
അമൃതപുരി: സമൂഹത്തിന്റെ എല്ലാ മേഖലകളിലും മാതാ അമൃതാനന്ദമയി ദേവി നടത്തുന്ന കാരുണ്യ-സേവന പ്രവർത്തനങ്ങൾ മാതൃകാപരവും അഭിമാനകരവുമാണെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. വിശ്വസേവദിനാഘോഷ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
മനുഷ്യന്റെ ഭൗതികമായ ദാരിദ്ര്യം മാറ്റാൻ പണവും ഭക്ഷണവും സഹായങ്ങളും കൊണ്ട് സാധിക്കും. എന്നാൽ, ആന്തരിക ദാരിദ്ര്യം മാറ്റണമെങ്കിൽ മനുഷ്യരിൽ സ്നേഹവും ഈശ്വരവിശ്വാസവും മൂല്യങ്ങളും വളരേണ്ടതുണ്ട് എന്നാണ് അമ്മ പറയുന്നത്. സമൂഹത്തിന്റെ ഈ രണ്ട് ദാരിദ്ര്യവും മാറ്റാനാണ് അമ്മയുടെ ഒരോ കർമ്മ പദ്ധതികളുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. അതുകൊണ്ടുതന്നെ അമ്മ ഒരു മഹാത്ഭുമാണെന്ന് പറയേണ്ടിവരുമെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.
ചടങ്ങിൽ നേപ്പാൾ ദുരന്തമേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മാതാ അമൃതാനന്ദമയി മഠം നൽകുന്ന രണ്ട് കോടി രൂപ ഇന്ത്യയിലെ നേപ്പാൾ അംബാസിഡർ ഡോ. സുരേന്ദ്രഥാപയ്ക്ക് കൈമാറി. കൂടാതെ തൃശ്ശൂർ വെടിക്കെട്ട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും കടൽക്ഷോഭത്തെ തുടർന്ന് കൊല്ലം നീണ്ടകരയിലും തിരുവനന്തപുരം മുതലപ്പൊഴിയിലുമുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനുമുള്ള ധനസഹായവും ചടങ്ങിൽ കൈമാറി.
അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന സൌജന്യ അവയവമാറ്റ ശസ്ത്രക്രിയകൾ ഉൾപ്പടെയുള്ള ചികിത്സാ സഹായത്തിന് അർഹരായവർക്കുള്ള സാക്ഷ്യപത്രവും മഠത്തിന് കീഴിലുള്ള സ്വാശ്രയ സംഘങ്ങൾക്കുള്ള ധനസഹായവും, പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി നടന്ന സമൂഹവിവാഹത്തിൽ പങ്കെടുത്തവർക്കുള്ള സ്വർണാഭരണങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യന്ത്രി വിഡി സതീശൻ, കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായിഡു, പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, നേപ്പാൽ അംബാസഡർ സുരേന്ദ്ര താപ, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മന്ത്രിമാരായ എം ലിജു, പി സി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, മോൻസ് ജോസഫ്, എം പിമാരയ എൻ കെ പ്രേമചന്ദ്രൻ, ശശിതരൂർ, എം എൽ എ സി ആർ മഹേഷ്, വെള്ളാപ്പള്ളി നടേശൻ, താരാ നാഥ് അധികാരി, രാമകൃഷ്ണ മഠത്തിലെ സ്വാമി നന്ദാത്മജാനന്ദ, സ്വാമി സത്സ്വരൂപാനന്ദ, ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മഹാമണ്ഡലേശ്വർ, സ്വാമി ആനന്ദവനം ഭാരതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് അമ്മയുടെ കാർമ്മികത്വത്തിൽ 25 പേരുടെ സമൂഹവിവാഹവും നടന്നു. ചടങ്ങിന്‍റെ ഭാഗമായി സ്വാമി തുര്യാമൃതാനന്ദപുരി രചിച്ച ശിവം സുന്ദരം എന്ന പുസ്തകമടക്കം മൂന്ന് പുസ്തകങ്ങളുടെ പ്രകാശന കർമ്മവും അമ്മയുടെ 73 ാം പിറന്നാൾ ദിനത്തോടനുബന്ധിച്ച് പോസ്റ്റൽ വകുപ്പ് പുറത്തിയ പ്രത്യേക സ്റ്റാമ്പ് പോസ്റ്റ്മാസ്റ്റർ ജനറൽ അമിതാഭ് സിംഗ് അമ്മയ്ക്ക് നൽകി പ്രകാശനം ചെയ്തു.
രാവിലെ മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ഗുരുപാദുക പൂജയും അമ്മയുടെ അനുഗ്രഹ പ്രഭാഷണവും നടന്നു. ചടങ്ങുകൾക്ക് ശേഷം മഹോത്സവത്തിൽ പങ്കെടുക്കാനായി എത്തിയ പതിനായിരങ്ങൾക്ക് അമ്മ ദർശനം നൽകി.
അമ്മയുടെ ഒരു പുഞ്ചിരി നൽകുന്നത് വലിയ ഊർജ്ജവും ആത്മവിശ്വാസവും- സ്വാമി അമൃതസ്വരൂപാനന്ദപുരി
അമ്മയുടെ ജന്മദിനം ലോകമെമ്പാടുമുള്ള അമ്മയുടെ മക്കൾ ഹൃദയത്തിലാണ് കുറിച്ചു വെയ്ക്കുന്നതെന്നും അമ്മയുമായുള്ള വൈകാരിക ബന്ധത്തെയാണ് അത് സൂചിപ്പിക്കുന്നത് എന്നും മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു. വിശ്വസേവാദിനാഘോഷത്തിൽ സത്സംഗം നടത്തുകയായിരുന്നു സ്വാമിജി. അമ്മയുടെ ഒരു പുഞ്ചിരി മാത്രം മതി പലരുടെയും വിഷമങ്ങളും സംശയങ്ങളും അകറ്റാൻ. അതിന്‍റെ ആഴവും പരപ്പും അത്ര വലുതാണ് എന്നും സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.
അമ്മ വിശ്വസ്നേഹത്തിന്‍റെ പ്രതീകം- കേന്ദ്ര വ്യോമയാനമന്ത്രി രാം മോഹൻ നായിഡു
ദുഖമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുന്ന മാതാ അമൃതാനന്ദമയി ദേവി വിശ്വസ്നേഹത്തിന്‍റെ പ്രതീകമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി രാം മോഹൻ നായിഡു പറഞ്ഞു. അമ്മയുടെ പിറന്നാൾ ആഘോഷം ഒരു പാട് പേരുടെ ജീവിതത്തിന് സന്തോഷവും പ്രകാശവും പകരുന്നു. അവിടെ ഒരു പിറന്നാൾ ദിനം വിശ്വസേവനദിനമായി മാറുകയാണെന്നും അമ്മയുടെ ജീവിതം നിസ്വാർത്ഥ സേവനത്തിന്‍റെ നേർ സാക്ഷ്യമാണെന്നും പുതിയ തലമുറ അത് മാതൃകയാക്കണമെന്നും രാം മോഹൻ നായിഡു വ്യക്തമാക്കി.
അമ്മ കാരുണ്യത്തിന്‍റെ മഹാസാഗരം- മുഖ്യമന്ത്രി വി ഡി സതീശൻ
അമൃതപുരി: വിശ്വസേവാദിനത്തിലൂടെ വാക്കിലല്ല പ്രവൃത്തിയിലാണ് കാര്യം എന്ന് അമ്മ ബോധ്യപ്പെടുത്തുകയാണ് എന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. കാരുണ്യത്തിന്‍റെ മഹാസാഗരമാണ് അമ്മ. ആ കാരുണ്യം വിശ്വം മുഴുവൻ പരക്കുന്ന കാഴ്ചയാണ് ഈ പിറന്നാൾ ദിനത്തിൽ കാണുന്നത്. സദ്ഭരണം കാഴ്ചവെയ്ക്കാൻ അമ്മ നൽകുന്ന പ്രേരണയും പ്രോത്സാഹനവും മഹത്വരമാണെന്നും മുഖ്യന്ത്രി പറഞ്ഞു.
സമൂഹസേവനം അമ്മയുടെ ജീവിതവ്രതം- ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
സമൂഹത്തെ ധർമ്മപാതയിൽ നയിക്കുന്ന മഹാഗുരുവാണ് അമ്മയെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. സേവനമാണ് പരമധർമ്മമെന്നാണ് അമ്മ പഠിപ്പിക്കുന്നത് അത് തന്നെയാണ് സനാതനധർമ്മവും പറയുന്നത്. എന്നും ഗവർണർ വ്യക്തമാക്കി.
പ്രളയത്തിൽ തകർന്ന നേപ്പാളിനെ പുനർ നിർമ്മിക്കാനായി മാതാ അമൃതാനന്ദമയി മഠം നൽകിയ രണ്ട് കോടി രൂപ വിലമതിക്കാനാകാത്തത് എന്ന് നേപ്പാൾ അംബാസിഡർ സുരേന്ദ്ര ഥാപ്പ. അമ്മയ്ക്ക് ആയുർ ആരോഗ്യ സൗഖ്യങ്ങൾ നേരുന്നുവെന്നും ഈ കരുതൽ നേപ്പാൾ ജനത മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Vice President C.P. Radhakrishnan praised Mata Amritanandamayi Devi's humanitarian services at Amritapuri., Launched Rs 50 crore worth of charitable service projects by Mata Amritanandamayi Math., Financial aid was distributed for Nepal flood victims, Thrissur fireworks disaster, and fishermen boat accident victims., Commemorative events included mass marriages, book releases, and a special postal stamp for Mata Amritanandamayi's 73rd birthday.
Published: 27 Sept 2026, 05:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented