കൊച്ചി: മണിയാര്‍ ജലവൈദ്യുത പദ്ധതിയില്‍ 30 വര്‍ഷംകൊണ്ട് സ്വകാര്യകമ്പനിക്കുണ്ടായ ലാഭം 300 കോടി രൂപയിലേറെ. ഓരോ വര്‍ഷത്തെയും വൈദ്യുതിനിരക്ക് കണക്കാക്കിയാല്‍ ശരാശരി 332 കോടി രൂപയുടെ വൈദ്യുതിലാഭം കാര്‍ബോറാണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡിനുണ്ടായിട്ടുണ്ടാകുമെന്നാണ് വൈദ്യുതി ബോര്‍ഡ് കണക്കുകൂട്ടുന്നത്. പദ്ധതിനിര്‍മാണത്തിനായി 22 കോടി രൂപ മാത്രമാണ് ചെലവുവന്നത്. മണിയാര്‍ ക്യാപ്റ്റീവ് ജലവൈദ്യുതപദ്ധതിയിലെ ഉത്പാദനത്തിന് യൂണിറ്റിന് 50 പൈസമാത്രമാണ് നിലവിലെ നിരക്ക്. അതേസമയം വൈദ്യുതിബോര്‍ഡില്‍നിന്ന് നിലവില്‍ ഒരു യൂണിറ്റ് വൈദ്യുതി മറ്റുകമ്പനികള്‍ വാങ്ങുമ്പോള്‍ 6.20 രൂപ നല്‍കണം.
സംസ്ഥാനത്ത് സ്വകാര്യകമ്പനിക്ക് അനുവദിച്ച ആദ്യത്തെ ക്യാപ്റ്റീവ് പവര്‍ പ്രോജക്ട് ആണ് മണിയാര്‍. സ്വകാര്യസംരംഭകര്‍ക്ക് നിര്‍മിച്ച്, സ്വന്തം ഉടമസ്ഥതയില്‍ വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കാവുന്ന ചെറുകിട ജലവൈദ്യുത പദ്ധതി 30 വര്‍ഷത്തിനുശേഷം വൈദ്യുതിബോര്‍ഡിന് കൈമാറണം. 1994 ഡിസംബറില്‍ വൈദ്യുതോത്പാദനം തുടങ്ങി. ഔദ്യോഗികമായി കമ്മിഷന്‍ ചെയ്തത് 1995-ലും. മുഴുവന്‍സമയവും ജലലഭ്യതയുള്ള പദ്ധതിയില്‍ വൈദ്യുതോത്പാദനം നിര്‍ത്തിവെക്കേണ്ടിവരില്ല എന്നതായിരുന്നു പ്രധാന ആകര്‍ഷണം. പ്രതിവര്‍ഷം 3.6 കോടി യൂണിറ്റ് ഉത്പാദനമാണ് ഇവിടെ നടക്കുന്നത്.
പദ്ധതി തുടങ്ങിയപ്പോള്‍ ഉത്പാദനച്ചെലവ് 10 പൈസയായിരുന്നു. അക്കാലത്ത് വ്യവസായങ്ങള്‍ക്കുള്ള വൈദ്യുതിനിരക്ക് 90 പൈസയും. പത്തുവര്‍ഷത്തിനുശേഷം ഇത് 30 പൈസയും മൂന്ന് രൂപയുമായിമാറി. നിലവില്‍ 50 പൈസയും 6.20 രൂപയുമാണ്. ഉത്പാദനച്ചെലവ് ഒഴിവാക്കിയാല്‍പ്പോലും ഒരുവര്‍ഷം ഏറ്റവും ചുരുങ്ങിയത് 11.07 കോടി രൂപ കമ്പനിക്ക് വൈദ്യുതിനിരക്കില്‍ ലാഭമുണ്ടായിട്ടുണ്ടാകുമെന്നാണ് വൈദ്യുതിബോര്‍ഡ് കണക്കുകൂട്ടുന്നത്. ഇതാണ് പദ്ധതി ലഭിക്കണമെന്ന് ബോര്‍ഡ് നിലപാടെടുക്കുന്നതിന്റെ പ്രധാനകാരണം.
അടുത്തസാമ്പത്തികവര്‍ഷം വൈദ്യുതിനിരക്കില്‍ വരുത്തുന്ന വര്‍ധന കുറയ്ക്കാനാകുമെന്ന് ബോര്‍ഡ് കണക്കുകൂട്ടുന്നു. പദ്ധതിയുടെ കാലാവധി കാര്‍ബോറാണ്ടത്തിന് നീട്ടിയാല്‍ ബോര്‍ഡിനുണ്ടാകുന്ന നഷ്ടം ഉപഭോക്താക്കളും സര്‍ക്കാരും ഏറ്റെടുക്കേണ്ടിവരുമെന്ന് ബോര്‍ഡിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതിമന്ത്രിയും ബോര്‍ഡ് ചെയര്‍മാനും മണിയാര്‍ പദ്ധതിക്കായി ശക്തമായ നിലപാടെടുക്കുന്നതിനുപിന്നിലെ കാര്യവുമിതാണ്.
Content Highlights: Maniyar Hydropower Project 300 Cr Profit in 30 Years
Published: 20 Dec 2024, 07:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented