്പോള്‍ സ്വാഭാവിക പൂക്കളും ഇലകളും കൊണ്ടുണ്ടാക്കിയ ബൊക്കെയില്‍ പ്ലാസ്റ്റിക് ആവരണമുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരസിക്കയായിരുന്നു.

To advertise here,

ഹരിത പെരുമാറ്റച്ചട്ടം പാലിക്കേണ്ട തദ്ദേശസ്വയംഭരണ വകുപ്പിന്റെ പരിപാടിയിലെ സംഭവം ഉചിതമല്ലെന്നും 10,000 രൂപ പിഴയീടാക്കാവുന്ന കുറ്റമാണിതെന്നും മന്ത്രി അറിയിച്ചു. സംഭവം ആവര്‍ത്തിച്ചാല്‍ സംഘാടകര്‍ക്കെതിരേ പിഴചുമത്തുമെന്നും മന്ത്രി പിന്നീട് പറഞ്ഞു. സ്വാഭാവിക പൂക്കളുടെ ബൊക്കെയാണ് പൂക്കടയില്‍ ആവശ്യപ്പെട്ടിരുന്നതെന്നും തയ്യാറാക്കിയവര്‍ പ്ലാസ്റ്റിക് ആവരണംവെച്ചത് അറിഞ്ഞിരുന്നില്ലെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി. സഹദേവന്‍ പറഞ്ഞു. മുന്‍പ് പാലക്കാട് ഗവ. വിക്ടോറിയാ കോളേജിലുള്‍പ്പെടെയുള്ള പരിപാടികളില്‍ പ്ലാസ്റ്റിക് ആവരണമുള്ള ബൊക്കെ മന്ത്രി രാജേഷ് നിരസിച്ചിരുന്നു.

ഉദ്ഘാടനച്ചടങ്ങില്‍ പി.പി. സുമോദ് എംഎല്‍എ അധ്യക്ഷനായി. മുന്‍മന്ത്രി എ.കെ. ബാലന്‍, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ്, ജില്ലാപഞ്ചായത്തംഗം അഭിലാഷ് തച്ചങ്കാട്, ബ്ലോക്ക് പഞ്ചായത്തംഗം സെമിനാ നൈനാന്‍ മുഹമ്മദ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാരിദ ഫിറോസ്, കുടുംബശ്രീ റിസോഴ്സ് പേഴ്സണ്‍ പി.വി. വിജയരാഘവന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി. സഹദേവന്‍, സെക്രട്ടറി എം. സുനില്‍കുമാര്‍, അന്‍സാര്‍ കാസിം എന്നിവര്‍ സംസാരിച്ചു.