
കൊടകര (തൃശ്ശൂര്‍): രാത്രിയിലെ ഓട്ടം കഴിഞ്ഞ് പുലര്‍ച്ചെ ആറോടെ വീട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഓട്ടോ ഡ്രൈവര്‍ ശ്രീകുമാര്‍ ഉച്ചത്തിലുള്ള ശബ്ദം കേട്ടത്. ഓടിയെത്തിയപ്പോള്‍ മൊത്തം പൊടിപടലം. അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലമാണെന്ന് അറിയാവുന്നതിനാല്‍ 'ഭായ്... ഭായ്...' എന്ന് ഉറക്കെ വിളിച്ചു. മറുപടിയുണ്ടായില്ല. ആരെയും കണ്ടില്ല.
കുറച്ചുകഴിഞ്ഞപ്പോള്‍ പിറകില്‍നിന്ന് രണ്ടുപേര്‍ നടന്നുവന്നു. ശ്രീകുമാര്‍ വേഗം കൊടകര പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് കാര്യം പറഞ്ഞു. കൂട്ടുകാരായ ഓട്ടോ ഡ്രൈവര്‍മാരെയും വിളിച്ചു. അപ്പോഴേക്കും പോലീസ് വിളിച്ചുപറഞ്ഞതനുസരിച്ച് പുതുക്കാട്ടുനിന്ന് അഗ്‌നിരക്ഷാസേന എത്തി. തകര്‍ന്ന സ്ലാബിനടിയില്‍ മൂന്നുപേരുണ്ടെന്ന വാര്‍ത്തയറിഞ്ഞ് ധാരാളം പേര്‍ ഓടിക്കൂടി.
ഒരു കെട്ടിടത്തിന്റെ പിറകിലാണ് തകര്‍ന്നുവീണ കെട്ടിടമെന്നതു തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. ഇതിനിടെ ചെറുവത്തൂര്‍ ചിറയിലിലുള്ള സുരേഷ് മണ്ണുമാന്തിയുമായി എത്തി. മതില്‍ പൊളിച്ച് അകത്തുകടന്ന് സ്ലാബും മണ്ണും മാറ്റാന്‍ തുടങ്ങി. പിന്നാലെ മറ്റൊരു മണ്ണുമാന്തികൂടി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. ഇതിനകം ഗാന്ധിനഗറിലുള്ള ഏകലവ്യ കലാകായികസമിതിയുടെ ആംബുലന്‍സും എത്തിയിരുന്നു.
ഓട്ടോ സ്റ്റാന്‍ഡിനു മുന്നിലാണ് തകര്‍ന്ന കെട്ടിടം. അതിഥിത്തൊഴിലാളികള്‍ ഗ്യാസ് സിലിന്‍ഡര്‍ കൊണ്ടുവരുന്നതിനുള്‍പ്പെടെ എല്ലാ ആവശ്യങ്ങള്‍ക്കും സ്റ്റാന്‍ഡില്‍ എത്തുന്നതിനാല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്കെല്ലാം പരിചയമുള്ളവരായിരുന്നു.
മഴ മാറിനിന്നു, നാട്ടുകാര്‍ ഒറ്റക്കെട്ടായി
രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായത് ദുരന്തസമയത്ത് മഴ മാറിനിന്നത്. ഇതോടെ നാട്ടുകാര്‍ ഒറ്റക്കെട്ടായി ഇടപെട്ടു. ഇടുങ്ങിയ സ്ഥലമായതാണ് തടസ്സമായത്. വലിയ സ്ലാബിനു മുകളില്‍ വീണുകിടന്നിരുന്ന കെട്ടിടാവശിഷ്ടങ്ങള്‍ യന്ത്രങ്ങള്‍കൊണ്ട് മാറ്റി. മരത്തടികള്‍കൊണ്ട് സ്ലാബ്ല് അല്പം ഉയര്‍ത്തി ഒരാളെ പുറത്തെടുത്തു. നേരിയ അനക്കമുണ്ടെന്ന് കേട്ട വാര്‍ത്ത ആശ്വാസമായെങ്കിലും ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചു.
രണ്ടാമത്തെയാളെ സ്ലാബിനടിയില്‍നിന്ന് ഏറെനേരം പണിപ്പെട്ടാണു പുറത്തെടുത്തത്. രണ്ടാമത്തെയാളെ കണ്ടെത്തിയത് സ്ലാബ് കൂടം ഉപയോഗിച്ച് പൊട്ടിച്ചാണ്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മണ്ണിനടിയില്‍ തലമാത്രം പുറത്തായി കമിഴ്ന്നുകിടക്കുന്നവിധം മൂന്നാമനെ കണ്ടെത്തുകയായിരുന്നു. കുറച്ചുസമയമെടുത്താണ് കല്ലും മണ്ണും മാറ്റി മൃതദേഹം പുറത്തെടുത്തത്.
കൊടകര പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് തൊട്ടടുത്താണ് തകര്‍ന്ന കെട്ടിടം. ഉടമസ്ഥന്‍ സ്ഥലത്തില്ല. ഉടമസ്ഥനില്‍നിന്ന് കെട്ടിടം വാടകയ്‌ക്കെടുത്ത് ഒരു അതിഥിതൊഴിലാളിയില്‍നിന്ന് 1000 രൂപ വാങ്ങിയാണ് ഇവിടെ പാര്‍പ്പിച്ചിരുന്നത്.
അതിഥിതൊഴിലാളികള്‍ താമസിക്കുന്ന എല്ലാ സ്ഥലങ്ങളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്താറുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. കെട്ടിടത്തിന് ഒരു നൂറ്റാണ്ടിനടുത്ത് പഴക്കമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. തഹസില്‍ദാര്‍ കെ.എ. ജേക്കബ്ബ്, ഭൂരേഖാ തഹസില്‍ദാര്‍ ആന്റോ ജേക്കബ്ബ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
മൂന്നുപേരുടെയും മൃതദേഹംവിമാനത്തില്‍ നാട്ടിലെത്തിക്കും
തൃശ്ശൂര്‍: കൊടകരയില്‍ കെട്ടിടം തകര്‍ന്നു മരിച്ച മൂന്ന് അതിഥിത്തൊഴിലാളികളുടെയും മൃതദേഹം വിമാനത്തില്‍ നാട്ടിലെത്തിക്കും. ഇന്‍ക്വസ്റ്റ് നടപടികള്‍ കൊടകര ശാന്തി ആശുപത്രിയിലും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പൂര്‍ത്തിയാക്കി. എംബാം ചെയ്ത മൃതദേഹങ്ങള്‍ ബന്ധു ബൈത്തുല്‍ ഇസ്ലാമിന് കൈമാറും.
ശനിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ക്കൊപ്പം പോകാന്‍ ബന്ധുവിനും രണ്ട് പരിചയക്കാര്‍ക്കും യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. ക്രമീകരണങ്ങള്‍ സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍ ഏകോപിപ്പിച്ചു.
ജീവിതം കെട്ടിപ്പടുക്കാനെത്തി സ്വപ്നം തകര്‍ന്നവര്‍... അതിഥിത്തൊഴിലാളികളുടെ താമസം അടിമകളെപ്പോലെ
തൃശ്ശൂര്‍: മറ്റു സംസ്ഥാനങ്ങളില്‍നിന്ന് െതാഴില്‍ തേടിയെത്തുന്നവരുടെ കേരളത്തിലെ താമസവും ജീവിതവും നരകതുല്യം. ബഹുഭൂരിപക്ഷംപേരും താമസിക്കുന്നത് വൃത്തിയില്ലാത്തതും സൗകര്യങ്ങളില്ലാത്തതുമായ സ്ഥലങ്ങളിലാണ്. കുറഞ്ഞ കൂലിയും നല്ല കെട്ടിടങ്ങള്‍ വാടകയ്ക്ക് കിട്ടാത്തതുമാണ് ഈ രീതിയിലുള്ള ജീവിതത്തിന് അതിഥിത്തൊഴിലാളികളെ നിര്‍ബന്ധിക്കുന്നത്.
മലയാളികളാരും വാടകയ്ക്ക് എടുക്കാത്ത കെട്ടിടങ്ങളാണ് ഇവര്‍ക്ക് നല്‍കുന്നത്. ഇതിന് ചെറിയ വാടക മാത്രമേയുള്ളൂ എന്നതിനാല്‍ അതിഥിത്തൊഴിലാളികള്‍ക്ക് പരാതിയുമില്ല. തുറസ്സായ മുറികളുള്ള കെട്ടിടങ്ങളില്‍ മുറിവാടകയോ ഇടംവാടകയോ അടിസ്ഥാനമാക്കിയാണ് പണം വാങ്ങുന്നത്. ഒരു പായ വിരിച്ചുറങ്ങാന്‍ കഴിയുന്ന ഇടത്തിനാണ് മിക്കപ്പോഴും വാടക ഈടാക്കുന്നത്.
പണ്ട് ശൗചാലയമില്ലാതെ നിര്‍മിച്ച, നവീകരിക്കാത്ത കെട്ടിടങ്ങളാണ് അധികവും അതിഥിത്തൊഴിലാളികള്‍ക്ക് നല്‍കുന്നത്. വലിയ നിര്‍മാണക്കമ്പനികള്‍ നടത്തുന്നവര്‍ എല്ലാവരെയും ഒരുമിച്ച് പാര്‍പ്പിക്കാനായി ചെലവുകുറഞ്ഞ കെട്ടിടം വാടകയ്ക്ക് എടുക്കുകയാണ് ചെയ്യുന്നത്.
മഴക്കാലത്ത് ഈ കെട്ടിടങ്ങളില്‍ ജീവന്‍ പണയം വെച്ചാണ് അതിഥിത്തൊഴിലാളികള്‍ കഴിയുന്നത്. ഇത്തരത്തിലുള്ള ഒരു കെട്ടിടമാണ് വെള്ളിയാഴ്ച തകര്‍ന്നത്. പോലീസും ലേബര്‍ ഓഫീസര്‍മാരും ചേര്‍ന്നാണ് ഇങ്ങനെ താമസിക്കുന്ന അതിഥിത്തൊഴിലാളികളുടെ കണക്ക് ശേഖരിക്കുന്നത്. ഇവര്‍ ജോലിക്കായി വന്നും പോയും ഇരിക്കുന്നതിനാല്‍ കൃത്യമായ കണക്ക് സൂക്ഷിക്കാനാകുന്നില്ല.
Content Highlights: migrant workers died after building collapsed in kodakara thrissur heavy rain kerala
Published: 28 Jun 2025, 08:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented