കുറുപ്പംപടി: കാണാതായ 13 കാരിയെ ഒഡിഷയിലെ നക്‌സൽ ബാധിത മേഖലയിൽ നിന്ന് സാഹസികമായി കണ്ടെത്തി രക്ഷപ്പെടുത്തി കുറുപ്പംപടി പോലീസ്. 4000 കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ചാണ് പ്രത്യേക അന്വേഷണ സംഘം കുട്ടിയെ കണ്ടെത്തിയത്. ഒഡിഷ സ്വദേശികളുടെ മകളെയാണ് കുറുപ്പംപടി മേതലയിൽ നിന്ന് കാണാതായത്. ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

To advertise here,

കഴിഞ്ഞ 13-ന് വൈകീട്ടാണ് പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ കുറുപ്പംപടി പോലീസിൽ പരാതി നൽകിയത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് മേതലയിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തിയെങ്കിലും സൂചന ലഭിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെ കുറിച്ച് വിവരം ലഭിച്ചു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സേലത്തെ കമ്പനിയിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി കുട്ടിക്ക് സൗഹൃദമുണ്ടെന്ന് പോലീസ് മനസ്സിലാക്കി.

സേലത്തെത്തി അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. സൗഹൃദത്തിലായിരുന്ന യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ അന്വേഷണം വഴിമുട്ടി. ഇതേത്തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദേശപ്രകാരം പ്രത്യേക സംഘം ഒഡിഷയിലേക്ക് തിരിച്ചു. ഒഡിഷയിലെ അന്വേഷണത്തിലാണ് കുട്ടി അലോക് എന്ന യുവാവിനൊപ്പം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിലുണ്ടെന്ന വിവരം ലഭിച്ചത്.

18-ന് പോലീസ് സംഘം ഒഡിഷയിലെത്തിയെങ്കിലും പ്രദേശം നക്‌സൽ ബാധിത മേഖലയാണെന്നും യാത്ര അപകടകരമാണെന്നും മനസ്സിലാക്കി. പകൽ സമയത്ത് പോലീസ് വാഹനങ്ങൾ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് പ്രായോഗികമല്ലെന്ന് ബഞ്ചനഗർ പോലീസ് അറിയിച്ചു. തുടർന്ന് അർധരാത്രിയോടെയായിരുന്നു പോലീസിന്റെ അടുത്ത നീക്കം. എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിൽ ആയുധധാരികളായ എട്ട് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തോടൊപ്പം നിയോഗിച്ചു. സുരക്ഷയ്ക്കായി കുറുപ്പംപടി സംഘത്തിനും ആയുധങ്ങൾ നൽകി.

വനമേഖലയിലൂടെ 40 കിലോമീറ്റർ സഞ്ചരിച്ച് രാത്രി 12 മണിയോടെ ലക്ഷ്യസ്ഥാനത്തിന് ഒരു കിലോമീറ്റർ അകലെ വാഹനങ്ങൾ നിർത്തി. തുടർന്ന് ഒറ്റനിരയായി കാട്ടിലൂടെ നടന്ന് സ്ഥലത്തെത്തി. കാട്ടിലെ അഞ്ച് വീടുകളിൽ അലോകിന്റെ വീട് കണ്ടെത്തുക എളുപ്പമായിരുന്നില്ല. ഒടുവിൽ വീട് തിരിച്ചറിഞ്ഞ് പോലീസ് വളഞ്ഞു. സമീപവാസികളും ഉണർന്നെത്തിയതോടെ ചെറിയ വാക്കുതർക്കമുണ്ടായെങ്കിലും ഇതിനിടെ അലോകിനെയും പെൺകുട്ടിയെയും കണ്ടെത്തി. അപകടസാധ്യത നിറഞ്ഞ മേഖലയിൽ നിന്ന് ഇരുവരെയും സുരക്ഷിതമായി ബഞ്ചനഗർ പോലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നീട് സംഘം പെൺകുട്ടിയുമായി കേരളത്തിലെത്തി.

സബ് ഇൻസ്‌പെക്ടർ കെ.എം. അബി, സീനിയർ സി.പി.ഒ.മാരായ എൻ.പി. ബിന്ദു, അരുൺ കെ. കരുണൻ, രജിത് രാം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.