തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കു ഭീഷണിയായി കുട്ടികളുടെ കൊഴിഞ്ഞുപോക്ക്. 2024-25 അധ്യയനവർഷം 2914 വിദ്യാർഥികൾ കൊഴിഞ്ഞുപോയതായാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഇതിൽ 704 കുട്ടികൾ പഠനത്തിൽ താത്‌പര്യം ഇല്ലാത്തതിനാലാണ് സ്കൂൾ ഉപേക്ഷിച്ചത്. കൊഴിഞ്ഞുപോയ മൊത്തം വിദ്യാർഥികളുടെ 24.16 ശതമാനം വരുമിത്.
ഉത്സവസീസൺ കഴിഞ്ഞ് സ്കൂളിൽ പോകാനുള്ള താത്‌പര്യക്കുറവിനാൽ 11 കുട്ടികൾ പഠനം നിർത്തിയ സംഭവവും കഴിഞ്ഞവർഷമുണ്ടായി. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഏഴു കുട്ടികളും പഠനം ഉപേക്ഷിച്ചു.
താത്‌പര്യമില്ലാത്തതിനാൽ പഠനം നിർത്തിയവർ വയനാട് ജില്ലയിലാണ് കൂടുതൽ; 297 പേർ. എട്ടാം ക്ലാസിൽ 48 പേരും ഒൻപതിൽ 104 പേരും പത്തിൽ 114 പേരും ഇത്തരത്തിൽ പഠനം നിർത്തി. പാലക്കാട്-92, തൃശ്ശൂർ-60, കണ്ണൂർ-55 എന്നിങ്ങനെയാണ് താത്‌പര്യമില്ലാതെ പഠനം നിർത്തിയവർ കൂടുതലുള്ള മറ്റു ജില്ലകൾ.
വിദ്യാഭ്യാസത്തോടുള്ള മാതാപിതാക്കളുടെ നിഷേധമനോഭാവം കാരണം 78 കുട്ടികൾക്ക് പഠനം നിർത്തേണ്ടിവന്നു. മതപഠനത്തിന് മുൻഗണനനൽകി 103 കുട്ടികളും മൊബൈൽഫോൺ ആസക്തിയിൽ 33 പേരും പഠനം നിർത്തി.
കുടുംബത്തിലെ സാമ്പത്തികസ്ഥിതി, സ്കൂളിലേക്കുള്ള യാത്രാദൂരം, യാത്രാസൗകര്യക്കുറവ് തുടങ്ങിയ പ്രശ്നങ്ങളിൽ പഠനം നിർത്തിയവരുമുണ്ട്. സാമ്പത്തിക പ്രശ്നത്താൽ 43 പേർ പഠനം നിർത്തി. ദൂരക്കൂടുതലിൽ 29 പേരും യാത്രാസൗകര്യമില്ലാത്തതിനാൽ 10 പേരും പഠനം നിർത്തി. പ്രശ്നബാധിതമായ കുടുംബപശ്ചാത്തലമുള്ളതിനാൽ 174 കുട്ടികൾക്കു പഠനം ഉപേക്ഷിക്കേണ്ടിവന്നു. ചെറുപ്രായത്തിലുള്ള വിവാഹം, അതിക്രമങ്ങൾ എന്നീ കാരണങ്ങളാൽ നാലുകുട്ടികളും പഠനം നിർത്തി.
അതിഥിത്തൊഴിലാളികളുടെ മക്കളും
അതിഥിത്തൊഴിലാളികളുടെ മക്കളായ 1070 പേർക്കും പഠനം നിർത്തേണ്ടി വന്നു. മാതാപിതാക്കൾ ജോലിസ്ഥലം മാറിയതിനാലോ സ്വന്തം നാടുകളിലേക്കു തിരിച്ചുപോയതിനാലോ പഠനം നിർത്തേണ്ടിവന്നവരാണിവർ. ഇത്തരത്തിലുള്ള സംഭവങ്ങൾ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ; 390 കുട്ടികൾ (36.5 ശതമാനം). മലപ്പുറം-169, ഇടുക്കി-127 എന്നിങ്ങനെയാണ് പഠനം നിർത്തിയ അതിഥിത്തൊഴിലാളികളുടെ മക്കൾ കൂടുതലുള്ള മറ്റു ജില്ലകൾ.
മറ്റുരാജ്യക്കാരായ 29 കുട്ടികളും പഠനം നിർത്തി. നേപ്പാൾ-27, ബംഗ്ലാദേശ്-രണ്ട് എന്നിങ്ങനെയാണ് ഈ കണക്ക്. മാതൃരാജ്യത്തേക്ക് പോയതിനാലാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി.
മറ്റു കാരണങ്ങളാൽ പഠനം നിർത്തിയവർ
മറ്റു സംസ്ഥാനങ്ങളിലേക്കോ രാജ്യങ്ങളിലേക്കോയുള്ള താമസമാറ്റം-213, മാറാരോഗം, അപകടം, ആശുപത്രിവാസം-163, താമസംമാറ്റം-32, പോലീസ് കേസ്-എട്ട്.
Content Highlights: According to the General Education Department's report for the 2024-25 academic year, 2,914 students dropped out of Kerala public schools, with lack of interest in studies, migrant family relocation, and socio-economic challenges cited as major reasons.
Published: 21 Jul 2026, 10:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented