
മഞ്ചേരി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എ.ഐ.സി.സി. അംഗവുമായ മംഗലം ഗോപിനാഥ് (88) അന്തരിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്‌ച വൈകീട്ട് ആറുമണിയോടെ മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധിതനായിരുന്നു. സംസ്‌കാരം തിങ്കളാഴ്‌ച ഉച്ചയ്ക്ക് രണ്ടിന് മഞ്ചേരി വേട്ടേക്കോട് എൻ.എസ്.എസ്. ശ്‌മശാനത്തിൽ.
അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് മഞ്ചേരി കച്ചേരിപ്പടിയിലെ ശാന്തിഭവനിൽനിന്ന് രണ്ടാഴ്‌ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആറുപതിറ്റാണ്ടിലേറെയായി മലബാറിലെ കോൺഗ്രസ് രാഷ്‌ട്രീയത്തിലും സാംസ്‌കാരികരംഗത്തും സക്രിയമായിരുന്ന ഗോപിനാഥ്, ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പഴയകാല ചരിത്രസൂക്ഷിപ്പുകാരൻ കൂടിയായിരുന്നു അദ്ദേഹം.
തൊഴുവാനൂർ വെള്ളാട്ട് ശങ്കുണ്ണി മേനോന്റെയും സുഭദ്രയുടെയും മകനായി തിരൂർ മംഗലത്തായിരുന്നു ജനനം. നാലരപ്പതിറ്റാണ്ടുമുൻപ് പ്രവർത്തനമണ്ഡലം മഞ്ചേരിയിലേക്കു മാറ്റി. 1948 ഫെബ്രുവരിയിൽ തിരുനാവായയിൽ കെ. കേളപ്പന്റെ നേതൃത്വത്തിൽ നടന്ന ഗാന്ധിജിയുടെ ചിതാഭസ്‌മ നിമജ്ജനത്തിന് സാക്ഷ്യംവഹിക്കാൻ അച്ഛന്റെ കൈയുംപിടിച്ച് പോകുമ്പോൾ ഗോപിനാഥിന് പതിനൊന്നുവയസ്സായിരുന്നു.
1969-ൽ ഗാന്ധിജിയുടെ ജന്മശതാബ്ദി മലപ്പുറത്ത് ആഘോഷിച്ചപ്പോൾ സംഘാടകസമിതി സെക്രട്ടറിയായി. 1972 മുതൽ ഡി.സി.സി. ജനറൽസെക്രട്ടറിയായി. 1982 മുതൽ 1997 വരെ പ്രസിഡന്റും. പിന്നീട് കെ.പി.സി.സി. അംഗവുമായി. 1992 മുതൽ 97 വരെ എ.ഐ.സി.സി. അംഗമായിരുന്നു. സംസ്ഥാന ടെലികോം ഉപദേശകസമിതി, മിനിമം വേജസ് ബോർഡ്, ഹാൻഡ്‌ലൂം അഡ്വൈസറി ബോർഡ്, ടി.ബി. അസോസിയേഷൻ ഗവേണിങ് ബോഡി, മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് വികസനസമിതി എന്നിവയിൽ അംഗമായിട്ടുണ്ട്. തുഞ്ചൻ സ്‌മാരക സമിതി സെക്രട്ടറി, അൽ അമീൻ, മലബാർ ടുഡേ എന്നീ സായാഹ്നപത്രങ്ങളുടെ എഡിറ്റർ പദവികളും വഹിച്ചു.
ഭാര്യ: രുക്‌മിണി (റിട്ട. നഴ്സിങ് സൂപ്രണ്ട്). മക്കൾ: സുരേഷ്‌കുമാർ (ബിസിനസ്), സുനന്ദാദേവി (അധ്യാപിക, പി.എച്ച്.എസ്. പൊന്നാനി). മരുമകൻ: കൃഷ്ണകുമാർ (ബിസിനസ്).
Content Highlights: Passing of veteran Congress leader and social activist Mangalam Gopinath at 88., Former AICC and KPCC member with a significant legacy in journalism., Served as editor for Al-Ameen and Malabar Today newspapers., Funeral arrangements scheduled for Monday at 2 PM in Manjeri Vettekode.
Published: 24 May 2026, 10:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented