ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനായി രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ വിരുന്നും വിരുന്നിലെ ഭക്ഷണങ്ങളുമെല്ലാം സംബന്ധിച്ച വിവരങ്ങള്‍ സോഷ്യല്‍മീഡിയയിലടക്കം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍ഡിഎയിൽനിന്നുള്ള എംപിമാര്‍ക്കായി നടത്തിയ പ്രത്യേക അത്താഴവിരുന്നും ശ്രദ്ധ നേടുകയാണ്. 

To advertise here,

വ്യാഴാഴ്ച വൈകീട്ട് ഏഴിനായിരുന്നു പരിപാടി. ലോക് കല്യാണ്‍ മാര്‍ഗിലെ തന്റെ വസതിയിലേക്കാണ് പ്രധാനമന്ത്രി എംപിമാരെ സ്വാഗതം ചെയ്തത്. ക്ഷണപ്രകാരം എംപിമാര്‍ ബസുകളില്‍ ഒരുമിച്ച് പ്രധാനമന്ത്രിയുടെ വസതിയിലെത്തി.

അടുത്തിടെ നടന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ വന്‍ വിജയത്തെ തുടര്‍ന്നാണ് അത്താഴവിരുന്ന് നടത്തിയത്. 243 അംഗ നിയമസഭയില്‍ 202 സീറ്റുകള്‍ മുന്നണി നേടിയിരുന്നു.

'നല്ല ഭരണത്തിനും, ദേശീയ വികസനത്തിനും, പ്രാദേശിക അഭിലാഷങ്ങള്‍ക്കും വേണ്ടി എന്‍ഡിഎ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നു. വരും വര്‍ഷങ്ങളില്‍ നമ്മുടെ രാജ്യത്തിന്റെ വികസന യാത്ര ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരും'- പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

പ്രാദേശിക ഇന്ത്യന്‍ വിഭവങ്ങളടങ്ങിയ വിപുലമായ ഭക്ഷണങ്ങളാണ് വൈകുന്നേരത്തെ വിരുന്നിലുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പലതരം വിഭവങ്ങള്‍ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇഞ്ചി ചേര്‍ത്ത ഓറഞ്ച് ജ്യൂസ്, മാതളനാരങ്ങ ജ്യൂസ്, പച്ചക്കറികള്‍, ബദാം, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയടങ്ങിയ വിഭവങ്ങള്‍, തിന, പയര്‍, വാല്‍നട്ട് എന്നിവ ചേര്‍ത്ത കട്ട്ലെറ്റ്, മല്ലിയിലയും കടലമാവും ചേര്‍ത്ത ലഘുഭക്ഷണമായ കോതിമ്പിര്‍ വടി, ഗോങ്കുര പനീര്‍, ഖുബാനി മലൈ കോഫ്ത, ഗാജര്‍ മേത്തി, ഭീണ്ടി സംഭരിയ, പാലക്കൂറ പപ്പു, വിവിധതരം ഇന്ത്യന്‍ റൊട്ടികള്‍, ബേക്ക്ഡ് പിസ്ത ലാങ്ച, അടപ്രഥമന്‍, പഴങ്ങള്‍, കവ എന്നിവയെല്ലാം മെനുവിലുണ്ടായിരുന്നു.