കൊച്ചി:മണിയാർ ജലവൈദ്യുത പദ്ധതിയിൽ സംസ്ഥാനത്തിന് പ്രതിവർഷ നഷ്ടം മൂന്ന് കോടി യൂണിറ്റ് വൈദ്യുതി. യൂണിറ്റിന് 10 രൂപ വരെ നൽകാൻ തയ്യാറായിട്ടും വൈദ്യുതി കിട്ടാത്ത സ്ഥിതിയാണിപ്പോൾ. ഇതിനിടെയാണ് യൂണിറ്റിന് 50 പൈസമാത്രം ഉത്പാദനച്ചെലവുള്ള മണിയാർ പദ്ധതിയുടെ കരാർ സ്വകാര്യകമ്പനിക്ക് പുതുക്കിനൽകാനുള്ള നീക്കം. ഈ കരാർ പുതുക്കിയാൽ അതൊരു കീഴ്‌വഴക്കമാവുകയും സംസ്ഥാനത്തെ 49 മെഗാവാട്ടിന്റെ സമാനപദ്ധതികളിലും ഇതേ ആവശ്യം ഉയരുകയും ചെയ്യും.

To advertise here,

സംസ്ഥാനത്തെ ആദ്യ ക്യാപ്റ്റീവ് പവർപ്ലാന്റ് ആണ് പത്തനംതിട്ടയിലെ 12 മെഗാവാട്ടിന്റെ മണിയാർ ജലവൈദ്യുത പദ്ധതി. കാർബോറാണ്ടം യൂണിവേഴ്‌സൽ കമ്പനിക്കാണ് പദ്ധതിയുടെ കരാർ വൈദ്യുതി ബോർഡ് നൽകിയത്. 1994-ൽ ഉത്പാദനം തുടങ്ങി, 30 വർഷം തികയുന്ന 2024 ഡിസംബറിൽ പദ്ധതി ബോർഡിന് തിരികെ കൈമാറേണ്ടതായിരുന്നു. ഒരുവർഷവും നാലുമാസവും കഴിഞ്ഞാണ് പദ്ധതി ഏറ്റെടുക്കാൻ ഊർജവകുപ്പ് ബോർഡിന് നിർദേശം നൽകിയത്. മന്ത്രിസഭാ തീരുമാനപ്രകാരമായിരുന്നു ഇത്. എന്നാൽ, കഴിഞ്ഞദിവസം ചേർന്ന അവസാന മന്ത്രിസഭാ യോഗത്തിൽ 25 വർഷത്തേക്കുകൂടി കമ്പനിക്ക് കരാർ നീട്ടിനൽകണമെന്ന് വ്യവസായ മന്ത്രി പി. രാജീവ് നിലപാടെടുത്തു. ഇതിനെ വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി എതിർത്തു. അതോടെ, പദ്ധതി ഏറ്റെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രി മരവിപ്പിച്ചു.

ഇതാദ്യമായല്ല മണിയാർ പദ്ധതിയെച്ചൊല്ലി വ്യവസായ-ഊർജവകുപ്പുകൾ വിരുദ്ധനിലപാടിലേക്ക് പോകുന്നത്. കരാർ കാലാവധി അവസാനിക്കുന്നതിന് മുൻപും വ്യവസായ വകുപ്പ് കമ്പനിക്കായി ഇടപെട്ടിരുന്നു. ഊർജവകുപ്പ് അതിന് വഴങ്ങിയതുമില്ല. മുൻപ്‌ നിയമസഭയിൽ മന്ത്രി കൃഷ്ണൻകുട്ടി കരാർ നീട്ടിനൽകുന്നതിന് വിരുദ്ധമായ നിലപാട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അന്നും മുഖ്യമന്ത്രി കമ്പനിക്ക് അനുകൂലമായ നിലപാടാണ് എടുത്തത്.

മണിയാർ കരാർ പ്രകാരം അവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി, കാർബോറാണ്ടം കമ്പനിക്കുതന്നെ ഉപയോഗിക്കാമെന്നതായിരുന്നു നിബന്ധന. എന്നാൽ, പിന്നീട് മിച്ചംവരുന്ന വൈദ്യുതി, യൂണിറ്റിന് അഞ്ചുരൂപ നിരക്കിൽ ബോർഡിന് നൽകാമെന്ന ധാരണയായി. ഇതിനുശേഷം വന്ന സപ്ലിമെന്ററി കരാർ പ്രകാരം കാർബോറാണ്ടം കമ്പനിക്ക് വൈദ്യുതി ബോർഡ് ബിൽ ചെയ്യുന്ന നിരക്ക് എത്രയാണോ അതേ നിരക്കിൽ വില നൽകണമെന്ന നിബന്ധന വന്നു. ഇതു പ്രകാരം 50 പൈസ നിരക്കിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് കമ്പനിയുടെ രാത്രികാല ഉത്പാദനത്തിന് വ്യാവസായിക നിരക്കായ 9.20 രൂപ ഒരു യൂണിറ്റിന് ലഭിക്കുന്ന സ്ഥിതി വന്നു.

2024 ഡിസംബറിൽ പദ്ധതി തിരികെ ലഭിക്കുമെന്ന ധാരണയിൽ മണിയാറിൽനിന്ന് മൂന്നു കോടി യൂണിറ്റ് ലഭ്യമാകുമെന്ന് വൈദ്യുതി ബോർഡ് കണക്ക് കൂട്ടിയിരുന്നു. കാരണം 2023ൽ മണിയാറിൽ 2.89 കോടി യൂണിറ്റ് ആയിരുന്നു ഉത്പാദനം. പദ്ധതി തിരികെ കിട്ടാതായതോടെ അത്രയും യൂണിറ്റ് വൻ വിലയ്ക്ക് പുറമേനിന്ന് വാങ്ങേണ്ടി വന്നു. യൂണിറ്റിന് 10 രൂപ കണക്കാക്കിയാൽ 30 കോടി രൂപയുടെ അധികച്ചെലവ് ഒരു വർഷം വേണ്ടിവന്നു.