
മലപ്പുറം : സി.പി.ഐ. നേതാവ് പി.പി. സുനീർകൂടി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലയിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളുടെ എണ്ണം അഞ്ചായി ഉയരും. ലോക്സഭയിൽ മൂന്നും രാജ്യസഭയിൽ രണ്ടും എം.പി.മാരാണ് ജില്ലയ്ക്കുണ്ടാവുക. വർഷങ്ങൾക്കുശേഷമാണ് ഒരേസമയം അഞ്ച് എം.പി.മാർ എന്ന നേട്ടം മലപ്പുറത്തിന് കൈവരുന്നത്.
മലപ്പുറം, പൊന്നാനി, വയനാട് മണ്ഡലങ്ങളിൽ നിന്നായി മൂന്നുപേർ പുതിയ ലോക്സഭയിലുണ്ടാകും. ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. അബ്ദുസ്സമദ് സമദാനി, രാഹുൽ ഗാന്ധി എന്നിവർ. രാഹുൽ വയനാട് സീറ്റ് ഒഴിഞ്ഞെങ്കിലും വൈകാതെ പകരം ആളെത്തും.
രാജ്യസഭയിൽ പി.വി. അബ്ദുൽ വഹാബിന് പുറമേ ഇനി പി.പി. സുനീറുമുണ്ടാകും. മൂന്നാം ഊഴത്തിൽ രാജ്യസഭയിലെത്തിയ വഹാബിന് 2027 ഏപ്രിൽ 23 വരെ കാലാവധിയുണ്ട്. നിലമ്പൂർ സ്വദേശിയാണ് വഹാബ്. സുനീർ പൊന്നാനി മാറഞ്ചേരിക്കാരനും.
ആദ്യ വനിതാ എം.പിയ്ക്കും സാധ്യത
രാഹുൽ ഗാന്ധിക്ക് പകരം സഹോദരി പ്രിയങ്കാ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടാൽ മലപ്പുറം ജില്ലയ്ക്ക് മറ്റൊരു ചരിത്രം കൂടിയാകും; ആദ്യമായൊരു വനിതാ എം.പി. എന്ന നേട്ടം. ജില്ലയിൽനിന്ന് പല വനിതകളും മുൻപും ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. എന്നാൽ, ജയ സാധ്യതയുള്ള സീറ്റ് ആദ്യമായി കിട്ടുന്നത് പ്രിയങ്ക ഗാന്ധിക്കാണ്.
ലോക്സഭാ മണ്ഡലത്തിന്റെ പേര് വയനാട് എന്നാണെങ്കിലും പകുതിയോളം വോട്ടർമാരും മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയമസഭാ മണ്ഡലങ്ങളിലായി വയനാട് ലോക്സഭാ മണ്ഡലത്തിൽ 6.43ലക്ഷം വോട്ടർമാരുണ്ട്. 16 നിയമസഭാ മണ്ഡലങ്ങളുണ്ടെങ്കിലും മലപ്പുറത്ത് ഇതുവരെ ഒരു വനിതാ എം.എൽ.എ.യും ഉണ്ടായിട്ടില്ല.
ലീഗിന് ഇനി ഹാരിസ് ബീരാനും
ജില്ലയ്ക്കാരനല്ലെങ്കിലും മുസ്ലിം ലീഗിൽനിന്ന് അഡ്വ. ഹാരിസ് ബീരാനും ഇക്കുറി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 18 വർഷത്തിന് ശേമാണ് ലീഗിന് ഒരേസമയം രണ്ട് രാജ്യസഭാ അംഗങ്ങളുണ്ടാകുന്നത്. 1979-ൽ യു.ഡി.എഫ്. സംവിധാനം നിലവിൽ വന്നശേഷം ലീഗിന് മിക്കപ്പോഴും രണ്ട് രാജ്യസഭാ എം.പി.മാർ ഉണ്ടായിരുന്നു. 2006-ൽ അബ്ദുസ്സമദ് സമദാനിയുടെ കാലാവധി കഴിഞ്ഞപ്പോഴാണ് ഒന്നായി ചുരുങ്ങിയത്. ഒരേസമയം (1972) രാജ്യസഭയിൽ അഞ്ച് അംഗങ്ങളുണ്ടായെന്ന ചരിത്രവും ലീഗിനുണ്ട്; കേരളത്തിൽനിന്ന് രണ്ടും തമിഴ്നാട്ടിൽ നിന്ന് മൂന്നുംപേർ വീതം.
മുസ്ലിം ലീഗ് വഴി കേരളത്തിൽ നിന്ന് രാജ്യസഭയിലെത്തുന്ന ഏഴാമത്തെ ആളാണ് എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാൻ. ഇബ്രാഹിം സുലൈമാൻ സേട്ട്, ബി.വി. അബ്ദുള്ളക്കോയ, ഹമീദലി ഷംനാട്, എം.പി. അബ്ദുസ്സമദ് സമദാനി, കൊരമ്പയിൽ അഹമ്മദ് ഹാജി, പി.വി. അബ്ദുൽ വഹാബ് എന്നിവരാണ് മറ്റുള്ളവർ.
Content Highlights: malappuram district five mps
Published: 19 Jun 2024, 08:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented