ന്യൂഡൽഹി: കാര്‍ബോറാണ്ടം യൂണിവേഴ്സല്‍ കമ്പനിക്ക് മണിയാര്‍ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ കരാര്‍ കാലാവധി 25 വര്‍ഷം നീട്ടിനല്‍കാനുള്ള നീക്കത്തിനു പിന്നില്‍ വന്‍ അഴിമതിയെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. 2024 ല്‍ ഡിസംബര്‍ 30 നു അവസാനിക്കേണ്ട ബി.ഒ.ടി കരാർ അടുത്ത 25 വര്‍ഷത്തേക്കു കൂടി നീട്ടാന്‍ ശ്രമം നടത്തുന്നതായാണ് ആരോപണം. ഇതിന്റെ കൂടുതല്‍ രേഖകള്‍ വെള്ളിയാഴ്ച പുറത്തുവിടുമെന്നും അറിയിച്ചു.
1990 ല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ വൈദ്യുതിനയ പ്രകാരമാണ് സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതി രംഗത്തേക്ക് പ്രവേശം അനുവദിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് മണിയാര്‍ ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജകട് നടപ്പിലാക്കാന്‍ കാര്‍ബോറാണ്ടം കമ്പനിക്ക് ഇടതുപക്ഷസര്‍ക്കാര്‍ അനുമതി നല്‍കിയത്. 12 മെഗാവാട്ട് ആണ് ഉല്‍പാദന ശേഷി. ഇതില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കമ്പനിയുടെ വ്യവസായ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതിനും, ശേഷിച്ച വൈദ്യുതി കെ.എസ്.ഇ.ബിക്ക് നല്‍കുന്നതിനുമാണ് വ്യവസ്ഥ ചെയ്തിരുന്നത്. 1994 ഡിസംബര്‍ മാസമാണ് ഇത് കമ്മീഷൻ ചെയ്തത്. അതിന്റെ കാലവാധി 2024 ഡിസംബറില്‍ അവസാനിക്കേണ്ടതാണ്. കരാര്‍ പ്രകാരം 21 ദിവസം മുമ്പ് നോട്ടീസ് നല്‍കേണ്ടതാണ്. അതായത്, ഡിസംബർ പതിനൊന്നിന്. എന്നാൽ ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് ചെന്നിത്തല ആരോപിച്ചു.
"യൂണിറ്റൊന്നിന് അമ്പതു പൈസയില്‍ താഴെ മാത്രം ചിലവു വരുന്ന ഈ പദ്ധതി 2025 ജനുവരി ഒന്ന് മുതല്‍ കെ.എസ്ഇബിക്ക് കൈമാറിക്കിട്ടേണ്ടതായിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ വിശാല താല്‍പര്യത്തിനേക്കാളും ചില കുത്തക കമ്പനികളുടെ മുലധന താല്‍പര്യങ്ങള്‍ക്കാണ് പിണറായി സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. അവരില്‍ നിന്ന് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിച്ചാണ് ഈ കരാര്‍ ദീര്‍ഘിപ്പിച്ച് നല്‍കാനുള്ള നീക്കം നടക്കുന്നത്.
കെഎസ്ഇബിയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും അടങ്ങുന്ന മൂവര്‍ സംഘം കരാര്‍ നീട്ടി നല്‍കാനുള്ള നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. മന്ത്രിസഭയെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് ഈ നീക്കം. കാര്‍ബോറാണ്ടത്തിന് കരാര്‍ നീട്ടി നല്‍കുന്നതിനെ വൈദ്യുത ബോര്‍ഡ് ശക്തിയുക്തം എതിര്‍ത്തതാണ്. കെഎസ്ഇബി ചെയര്‍മാനും, ചീഫ് എഞ്ചിനീയറും ഊര്‍ജ്ജ സെക്രട്ടറിക്ക് നല്‍കിയിരുന്ന കത്തില്‍ ഇക്കാര്യം വിശദമായി ചൂണ്ടിക്കാണിച്ചിരുന്നതാണ്.
2018 -19 കാലത്ത് വെളളപ്പൊക്കത്തില്‍ തങ്ങള്‍ക്കു നാശനഷ്ടമുണ്ടായി എന്ന കാരണം പറഞ്ഞാണ് കമ്പനി കാലാവധി നീട്ടിച്ചോദിക്കുന്നത്. മണിയാറില്‍ കാര്യമായ നാശമൊന്നുമുണ്ടായിട്ടില്ല. ഇനി അഥവാ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ നഷ്ടപരിഹാരം ഇന്‍ഷ്വറന്‍സ് കമ്പനി നല്‍കിക്കോളും. അടുത്ത പത്ത് വര്‍ഷത്തേക്ക് യാതൊരുവിധ അറ്റകുറ്റപ്പണയും നടത്താതെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള ശേഷിയും, സാഹചര്യവും ഈ പ്രോജക്ടിനുണ്ട്. എന്നിട്ടും കെഎസ്ഇബിക്ക് അത് കൈമാറാതെ സ്വകാര്യ കമ്പനിക്ക് തന്നെ കൈമാറാനുള്ള നീക്കം വൈദ്യുതി ഉപഭോക്താക്കളെ വഞ്ചിക്കുന്നതിന് തുല്യമാണ്." രമേശ് ചെന്നിത്തല വിമർശിച്ചു.
ഈ പ്രോജക്ട് കൈമാറിക്കിട്ടുകയാണെങ്കില്‍ അടുത്ത പത്ത് വര്‍ഷം കൊണ്ട് ഏതാണ്ട് 140 കോടി രൂപയുടെ പ്രയോജനം വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കൈമാറാനാകുമെന്ന് കെഎസ്ഇബി തന്നെ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വന്‍തുക മുടക്കി സ്വകാര്യ വൈദ്യുതി കമ്പനികളില്‍ നിന്നും വൈദ്യുതി വാങ്ങുന്ന ഈ അവരത്തില്‍ മണിയാര്‍ ജലവൈദ്യുത പ്രോജക്ടിലൂടെ കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളെ സഹായിക്കാമായിരുന്ന അവസരമാണ് സര്‍ക്കാര്‍ മനപൂര്‍വ്വം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ വെള്ളിയാഴ്ച പുറത്തുവിടും. മണിയാര്‍ വൈദ്യുതി പ്രോജക്ട് കെഎസ്ഇബിക്ക് കൈമാറാനുള്ള നടപടി സ്വീകരിക്കണമെന്നും കേരളത്തിന്റെ വൈദ്യുത മേഖല പൂര്‍ണമായും സ്വകാര്യ മേഖലയ്ക്കു തീറെഴുതാനുള്ള ശ്രമത്തില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Content Highlights: Chennithala Alleges Corruption in Maniyar Hydropower Project
Published: 12 Dec 2024, 12:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented