എലത്തൂർ: സമയം ഞായറാഴ്ച രാത്രി 11.30. ഉത്സവലഹരിയിൽ മുങ്ങിയ മൊകവൂർ കാമ്പുറം ഭഗവതിക്ഷേത്രപരിസരം. ഉത്സവപ്പറമ്പിൽനിന്ന് വാങ്ങിയ വാതകം നിറച്ച ബലൂണുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പറമ്പിൽബസാറിലെ ഉത്രംവീട്ടിൽ വൈശാഖിന്റെ മകൻ രണ്ടരവയസ്സുകാരൻ ദ്വാദ്. കളിക്കിടെ ദ്വാദിന്റെ കൈയിൽനിന്ന് ബലൂൺ പിടിവിട്ട് ആകാശത്തേക്ക് പറന്നു. ബലൂണിന്റെ നൂലറ്റം കെട്ടിയിരുന്നത് ദ്വാദിന്റെ കൈയിലണിഞ്ഞിരുന്ന മുക്കാൽപവനോളം വരുന്ന സ്വർണ കൈച്ചെയിനിലായിരുന്നു. കൊളുത്തറ്റ് കൈച്ചെയിനും ബലൂണിനൊപ്പം ആകാശത്തേക്ക് പറന്നു. രക്ഷിതാക്കൾ ഉൾപ്പെടെ കണ്ടുനിന്നവരെല്ലാം ആശങ്കയിലായ നിമിഷം.

To advertise here,

അപ്പോഴാണത് സംഭവിച്ചത്... ബലൂൺ സമീപത്തെ ഉയരമുള്ള മരത്തിന്റെ ചില്ലയിൽ കുരുങ്ങിനിന്നു. ആശങ്ക തെല്ലുനേരംകൊണ്ട് ആശ്വാസത്തിന് വഴിമാറി.

വൈശാഖിന്റെ കുടുംബസുഹൃത്തായ വടക്കേപാമ്പിനി സന്തോഷ്, 50 മീറ്ററിലധികം ഉയരമുള്ള മരത്തിന്റെ ചില്ലകളിലൂടെ മുകളിലേക്ക് സാഹസികമായി കയറി ആഭരണം വീണ്ടെടുത്തു. ബലൂൺ പൊട്ടാതെ തിരികെയെടുത്ത് താഴേക്കിറങ്ങിയ സന്തോഷിനെ ഹർഷാരവങ്ങളോടെയാണ് നാട്ടുകാർ വരവേറ്റത്.