മയ്യഴി: തീവണ്ടി തട്ടി മരിച്ചയാളുടെ മൃതദേഹം എൻജിനിൽ കുടുങ്ങിയതിനെ തുടർന്ന് ട്രെയിൻ വൈകി. കണ്ണൂർ-എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസാണ് മാഹി റെയിൽവേ സ്റ്റേഷനിൽ 40 മിനുറ്റോളം നിർത്തിയിടേണ്ടി വന്നത്. പോലീസെത്താൻ വൈകിയതിനാലാണ് തീവണ്ടി വൈകിയത് വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. 

To advertise here,

തലശ്ശേരിക്കും മാഹിക്കും ഇടയിൽ പുന്നോൽ കുറിച്ചിയിൽ റെയിൽവെ ഗെയിറ്റിന് സമീപത്താണ് അപകടമുണ്ടായത്. സംഭവം നടന്ന സ്ഥലത്ത് നിന്നും മാഹി റെയിൽവേ സ്റ്റേഷൻ വരെയുള്ള മറ്റ് സ്ഥലങ്ങളിൽ നിന്ന് മൃതദേഹത്തിന്റെ അവയവ ഭാഗങ്ങൾ കണ്ടെത്തി. പിന്നീടാണ് റെയിൽവേ സ്റ്റേഷനിലെത്തിയ തീവണ്ടിയുടെ എൻജിനിൽ മൃതദേഹം കുടുങ്ങിക്കിടക്കുന്നതായി സ്റ്റേഷൻ മാസ്റ്റർ കണ്ടത്.

വിവരമറിയിക്കാൻ ചോമ്പാല പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും കിട്ടാത്തതിനാൽ പോലീസ് എത്താൻ വൈകി. ഇതാണ് തീവണ്ടി കൂടുതൽ സമയം നിർത്തിയിടാൻ കാരണമായത്. മാഹി അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മാഹി ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.