കാഞ്ഞങ്ങാട്: 'നന്നായി പഠിച്ച് നല്ലൊരു ജോലി നേടണമെന്നായിരുന്നു ആഗ്രഹം. പിതാവിന്റെ മരണവും കുടുംബപ്രാരാബ്ദവുമെല്ലാം ആ സ്വപ്നത്തെ തകർത്തു. ഈ മക്കളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. നന്നായി പഠിക്കൂ, ഉയർന്ന ജോലി നേടൂ'... പ്രദേശത്തെ 25 കുട്ടികൾക്ക് നോട്ടുബുക്കും പേനയും വാങ്ങി നൽകിയ മടിക്കൈ കാഞ്ഞിരപ്പൊയിലിലെ ഇതരസംസ്ഥാന തൊഴിലാളി ഹെമോ കൊസാരിയുടെ വാക്കുകളാണിത്.

To advertise here,

അസം സ്വദേശിയായ ഇദ്ദേഹം വർഷങ്ങൾക്കു മുൻപേ കേരളത്തിലെത്തിയതാണ്. കാഞ്ഞിരപ്പൊയിൽ കോടോട്ട് പാറയിലെത്തിയിട്ട് ഒൻപത് വർഷമാകുന്നു. കഴിഞ്ഞവർഷം കുട്ടികൾക്ക് വാട്ടർബോട്ടിലാണ് വാങ്ങിക്കൊടുത്തത്. അസം സംസ്ഥാനത്തെ വിശേഷദിവസങ്ങളെന്തെങ്കിലുമുണ്ടായാൽ ഹെമോ ചെയ്യുന്നത് കുട്ടികൾക്ക് എന്തെങ്കിലും പഠനസാമഗ്രികൾ വാങ്ങിക്കൊടുക്കലാണ്. താമസിക്കുന്ന പ്രദേശത്തെ മലയാളിക്കുടുംബങ്ങളുമായി നല്ല സൗഹൃദത്തിലാകാനും ഇദ്ദേഹത്തിന് കഴിഞ്ഞു. ചെങ്കൽപ്പണയിലാണ് പണി.

'കാശ് കൂടുതലുണ്ടായിട്ടല്ല, ഉള്ളതിൽ കുറച്ച് നല്ല കാര്യങ്ങൾക്ക് മാറ്റിവെക്കണമെന്ന നിർബന്ധമുണ്ട്'- പാതി മുറിഞ്ഞുപോകുന്നുണ്ടെങ്കിലും മലയാളത്തിൽ സംസാരിക്കാൻ പ്രയാസപ്പെടുന്നില്ല ഹെമോ. സ്കൂളിൽ പഠിക്കുമ്പോഴാണ് ഇദ്ദേഹത്തിന്റെ പിതാവ് മരിക്കുന്നത്. അമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവൻ മൂത്തമകനായ ഹെമോയുടെ കൈയിലായി. പിന്നീട് പല സംസ്ഥാനങ്ങളിലെത്തി.

ചെയ്യാത്ത ജോലിയില്ല. ഭാര്യയും മക്കളും നാട്ടിലാണ്. രണ്ടുപെൺമക്കളെ കല്യാണം കഴിച്ചയച്ചു. മകൻ ഹയർ സെക്കൻഡറി വിദ്യാർഥിയാണ്.