ലുധിയാന (പഞ്ചാബ്): ജലന്ധറിലെ ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായെന്ന വാർത്ത പുറത്തുവന്നതിനുപിന്നാലെ വൻ വിദ്യാർഥി പ്രക്ഷോഭവും അക്രമസംഭവങ്ങളും. ഒരു വിദ്യാർഥി വ്യോമസേനയുടെ മിഗ്-23 യു.എം. വിമാനത്തിന് മുകളിൽ കയറി പ്രതിഷേധിച്ചപ്പോൾ, പത്തോളം വിദ്യാർഥികൾ കാമ്പസിലെ സൈനിക ടാങ്കിനും മുകളിൽക്കയറിയും പ്രതിഷേധമറിയിച്ചു. സർവകലാശാല കെട്ടിടത്തിനും വാഹനങ്ങൾക്കും തീയിടുകയും കടകളുൾപ്പെടെ അടിച്ചുതകർക്കുകയും ചെയ്തു.
സർവകലാശാല ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടി ബലാത്സംഗത്തിനിരയായെന്നും വിവരമറിയിച്ചിട്ടും ഹോസ്റ്റൽ വാർഡൻ നടപടിയെടുത്തില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. സെപ്റ്റംബർ 24-നാണ് സംഭവം നടന്നത്. യൂണിവേഴ്സിറ്റിയിലെ തൊഴിലാളിയാണ് അതിക്രമം നടത്തിയതെന്ന് വാർഡനെ അറിയിച്ചിരുന്നു. നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ജലന്ധർ-ഫഗ്‌വാര ദേശീയപാത ഉപരോധിച്ചതോടെ പ്രദേശം പൂർണമായും ഗതാഗതക്കുരുക്കിലായി.
പിന്നാലെ പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായി ജലന്ധർ റെയ്ഞ്ച് ഡി.ഐ.ജി. നവീൻ സിംഗ്ല അറിയിച്ചു. അക്രമം നടത്തിയ അജ്ഞാതനായ വ്യക്തിക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് കേസന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഹോസ്റ്റലുകളിൽ വനിതാ ജീവനക്കാരെമാത്രം നിയമിക്കുക, അടിയന്തര നടപടികൾ സ്വീകരിക്കുക തുടങ്ങി വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങളിൽ പേലീസും സർവകലാശാല മാനേജ്‌മെന്റും ചർച്ചകൾ നടത്തിവരികയാണ്. ദിവസങ്ങൾക്കുമുൻപ് സർവകലാശാലയിൽ ആത്മഹത്യചെയ്ത തെലങ്കാന സ്വദേശിയായ വിദ്യാർഥിയുടെ വിഷയത്തിലും അന്വേഷണം വേണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു.
Published: 27 Sept 2026, 03:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented