
തൃപ്പൂണിത്തുറ: വടക്കേക്കോട്ട മെട്രോ സ്റ്റേഷനില്‍ റെയില്‍പ്പാളത്തില്‍നിന്ന് താഴേക്കുചാടിയ യുവാവ് മരിക്കാനിടയായ സംഭവത്തില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. കെഎംആര്‍എല്‍ ഡയറക്ടറുടെ (സിസ്റ്റംസ്) നേതൃത്വത്തിലായിരിക്കും അന്വേഷണം. മലപ്പുറം തിരൂരങ്ങാടി ചുള്ളിപ്പാറ വീരാശ്ശേരി നിസാര്‍ (32) ആണ് മരിച്ചത്.
സുരക്ഷാസംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മെട്രോയ്ക്ക് ടിക്കറ്റെടുത്ത് തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള പ്ലാറ്റ്‌ഫോമില്‍ നിസാര്‍ എത്തിയത്. തുടര്‍ന്ന് റെയില്‍പ്പാളത്തിലേക്ക് ഇറങ്ങി. ഇതുകണ്ട് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ വിസില്‍ മുഴക്കുകയും യുവാവിനോട് കയറാന്‍ പറയുകയും ചെയ്തു.
യുവാവ് ഓടി ജീവനക്കാര്‍ക്ക് കയറാനുള്ള കോവണിപ്പടി ഭാഗത്തുകൂടി മുകളിലേക്ക് കയറുകയായിരുന്നുവെന്ന് മെട്രോ ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് റെയിലിന്റെ വൈദ്യുതിബന്ധം അധികൃതര്‍ വിച്ഛേദിച്ചു. പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി നിസാറിനെ അനുനയിപ്പിച്ച് താഴെ ഇറക്കാനുളള ശ്രമങ്ങള്‍ നടത്തിയെങ്കിലും യുവാവ് താഴേക്കുചാടി. മെട്രോ സ്റ്റേഷന് കുറച്ചുമാറി എസ്എന്‍ ജങ്ഷന്‍ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനടുത്ത് റോഡിലാണ് യുവാവ് വീണത്.
തൊട്ടു ചേര്‍ന്ന് ഫയര്‍ഫോഴ്‌സധികൃതര്‍ രക്ഷിക്കാന്‍ വലയുമായി നില്‍ക്കുന്നുണ്ടായിരുന്നെങ്കിലും നിസാറിനെ വലയില്‍ പിടിക്കാനായില്ല. ഏകദേശം 38 അടി ഉയരത്തില്‍നിന്നാണ് യുവാവ് ചാടിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തൊട്ടുസമീപമുള്ള വികെഎം ആശുപത്രിയിലെത്തിച്ചു. അവിടെ പ്രഥമശുശ്രൂഷ നല്‍കി എറണാകുളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം കൊച്ചി മെട്രോ സര്‍വീസ് ഭാഗികമായി നിലച്ചു. താഴെ വാഹനഗതാഗതവും ഏറെനേരം തടസ്സപ്പെട്ടു. സംഭവത്തില്‍ കൊച്ചി മെട്രോ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എറണാകുളത്ത് ഒരു കടയില്‍ ജോലി ശരിയായിട്ടുണ്ടെന്നു പറഞ്ഞ് മൂന്നുദിവസം മുന്‍പാണ് നിസാര്‍ വീട്ടില്‍നിന്നു പോയത്. മുന്‍പ് ചില കാറ്ററിങ് സ്ഥാപനങ്ങളിലും ജ്യൂസ് കടകളിലും ഹോട്ടലുകളിലും ജോലിചെയ്തിരുന്നു. കുഞ്ഞുമൊയ്തീന്റെയും സുലൈഖയുടെയും മകനാണ് നിസാര്‍. സഹോദരങ്ങള്‍: ഫൈസല്‍, റംഷീദ്, സഫീന.
ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടത് 40 മിനിറ്റ്
കൊച്ചി: സംഭവത്തെ തുടര്‍ന്ന് കടവന്ത്ര മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള പാതയില്‍ 40 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.04-നാണ് യുവാവ് പ്ലാറ്റ്ഫോമില്‍നിന്ന് ട്രാക്കിലേക്കിറങ്ങിയതെന്ന് മെട്രോ അധികൃതര്‍ പറഞ്ഞു. ഇതുകണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ എമര്‍ജന്‍സി ട്രിപ് സ്വിച്ച് പ്രവര്‍ത്തിപ്പിച്ച് വൈദ്യുതിബന്ധം വിച്ഛേദിച്ചു.
ഓവര്‍ ഹെഡ് വൈദ്യുതി കേബിളുകള്‍ക്കുപകരം താഴെ ട്രാക്കിനോടുചേര്‍ന്നുള്ള ലൈനിലൂടെയാണ് മെട്രോ ട്രെയിനുകള്‍ക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നത്. തേര്‍ഡ് റെയില്‍ സംവിധാനമെന്ന ഇതിലേക്കുള്ള വൈദ്യുതിബന്ധവും പൂര്‍ണമായി വിച്ഛേദിച്ചതോടെയാണ് കടവന്ത്ര മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്.
യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി ആലുവയില്‍നിന്ന് കടവന്ത്രവരെ ട്രെയിന്‍ സര്‍വീസ് നടത്തി. 2.44-ന് തൃപ്പൂണിത്തുറയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചതായും മെട്രോ അധികൃതര്‍ പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക. വിളിക്കൂ: 1056)
Content Highlights: man died jumping from kochi metro station kmrl starts investigation
Published: 08 Aug 2025, 07:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented