നേമം (തിരുവനന്തപുരം) : സൈനികവാഹനം യാത്രയ്ക്കിടെ റോഡരികിൽ നിന്ന മരത്തിലെ കൊമ്പിലിടിച്ച് കുടുങ്ങിനിന്നതിനെ തുടർന്ന് അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി വാഹനം കടത്തിവിട്ടു. പാപ്പനംകോട്- മലയിൻകീഴ് റോഡിൽ പൂഴിക്കുന്നിനും കോലിയക്കോടിനുമിടയിൽ ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടുകൂടിയാണ് സംഭവം.

To advertise here,

മൂക്കുന്നിമല സൈനിക കേന്ദ്രത്തിൽ നിന്നും പാപ്പനംകോട് ഭാഗത്തേക്ക്‌ വരികയായിരുന്ന കണ്ടെയ്‌നർ ഘടിപ്പിച്ച ഉയരംകൂടിയ സൈനിക വാഹനമാണ് റോഡിലേക്കു ചാഞ്ഞുനിന്ന മരക്കൊമ്പിൽ തട്ടി കുടുങ്ങിയത്. മുന്നോട്ടു പോകാനാകാതെ വാഹനം റോഡിൽ നിന്നതോടെ ഗതാഗത തടസ്സവുമുണ്ടായി.

വിവരം അറിയിച്ചതിനെ തുടർന്ന് തിരുവനന്തപുരം നിലയത്തിൽ നിന്നും അഗ്നിരക്ഷാസേനാംഗങ്ങളെത്തി വാഹനത്തിനു മുകളിൽക്കയറി കട്ടർ ഉപയോഗിച്ച് ഒരു മണിക്കൂറോളം പരിശ്രമിച്ച് മരക്കൊമ്പുകൾ മുറിച്ചുമാറ്റിയാണ് ഗതാഗതം സുഗമമാക്കിയത്. കെഎസ്ഇബി ഉദ്യോഗസ്ഥരുമെത്തി വൈദ്യുതബന്ധം വിച്ഛേദിച്ച ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്.