ആലപ്പുഴ: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്‌ വോട്ടുചെയ്യാനായി ഭായിമാർ കൂട്ടത്തോടെ വണ്ടികയറിയതോടെ നാട്ടിലാകെ പ്രതിസന്ധി. ജില്ലയിലെ നിർമാണമേഖലയിലും ഹോട്ടലുകളിലും പണിയെടുക്കാനാളില്ല. മുടിവെട്ടുപോലും മുടങ്ങുന്ന സ്ഥിതി. ഏപ്രിൽ 23, 29 തീയതികളിൽ രണ്ടുഘട്ടങ്ങളിലായാണ് ബംഗാളിൽ തിരഞ്ഞെടുപ്പ്. അതിനുശേഷമേ പോയവരെല്ലാം തിരികെയെത്തൂ. അതുവരെ എങ്ങനെ മുന്നോട്ടുപോകുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ഹോട്ടലുടമകളും കരാറുകാരും.

To advertise here,

ഇത്തവണ വോട്ടുചെയ്തില്ലെങ്കിൽ വോട്ടർപട്ടികയിൽനിന്നു പുറത്താകും, ആധാർ അസാധുവാകും, പൗരത്വം നഷ്ടമാകും തുടങ്ങിയ പ്രചാരണങ്ങൾ അതിഥിത്തൊഴിലാളികൾക്കിടയിൽ വ്യാപകമായി. ഇതിനു പിന്നാലെയാണ് കൂട്ടത്തോടെ പലരും സ്ഥലംവിട്ടത്. ബംഗാളിലെ രാഷ്ട്രീയനേതാക്കൾ ഇവർക്ക് ട്രെയിൻ ടിക്കറ്റടക്കം എടുത്തുനൽകി. ഇതോടെ തിരിച്ചുപോക്കും എളുപ്പമായി.

തമിഴ്നാട്ടിലും 23-നാണ് തിരഞ്ഞെടുപ്പ്. വോട്ടുചെയ്യാനായി അവരും പോയിത്തുടങ്ങി. ഇതോടെ, തുണി ഇസ്തിരിയിടലും മുടങ്ങുന്ന സ്ഥിതിയാണ്. അസംകാരായ അതിഥിത്തൊഴിലാളികൾ നേരത്തേതന്നെ പോയി. ഏപ്രിൽ ഒൻപതിന് അസമിൽ തിരഞ്ഞെടുപ്പു കഴിഞ്ഞെങ്കിലും ഇവർ തിരിച്ചെത്തുന്നതേയുള്ളൂ.

പാലംപണി ഉപേക്ഷിച്ചു കടന്നത് 60 ബംഗാളികൾ

തുറവൂർ-പമ്പാ പാതയുടെ ഭാഗമായുള്ള മാക്കേക്കടവ്-നേരേകടവ് പാലം നിർമാണത്തെയും അതിഥിത്തൊഴിലാളികളുടെ തിരിച്ചുപോക്ക് ബാധിച്ചു. അനുബന്ധപാതാ നിർമാണത്തിലേർപ്പെട്ടിരുന്ന 60 ബംഗാളികളാണ് പണിയുപേക്ഷിച്ച് ഏതാനും ദിവസംമുൻപ് മടങ്ങിയത്. നിർമാണം നീണ്ടുപോകാതിരിക്കാൻ തിരഞ്ഞെടുപ്പു നടക്കാത്ത സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളെ എത്തിച്ച് ഏറക്കുറെ പ്രശ്നം പരിഹരിച്ചു. ഝാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളെ എത്തിച്ചാണ് പണി നടത്തുന്നത്.

പൗരത്വം പോകുമെന്ന് ഭയന്നു; കയർ കമ്പനിയിൽനിന്ന് 40 പേർ മടങ്ങി

മുഹമ്മയിലെ ഒരു കയർ കമ്പനിയിൽ 85 അതിഥിത്തൊഴിലാളികളാണ് ജോലിചെയ്യുന്നത്. ഇതിൽ 40 പേരും ബംഗാളികളാണ്. ഇവരെല്ലാം അവരുടെ നാട്ടിലേക്കു മടങ്ങി. ഇത്തവണ വോട്ടുചെയ്യാൻ എത്തിയില്ലെങ്കിൽ പൗരത്വം നഷ്ടപ്പെടുമെന്ന് ആരോ ഭയപ്പെടുത്തിയതോടെയാണ് അവർ കൂട്ടത്തോടെ മടങ്ങിയത്. പശ്ചിമേഷ്യൻ സംഘർഷം നടക്കുന്നതിനാൽ കയറ്റുമതി കുറഞ്ഞതിനാൽ തൊഴിലാളികളുടെ തിരിച്ചുപോക്ക് കയർ കമ്പനിയെ ബാധിച്ചിട്ടില്ല. പുല്ലുവെട്ടുമേഖലയിൽ ജോലിചെയ്തിരുന്ന ബംഗാളികളും സ്ഥലംവിട്ടു.

പണം അനുവദിച്ചപ്പോൾ റോഡുപണിക്കാളില്ല

റോഡുപണികൾക്ക് സാമ്പത്തികവർഷം അവസാനം പണം അനുവദിച്ചു വന്നപ്പോൾ തൊഴിലാളികളെ കിട്ടാത്ത അവസ്ഥയാണ് ചെങ്ങന്നൂർ മേഖലയിൽ. മഴയ്ക്കുമുൻപ് പണി തീർക്കാൻ കരാറുകാർ എല്ലാം സജ്ജമാക്കിയതാണ്. എന്നാൽ, ബംഗാളി തൊഴിലാളികൾ സ്ഥലംവിട്ടതോടെ പലയിടത്തും പണി നിലച്ചു. ടാറിങ് ഉൾപ്പെടെയുള്ള ജോലികളേറെയും ഇപ്പോൾ ചെയ്യുന്നത് ബംഗാളി തൊഴിലാളികളാണ്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ചയും ബംഗാളിലേക്കു മടങ്ങാൻ തൊഴിലാളികളുടെ വലിയ തിരക്കായിരുന്നു.

അസംകാരനെ തിരിച്ചെത്തിക്കാൻ എം.പി. ക്വാട്ടയ്ക്കുവരെ ശ്രമം

ഏപ്രിൽ ആദ്യവാരമാണ് ചേർത്തല ഹോട്ട് പ്ലേറ്റ് ബേക്കറിയിൽ ചായ അടിക്കുന്ന അസംകാരനായ തൊഴിലാളി നാട്ടിലേക്കു മടങ്ങിയത്. ഒൻപതിന് വോട്ടെടുപ്പു കഴിഞ്ഞെങ്കിലും ഇയാൾക്ക് തിരിച്ചെത്താനായില്ല. തീവണ്ടികളിലെല്ലാം വലിയ തിരക്കാണ്. റിസർവേഷൻ കിട്ടുന്നില്ല. ഒടുവിൽ, എം.പി. ക്വാട്ടയിലെങ്കിലും തൊഴിലാളിക്ക് ടിക്കറ്റ് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ബേക്കറി ഉടമ ദിനു. കാരണം, അസംകാരനായ ഈ തൊഴിലാളിയെപ്പോലെ നന്നായി ചായ അടിക്കുന്ന വേറെ ആളെ കിട്ടാനില്ലെന്നാണ് ഉടമ പറയുന്നത്. എരമല്ലൂരുകാരനായ കരാറുകാരൻ 27 ബംഗാളി തൊഴിലാളികൾക്ക് ഒന്നിച്ചാണ് വോട്ടുചെയ്യാൻ പോകാൻ ടിക്കറ്റെടുത്തു നൽകിയത്. മടക്ക ടിക്കറ്റും നൽകിയിട്ടുണ്ട്.

വീട്ടുകാർ നിർബന്ധിച്ചു; അവർ മടങ്ങി

ഹരിപ്പാട്ടെ ഒരു ഹോട്ടലിൽനിന്ന് ബംഗാളികളടക്കം 20 ഇതരസംസ്ഥാന തൊഴിലാളികളാണ് വോട്ടുചെയ്യാനായി പോയത്. തിരിച്ചെത്താൻ വീട്ടുകാർ തൊഴിലാളികളെ നിരന്തരം വിളിച്ച് നിർബന്ധിക്കുകയായിരുന്നു. വോട്ടുചെയ്താൽ പണം കിട്ടുമെന്നും ചെയ്തില്ലെങ്കിൽ പൗരത്വം പോകുമെന്നുമൊക്കെ പറഞ്ഞതോടെയാണ് പലരും മടങ്ങിയത്. ഇതോടെ ഹോട്ടൽ നടത്തിക്കൊണ്ടുപോകാൻ ഏറെ ബുദ്ധിമുട്ടായെന്ന് ഉടമ പറയുന്നു.

ചീഫ് സെക്രട്ടറി യോഗം വിളിക്കണം

തൊഴിലാളികളുടെ കൂട്ട പലായനം, പശ്ചിമേഷ്യൻ യുദ്ധം, അത്യുഷ്ണം തുടങ്ങിയവ നിർമാണമേഖലയിൽ സൃഷ്ടിച്ചിരിക്കുന്ന അസാധാരണ പ്രതിസന്ധിക്കു പരിഹാരം കാണാൻ ചീഫ് സെക്രട്ടറി ഉടൻ യോഗം വിളിക്കണം. ബംഗാളിൽനിന്നുള്ള തൊഴിലാളികൾ മേയ് അവസാനത്തോടുകൂടി മാത്രമേ മടങ്ങിയെത്തൂ. അതുവരെ നിർമാണം മുടങ്ങുന്ന സ്ഥിതിയാണ്. പശ്ചിമേഷ്യൻ യുദ്ധംമൂലം പൊതുമേഖലാ സ്ഥാപനങ്ങൾ ടാറിന്റെ വില ഗണ്യമായി വർധിപ്പിച്ചു. ടൈലുകൾ, ഇലക്‌ട്രിക്കൽ ഇനങ്ങൾ തുടങ്ങിയവയുടെ വില കൂടിയതും നിർമാണമേഖലയെ പ്രതിസന്ധിയിലാക്കുന്നു-വർഗീസ് കണ്ണമ്പള്ളി, സംസ്ഥാന പ്രസിഡന്റ്, കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ

ഹോട്ടൽ മേഖലയിൽ വലിയ പ്രതിസന്ധി

ബംഗാൾ സ്വദേശികളായ തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയതിനെത്തുടർന്ന് ഹോട്ടൽ മേഖല വലിയ പ്രതിസന്ധിയിലാണ്. പല ഹോട്ടലുകളും പ്രവർത്തിക്കാനാകാത്ത സ്ഥിതിയാണ്. കഴിഞ്ഞദിവസങ്ങളിലായി കൂടുതൽ പേർ മടങ്ങി-വി. മുരളീധരൻ, ജില്ലാ കമ്മിറ്റിയംഗം, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ