
ചെര്‍പ്പുളശ്ശേരി: ഉത്സവപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തി മംഗലാംകുന്ന് കര്ണന് ചരിഞ്ഞു. 60 വയസ്സ് പ്രായമുണ്ട്. പ്രായാധിക്യത്തിന്റേതായ പ്രശ്നങ്ങള്‍ കുറച്ചുകാലമായി ആനയെ അലട്ടിയിരുന്നു.
പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആന ചരിഞ്ഞത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംസ്കാരം ഇന്ന് വാളയാര്‍ വനത്തില്‍ നടക്കും.
2019 മാര്‍ച്ചിലാണ് മംഗലാംകുന്ന് കര്ണന് അവസാനമായി ഉത്സവത്തില്‍ പങ്കെടുത്തത്.
എഴുന്നള്ളത്ത് തുടങ്ങുംമുതല്‍ തിടമ്പ് ഇറക്കുംവരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൗഢമായ നില്പാണ് കര്‍ണന്റെ പ്രത്യേകത. കൂടുതല്‍ ഉയരമുള്ള ആനകള്‍ കൂട്ടാനകളായെത്തുമ്പോള്പ്പോലും ഈ 'നിലവു'കൊണ്ടാണ് കര്ണന് ശ്രദ്ധേയനാവുന്നത്. ഉടല്‍നീളംകൊണ്ടും കര്‍ണനെ എളുപ്പം തിരിച്ചറിയാനാവും.
എഴുന്നള്ളത്തില്‍ നിരന്നുനില്ക്കുന്ന മറ്റാനകളേക്കാള്‍ കര്‍ണന്റെ അമരവും വാലും പുറത്തേക്ക് കാണാനാവും. ഭാരിച്ച ശരീരമല്ലെങ്കിലും ഒത്ത ശരീരംതന്നെയാണ് കര്‍ണന്റേത്. ബിഹാറിയെങ്കിലും നാടന്‍ ആനകളെപ്പോലെ ലക്ഷണത്തികവുള്ളവനാണ് കര്ണന്.
വടക്കന്‍ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തില്‍ തുടര്‍ച്ചയായി ഒമ്പതുവര്‍ഷം വിജയിയായിരുന്നു കര്ണന്. ഇത്തിത്താനം ഗജമേളയിലും കര്ണന് വിജയിയായിട്ടുണ്ട്.

ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോള്‍ 302 സെന്റീമീറ്ററാണ് ഉയരം. 91 ല്‍ വാരണാസിയില്നിന്നാണ് കര്ണന് കേരളത്തിലെത്തുന്നത്. വരുമ്പോള്‍ത്തന്നെ കര്‍ണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. പേരെടുത്ത ആനപ്രേമിയായ മനിശ്ശേരി ഹരിദാസിന്റേതായിരുന്നപ്പോള്‍ മനിശ്ശേരി കര്‍ണനായിരുന്നു.
തലപ്പൊക്ക മത്സരവേളയില്‍ സ്വന്തം മത്സരവീര്യവും ആത്മവിശ്വാസവുംകൊണ്ടാണ് കര്ണന് പിടിച്ചുനില്‍ക്കുന്നത്. കര്‍ണനില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ ആദ്യകാലത്ത് പാപ്പാനായിരുന്ന പാറശ്ശേരി ചാമിയും ചെറുതല്ലാത്ത പങ്ക് വഹിച്ചിരുന്നു.
Content Highlights: mangalamkunnu karnnan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..