മേപ്പാടി: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കുള്ള തിരച്ചിൽ രാത്രി ഏറെവൈകിയും തുടർന്നു. അഞ്ചുപേരെയാണ് കണ്ടെത്താനുള്ളത്.

To advertise here,

ദേശീയ ദുരന്തനിവാരണ സേനയ്ക്കും ജില്ലയിലെ അഗ്‌നിരക്ഷാസേനാംഗങ്ങൾക്കും പുറമേ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലയിലെ അഗ്‌നിരക്ഷാസേനകളും കണ്ണൂർ കെ.എ.പി. നാല് പോലീസ് സേനയും സ്ഥലത്തുണ്ട്. പാലക്കാട്, തൃശ്ശൂർ ജില്ലകളിൽനിന്നുള്ള അഗ്‌നിരക്ഷാസംഘങ്ങളും മേപ്പാടിയിലെത്തി.

മണ്ണൊലിപ്പിനെ തുടർന്ന് നിലച്ച വൈദ്യുതി കെ.എസ്.ഇ.ബി. പുനഃസ്ഥാപിച്ചതിനാൽ രാത്രിവൈകിയുള്ള രക്ഷാപ്രവർത്തനത്തിന് സഹായകമാണ്. ഇടിഞ്ഞുവീണ മണ്ണിനൊപ്പമുള്ള വലിയ പാറക്കല്ലുകൾ തിരച്ചിലിന് വെല്ലുവിളി സൃഷ്ടിച്ചു.

മണ്ണുമാന്തിയന്ത്രങ്ങൾ ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തിയത്. ഇടയ്ക്കിടെ പെയ്യുന്ന മഴയും കുത്തിയൊലിച്ചെത്തുന്ന വെള്ളവും തിരച്ചിലിന് തടസ്സമായി.

മഴ കനത്താൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാകും. തൊള്ളായിരംകണ്ടിയിലെ റിസോർട്ടുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും കുടുങ്ങിയവർ പാലത്തിലെ മണ്ണ് നീക്കംചെയ്തതോടെ രാത്രി തിരികെമടങ്ങി.

നാല് സോണുകളായി തിരിച്ച് പരിശോധന

മേപ്പാടി: മണ്ണിടിച്ചിലുണ്ടായിടത്ത് ആദ്യം രക്ഷാപ്രവർത്തനത്തിനാണ് മുൻഗണന നൽകുന്നതെന്നും നാലു സോണുകളായി തിരിച്ച് പരിശോധന നടത്തുമെന്നും മന്ത്രി ടി. സിദ്ദിഖ്. മണ്ണിടിച്ചിലിൽ പരിക്കേറ്റ് മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളവരെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാണാതായവരെ എത്രയുംവേഗം കണ്ടെത്തുകയാണ് ലക്ഷ്യം. അതിനായി 66 അംഗ എൻ.ഡി.ആർ.എഫ്. ടീമും ഫയർ ആൻഡ് റസ്‌ക്യു അധികൃതരും പോലീസും സിവിൽ ഡിഫൻസ് വൊളന്റിയർമാരുടെയുമെല്ലാം സേവനം ലഭ്യമാക്കും. മരിച്ചവരുടെ മൃതദേഹം വിമാനമാർഗം അവരുടെ നാട്ടിലെത്തിക്കും. കുടുംബാംഗങ്ങളെയും ഒപ്പംകൊണ്ടുപോകും. മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട റോഡ് ഗതാഗതം അടിയന്തരമായി പുനഃസ്ഥാപിക്കുമെന്നും അതിനായി അധിക ഉപകരണങ്ങൾ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

മണ്ണിടിച്ചിലിന്റെ കാര്യകാരണങ്ങൾ തുടങ്ങിയവ പിന്നീട് പരിശോധിക്കുമെന്നും കാണാതായവരെ എത്രയുംവേഗം കണ്ടെത്തുമെന്നും അതിനുള്ള കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നും മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. രാത്രിയിൽ ദുരന്തപ്രദേശം സന്ദർശിച്ചശേഷമാണ് മന്ത്രിമാർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചത്. ശേഷം ആശുപത്രിയിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ അവലോകനയോഗവും ചേർന്നു.

ഉഷാ വിജയൻ എം.എൽ.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ, കളക്ടർ ഡി.ആർ. മേഘശ്രീ, ഡി.ഐ.ജി. കെ. കാർത്തിക്, ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ തുടങ്ങിയവർ സംസാരിച്ചു.

ഇന്നും കനത്തമഴയ്ക്കു സാധ്യത വയനാട്ടിൽ മഞ്ഞ മുന്നറിയിപ്പ്

തിരുവനന്തപുരം: ബുധനാഴ്ചസംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയും മഞ്ഞ മുന്നറിയിപ്പുണ്ട്.

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ ബുധനാഴ്ച രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലേറ്റ സാധ്യതയുണ്ട്.

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്ചവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.