
ചാലക്കുടി: കേരളത്തിൽ ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ(57) അന്തരിച്ചു. തൃശ്ശൂർ ചാലക്കുടിക്കടുത്ത് പരിയാരം സ്വദേശിയായ മാത്യുവിന് 2015 ജൂലൈ 24-നാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
ഹൃദയപേശികൾ ദുർബലമാവുകയും രക്തം പമ്പ് ചെയ്യാനുള്ള ശേഷി കുറയുകയും ചെയ്യുന്ന 'ഡൈലേറ്റഡ് കാർഡിയോമയോപ്പതി' (dilated cardiomyopathy) ബാധിച്ചാണ് മാത്യുവിനെ ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആഴ്ചകളോളം നീണ്ട പരിശോധനകൾക്കും ചികിത്സയ്ക്കും ശേഷം അച്ചാടന്റെ അവസ്ഥ മാറ്റമില്ലാതെ തുടർന്നതോടെ ഹൃദയം മാറ്റിവെക്കൽ മാത്രമാണ് ഏക പോംവഴിയെന്ന് വ്യക്തമായി. തുടർന്ന് അദ്ദേഹത്തെ കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിംഗിന്റെ (KNOS) വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെടുത്തി
ഈ കാത്തിരിപ്പ് കാലയളവിൽ അദ്ദേഹത്തിന്റെ കുടുംബം വലിയ മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോയത്. കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായിരുന്ന മാത്യുവിനെ സഹായിക്കാൻ പരിയാരത്തെ നാട്ടുകാർ ഒത്തുചേർന്നു. അന്നത്തെ പഞ്ചായത്ത് മെമ്പർ ഡാലി വർഗീസ്, അധ്യാപകനായ പി.വി. ഷിബു എന്നിവരുടെ നേതൃത്വത്തിൽ ഒരു ചികിത്സാ സഹായ സമിതി രൂപീകരിച്ചു. അവർ പണം സമാഹരിക്കുകയും മാനസിക പിന്തുണ നൽകുകയും ചെയ്തു.
ഇതിനിടെ മാത്യുവിന്റെ ആരോഗ്യം വഷളാവുകയും ശ്വാസകോശ സംബന്ധമായ തടസ്സങ്ങൾ നേരിടുകയും ചെയ്തതോടെ ശസ്ത്രക്രിയ കൃത്യസമയത്ത് നടക്കുമോ എന്ന കാര്യത്തിൽ വലിയ ആശങ്കയുണ്ടായി. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് മസ്തിഷ്‌കാഘാതം മൂലം മരണം സംഭവിച്ച നീലകണ്ഠ ശർമ എന്ന യുവ അഭിഭാഷകന്റെ ഹൃദയം ലഭ്യമാണെന്ന വിവരം അറിയുന്നത്. അദ്ദേഹത്തിന്റെ കുടുംബം അവയവദാനത്തിന് സമ്മതിക്കുകയും ആ ഹൃദയം മാത്യുവിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു.
എന്നാൽ, ഹൃദയം തിരുവനന്തപുരത്തുനിന്ന് എറണാകുളത്ത് എത്തിക്കുക എന്നതായിരുന്നു വലിയ വെല്ലുവിളി. റോഡ് മാർഗം ഹൃദയം എത്തിക്കാൻ ഏകദേശം നാല് മണിക്കൂർ എടുക്കുമെന്നതും അക്കാലത്തെ റോഡിന്റെ അവസ്ഥയും ശസ്ത്രക്രിയയുടെ വിജയത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് എയർ ആംബുലൻസ് എന്ന ആശയം മുന്നോട്ടുവരുന്നത്.
പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് പിന്നീട് കാര്യങ്ങൾ നടന്നത്. എറണാകുളം ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ കാർഡിയാക് സർജറി വിഭാഗം മേധാവിയായിരുന്നു അദ്ദേഹം. നേവിയിലുള്ള തന്റെ ബന്ധു മുഖേന ഡോ. പെരിയപ്പുറം ഹെലികോപ്റ്ററിനായി ശ്രമിച്ചു. ഹൈബി ഈഡൻ എം.എൽ.എ. വഴി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബന്ധപ്പെടുകയും ജില്ലാ കളക്ടറുടെയും നേവി ഉദ്യോഗസ്ഥരുടെയും ഏകോപനത്തിലൂടെ അനുയോജ്യമായ വിമാനം ക്രമീകരിക്കുകയും ചെയ്തു.
ആദ്യം നേവി നൽകിയ ഹെലികോപ്റ്ററിൽ രണ്ട് പേർക്ക് മാത്രമേ യാത്ര ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. അതിനാൽ ആറ് പേരെയും മെഡിക്കൽ ഉപകരണങ്ങളും വഹിക്കാൻ ശേഷിയുള്ള ഒരു ഡോണിയർ വിമാനം (Dornier aircraft) വിട്ടുനൽകാൻ പിന്നീട് തീരുമാനമായി. രാത്രി വൈകി നടന്ന നിരവധി ഫോൺ കോളുകൾക്കൊടുവിലാണ് ശസ്ത്രക്രിയയുമായി മുന്നോട്ട് പോകാൻ വഴി തെളിഞ്ഞത്. ഡോ. പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ഡോണിയർ വിമാനത്തിൽ തിരുവനന്തപുരത്തേക്ക് പറന്നു. മിലിട്ടറി റൺവേയിൽ ഇറങ്ങിയ അവരെ വലിയൊരു മാധ്യമസംഘം സ്വീകരിച്ചു.
ഹൃദയം സ്വീകരിക്കുന്നതിന് മുൻപ് ഡോക്ടർമാർ അവയവദാതാവായ നീലകണ്ഠ ശർമ്മയുടെ കുടുംബത്തെ കണ്ട് നന്ദി അറിയിച്ചു. ശസ്ത്രക്രിയാ മുറിയിൽവെച്ച് ദാതാവിന്റെ ഹൃദയധമനികളിൽ അമിതമായ കാൽസ്യം അടിഞ്ഞുകൂടിയതായി കണ്ടെത്തിയത് ഹൃദയത്തിന്റെ അനുയോജ്യതയെക്കുറിച്ച് ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ, പുതുതായി വാങ്ങിയ ഫ്‌ലൂറോസ്‌കോപ്പി മെഷീൻ ഉപയോഗിച്ച് ആൻജിയോഗ്രാം ചെയ്യാൻ ഡോക്ടർമാർ തീരുമാനിച്ചു. ഹൃദയധമനികളിൽ തടസ്സങ്ങളില്ലെന്ന് ആൻജിയോഗ്രാം സ്ഥിരീകരിച്ചതോടെയാണ് ശസ്ത്രക്രിയയുമായി മുന്നോട്ട് പോകാൻ സാധിച്ചത്.
മെഡിക്കൽ സംഘം വിമാനത്താവളത്തിലേക്ക് തിരികെ എത്തുകയും വെറും 13 മിനിറ്റിനുള്ളിൽ തിരുവനന്തപുരം എയർപോർട്ടിൽ എത്തുകയും ചെയ്തു. അവിടെനിന്ന് പറന്നുയർന്ന ഡോണിയർ വിമാനം 35 മിനിറ്റിനുള്ളിൽ കൊച്ചിയിലെത്തി. എയർപോർട്ടിൽ ഇറങ്ങിയ ഉടൻ ആംബുലൻസിന് വേഗത്തിൽ ആശുപത്രിയിൽ എത്താനായി തിരക്കേറിയ എം.ജി. റോഡിൽ പോലീസ് 'ഗ്രീൻ കോറിഡോർ' ഒരുക്കി. അർദ്ധരാത്രിയോടെ മാത്യുവിന്റെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. അദ്ദേഹത്തിന് പുതിയ ജീവിതം ലഭിച്ചു.
സംസ്ഥാന സർക്കാരാണ് വ്യോമഗതാഗതത്തിനുള്ള ചെലവ് വഹിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇതിനായി ആറുലക്ഷം രൂപ അനുവദിച്ചു. എയർ ആംബുലൻസിന്റെ ചെലവ് സർക്കാർ വഹിക്കുമെന്ന ഉമ്മൻ ചാണ്ടിയുടെ പ്രഖ്യാപനം വലിയ ആശ്വാസമാണ് വീട്ടുകാർക്കും നാട്ടുകാർക്കും നൽകിയത്.
എറാം ഗ്രൂപ്പിലെ വ്യവസായി സിദ്ദിഖ് അഹമ്മദ് വിമാനത്തിന്റെ ചെലവ് വഹിക്കാമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും സർക്കാർ പണം അനുവദിക്കുകയായിരുന്നു. പരിയാരത്തെ നാട്ടുകാർ ശസ്ത്രക്രിയയ്ക്കായി വിവധയിടങ്ങളിൽനിന്ന് പണം സമാഹരിച്ചു. ആദ്യഘട്ടത്തിൽ 50,000 രൂപ സമാഹരിച്ച സഹായ സമിതി, ഹൃദയം ലഭ്യമാകുമ്പോഴേക്കും 15 ലക്ഷം രൂപയോളം കണ്ടെത്തിയിരുന്നു. ബാക്കി വന്ന തുക സിദ്ദിഖ് അഹമ്മദ് നൽകി.
വർഷങ്ങൾക്കിപ്പുറം, ഭാര്യയോടും രണ്ട് മക്കളോടുമൊപ്പം സന്തോഷകരമായ ജീവിതം നയിച്ചുവരികയായിരുന്നു മാത്യു അച്ചാടൻ.
Content Highlights: Mathew Achadan was the first patient in Kerala to receive a donor heart via air ambulance. The historic 2015 procedure was led by renowned surgeon Dr. Jose Chacko Periyapuram. The mission utilized a Dornier aircraft and a police green corridor to ensure timely delivery. The state government covered the air transport costs, and local community support was vital. Achadan lived a healthy life for years following the successful heart transplant.
Published: 27 Apr 2026, 11:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented