
മേപ്പാടി: ജൂലായും ഓഗസ്റ്റും മലയോരവാസികളുടെ ഉറക്കംകളയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മഴത്തുള്ളികൾ കനത്തുപെയ്താൽ അവർ ഉറങ്ങാതെ നേരം വെളുപ്പിക്കുകയാണ്. മലയോരത്ത് മഴ കലിതുള്ളി പെയ്തപ്പോഴൊക്കെ ഉരുൾദുരന്തം മലയിറങ്ങി വന്ന് അവർക്ക് താങ്ങാനാവാത്ത ആഘാതമേൽപ്പിച്ചിട്ടുണ്ട്. അതു കൊണ്ടുതന്നെ വർഷകാലത്തെ, പ്രത്യേകിച്ച് ജൂലായ്, ഓഗസ്റ്റ് മാസങ്ങളെ അവർക്ക് ഭയമാണ്.
ചൊവ്വാഴ്ച മണ്ണിടിച്ചിൽ ദുരന്തമുണ്ടായ മീനാക്ഷിയിലും രാവിലെമുതൽ കനത്ത മഴയാണ് പെയ്തതെന്ന് നാട്ടുകാർ പറഞ്ഞു. ഈ സമയം മേപ്പാടി, കല്പറ്റ എന്നിവിടങ്ങളിൽ മഴ കുറവായിരുന്നു. മീനാക്ഷി, കള്ളാടി, തൊള്ളായിരംകണ്ടി, കാശ്മീർ, പുത്തുമല, ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നീ പ്രദേശങ്ങളെല്ലാം മലഞ്ചരിവുകളാലും കാട്ടരുവികളാലും താഴ്വരകളാലും സമ്പന്നമായ സ്ഥലങ്ങളാണ്. വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഈ മലയോരങ്ങളിൽ വസിക്കുന്നവർക്ക് പക്ഷേ, മഴക്കാലമായാൽ നെഞ്ചിടിപ്പ് കൂടും.
തുരങ്കമുഖത്തുനിന്ന് മാറ്റിയ മണ്ണ് കുന്നുപോലെ പദ്ധതിസ്ഥലത്ത് ശേഖരിച്ചുവെച്ചിരിക്കുന്നതിൽ നാട്ടുകാർ നേരത്തേതന്നെ ആശങ്ക അറിയിച്ചിരുന്നു. അവരുടെ ആശങ്ക ശരിയായിരുന്നെന്ന് തെളിയിക്കുന്നതായിരുന്നു ചൊവ്വാഴ്ചയുണ്ടായ ദുരന്തം.
തുരങ്കമുഖത്ത് കൂട്ടിയിട്ടിരിക്കുന്ന മൺകൂനകൾ മഴയിൽ താഴേക്ക് പതിച്ചാൽ ഇതിലും വലിയ ദുരന്തങ്ങൾ ആവർത്തിക്കാൻ ഇടയുണ്ടെന്നാണ് നാട്ടുകാരും ജനപ്രതിനിധികളും പറയുന്നത്. കള്ളാടിയിലും തൊള്ളായിരംകണ്ടിയിലും അനധികൃതമായി നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ തടഞ്ഞില്ലെങ്കിൽ നാടിനെ കാത്തിരിക്കുന്നത് താങ്ങാൻ കഴിയാത്ത ദുരന്തമായിരിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
കാണാമറയത്ത് ഇവർ
1. വിക്രം റാണ
2. രാഹുൽ
3. മുഹമ്മദ് ഇമ്രാൻ
4. രാകേഷ്
5. അസറുദീൻ അൻസാരി
മൂകരായി അവർ
മേപ്പാടി: മണ്ണിടിച്ചിൽ ദുരന്തത്തിന്റെ വേദനയിൽ വിറങ്ങലിച്ച് അതിഥിത്തൊഴിലാളികൾ. ദുരന്തത്തെക്കുറിച്ച് പറയാൻ അവർക്ക് വാക്കുകൾ പുറത്തേക്കുവന്നില്ല. രക്ഷപ്പെട്ടു എന്നുമാത്രമാണവർ പറഞ്ഞത്. ജീവനുംകൊണ്ടോടി രക്ഷപ്പെട്ട് ആശുപത്രിയിലെത്തിയ പലർക്കും ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് വ്യക്തമായിട്ടുണ്ടായിരുന്നില്ല. സഹപ്രവർത്തകരായവർക്ക് എന്തെങ്കിലും അപകടംപറ്റിയോ എന്ന ആശങ്കയും ആധിയും ആശുപത്രിക്കിടക്കയിൽ അവരെ അലട്ടി. കണ്ടെയ്‌നർ ബാരക്കിൽ ഉൾപ്പെടെ താമസിച്ചിരുന്നവരാണ് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിയത്. തലനാരിഴയിടയ്ക്കാണ് പലരും ജീവിതത്തിലേക്ക് തിരികെയെത്തിയതും. വലിയൊരു ദുരന്തത്തിൽനിന്ന് രക്ഷപ്പെടാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് അവരെല്ലാം.
എൻജിനിയർ കുഞ്ചു (39), മേപ്പാടി മീനാക്ഷി സ്വദേശി കൂടമ്മാൾ (39), അതിഥിത്തൊഴിലാളികളായ ദിലീപ് (19), രജനീഷ് (27), തന്മയ് ഘോഷ് (28), സൂരജ് യാദവ് (25), ഹിരകുമാർ (32), സഞ്ജയ് ഠാക്കൂർ (35) എന്നിവരാണ് മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടിയത്. ഇതിൽ ദിലീപിനും രജനീഷിനുമാണ് പരിക്ക് കൂടുതൽ. ദിലീപിന്റെ രണ്ട് തുടയെല്ലുകൾ പൊട്ടി, പാദത്തിനും അരക്കെട്ടിനും മുറിവേറ്റു. രജനീഷിന്റെ രണ്ട് തുടയെല്ലിന് പൊട്ടലുണ്ട്. ഇടതുകൈക്ക് മുറിവുണ്ട്. ബാക്കിയുള്ളവർക്ക് ചെറിയ പരിക്കാണ്. രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ മേപ്പാടി എസ്.ഐ. സന്തോഷ് കുമാർ, മണ്ണിടിച്ചിലിൽ അകപ്പെട്ട മീനാക്ഷി സ്വദേശി കൂടമ്മാൾ എന്നിവർ ചൊവ്വാഴ്ചതന്നെ ആശുപത്രി വിട്ടു.
Content Highlights: Severe landslide incident in Meppadi during the 2026 monsoon season., Concerns raised over illegal construction and soil dumping near project sites., Multiple migrant workers and locals injured and hospitalized at Dr. Moopen's Medical College., Ongoing search for missing individuals following the disaster., Urgent warnings for residents in landslide-prone areas like Kalladi and Thollayiramkandi.
Published: 08 Jul 2026, 06:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented