കൊല്‍ക്കത്ത: ബംഗാളിലെ വിദ്യാഭ്യാസ റിക്രൂട്ട്‌മെന്റ് വിവാദത്തില്‍ പ്രതികരിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വ്യക്തിപരമായി കോടതി വിധി അംഗീകരിക്കില്ലെന്നും എന്നാല്‍, തന്റെ സര്‍ക്കാര്‍ കോടതി വിധിക്കനുസരിച്ച് വീണ്ടും നിയമന പ്രക്രിയ നടത്തുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി. ബംഗാളിന്റെ വിദ്യാഭ്യാസ വ്യവസ്ഥയെ തകര്‍ക്കാന്‍ ബിജെപി ആഗ്രഹിക്കുന്നുണ്ടോയെന്നും അവര്‍ ചോദിച്ചു.

To advertise here,

ഈ രാജ്യത്തെ ഒരു പൗരനെന്ന നിലയില്‍ എനിക്ക് എല്ലാ അവകാശവുമുണ്ട്. ഈ വിധിയെ സ്വീകരിക്കാന്‍ എനിക്ക് കഴിയില്ലെന്ന് ജഡ്ജിമാരോട് പൂര്‍ണബഹുമാനം പുലര്‍ത്തികൊണ്ട് പറയുകയാണ്. മാനുഷികമായ വീക്ഷണകോണില്‍നിന്നാണ് ഞാന്‍ ഈ അഭിപ്രായം പറയുന്നത്, സുപ്രീം കോടതി വിധിക്കു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.

ഇപ്പോഴത്തെ വിധി സര്‍ക്കാര്‍ അംഗീകരിക്കുന്നുവെന്നും റിക്രൂട്ട്‌മെന്റ് പ്രക്രിയ വീണ്ടും നടത്താന്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷമോട് ആവശ്യപ്പെട്ടുവെന്നും മമത മാധ്യമങ്ങളോട് പറഞ്ഞു.

2016-ല്‍ പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ നടത്തിയ 25,000-ല്‍ അധികം അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചിരുന്നു. നിയമന നടപടികള്‍ വഞ്ചനാപരമാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി. സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 

'അധ്യാപകരുടെ നിയമനവും സേവനവും അവസാനിപ്പിക്കണമെന്ന ഹൈക്കോടതിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ യാതൊരു കാരണവും ഞങ്ങള്‍ കാണുന്നില്ല.' ബെഞ്ച് പറഞ്ഞു. നിയമനം കിട്ടിയവര്‍ ഇതുവരെ വാങ്ങിയ ശമ്പളം തിരികെ നല്‍കേണ്ടതില്ലെന്നും സുപ്രീം കോടതി പറഞ്ഞു. 

2024 ഏപ്രിലാണ് 25,573 അധ്യാപക-അനധ്യാപക നിയമനങ്ങള്‍ റദ്ദാക്കിക്കൊണ്ട് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. നിയമനം കിട്ടിയവര്‍ ഇതുവരെ വാങ്ങിയ ശമ്പളവും അതിന്റെ 12 ശതമാനം പലിശയും മടക്കി നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഈ ഉത്തരവ് തടഞ്ഞുവെക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഒപ്പം സംഭവത്തില്‍ സിബിഐ അന്വേഷണത്തിനും അനുവാദം നല്‍കി. 

ഈ കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. പാര്‍ഥയുടെ സഹായി അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍നിന്ന് 21 കോടിയുടെ നോട്ടുകെട്ടുകളും ഒരു കോടിയുടെ സ്വര്‍ണവും ഇഡി കണ്ടെടുത്തു.