
മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ ചികിത്സാപിഴവ് ആരോപണം. എല്ലിന്റെ തേയ്മാനം പരിഹരിക്കാനായി ശസ്ത്രക്രിയയ്ക്ക് വിധേയയായ 73 വയസ്സുകാരി പാർവതിയുടെ വലതുകാലിലെ ഞരമ്പ് മുറിഞ്ഞതായും കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായും കുടുംബം ആരോപിച്ചു. മെയ് ആദ്യവാരം ചികിത്സയ്ക്കായി എത്തിയ വയോധികയെ മെയ് 12-നാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.
മെയ് 12-ന് രാവിലെ ഏഴു മണിക്ക് ശസ്ത്രക്രിയ ആരംഭിക്കുകയും 11 മണിയോടെ ഇവരെ ഐസിയുവിൽനിന്ന് വാർഡിലേക്ക് മാറ്റുകയും ചെയ്തതായി പാർവതിയുടെ ചെറുമകൻ രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, അന്ന് രാത്രി എട്ടരയോടെ കാലിന്റെ നിറം മാറുകയും കടുത്ത വേദനയും തണുപ്പും അനുഭവപ്പെടുകയായിരുന്നു. ഇക്കാര്യം ഡോക്ടർമാരെ അറിയിച്ചെങ്കിലും ആദ്യം കുഴപ്പമില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. എന്നാൽ, പിന്നീട് പെട്ടെന്നുതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ നിർബന്ധിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
തുടർന്ന് പിന്നീട് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെ നടത്തിയ സ്കാനിങ്ങിലാണ് വയോധികയുടെ കാലിലെ ഞരമ്പ് മുറിഞ്ഞതായും അത് മടക്കി സ്റ്റാപ്ലർ വെച്ച് തുന്നി വെച്ചിരിക്കുകയാണെന്നും കുടുംബം തിരിച്ചറിയുന്നത്. ഞരമ്പ് മുറിഞ്ഞതിനെ തുടർന്ന് രക്തയോട്ടം നിലച്ചതാണ് കാലിന്റെ നിറം മാറാൻ കാരണമായത്. നിലവിൽ വയോധികയുടെ കാലുകളുടെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് കുടുംബം പറഞ്ഞു. ഇതിനോടകം അഞ്ചോളം ശസ്ത്രക്രിയകൾ ചെയ്തതായും രണ്ട് ലക്ഷത്തോളം രൂപ ചിലവായെന്നും കുടുംബം പറയുന്നു.
സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കുടുംബം പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഡി.എം.ഒ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, വിവരം ഇപ്പോൾ മാത്രമാണ് അറിഞ്ഞതെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർ നിലവിൽ വിദേശത്തായതിനാൽ അദ്ദേഹവുമായി സംസാരിച്ചശേഷം വിശദീകരണം നൽകാം എന്നുമാണ് മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതരുടെ മറുപടി.
Content Highlights: Alleged nerve injury during surgery at Manjeri Medical College on May 12., Patient transferred to Kozhikode Medical College after post-op complications., Family claims loss of leg mobility and five subsequent surgeries., Official complaint filed with the District Medical Officer (DMO)., Hospital administration cites the surgeon's absence abroad for delay in explanation.
Published: 29 May 2026, 03:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented