പാലക്കാട്: മലബാർ ഡിസ്റ്റിലറീസിൽ പുതുതായി നിർമിക്കുന്ന മദ്യത്തിന് ‘മലബാർ മിസ്റ്ററി’ എന്ന പേരിടുമെന്ന് സൂചന. ശനിയാഴ്ച മോനോൻപാറയിൽ നടക്കുന്ന പ്ലാൻറ് ഉദ്ഘാടനച്ചടങ്ങിൽ പ്രഖ്യാപനമുണ്ടാവും. 10.30-ന് എക്സൈസ് മന്ത്രി എം.ബി. രാജേഷാണ് പ്ലാന്റ് ഉദ്ഘാടനംചെയ്യുന്നത്. മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷനാവും. ഇതിനുമുന്നോടിയായി മദ്യത്തിന്റെ എക്സൈസ് രജിസ്ട്രേഷനും ബ്രാൻഡ് രജിസ്ട്രേഷനും പൂർത്തിയാക്കിയതായി അധികൃതർ പറഞ്ഞു. അരലിറ്റർ വീതമുള്ള കുപ്പികളിലാവും തുടക്കത്തിൽ ഉത്പാദനം. 400 രൂപയാവും നിരക്കെന്നും സൂചനയുണ്ട്.

To advertise here,

‘എംഎം’ എന്ന ചുരുക്കപ്പേരിലുള്ള ബ്രാൻഡിയുടെ ബ്രാൻഡ് സ്റ്റിക്കറടക്കമുള്ള സംവിധാനങ്ങൾ തയ്യാറായിട്ടുണ്ട്. പ്ലാന്റ് പൂർണസജ്ജമാവുന്നതോടെ ദിവസം 13,500 കെയ്സ് ഉത്പാദിപ്പിക്കാനാണ് നീക്കം. ഇതിനാവശ്യമായ സ്പിരിറ്റ് സംഭരിച്ചിട്ടുണ്ട്.

ദിനംപ്രതി ഒരുലക്ഷം ലിറ്റർ വെള്ളം വേണ്ടിവരും. ഇത് മലമ്പുഴയിലെ ശുദ്ധജല പ്ലാൻറിൽനിന്ന് ടാങ്കർലോറികളിൽ എത്തിക്കാൻ ജല അതോറിറ്റിയുമായി ധാരണയായെന്ന് അധികൃതർ പറയുന്നു. 1.87 കോടി രൂപ മലബാർ ഡിസ്റ്റിലറീസ് മുൻകൂറായി ജല അതോറിറ്റിക്ക്‌ കൈമാറിയിട്ടുണ്ട്.

തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സിൽനിന്നും ബെവറജസ് കോർപറേഷനിൽനിന്നും സാങ്കേതികവിഭാഗം തൊഴിലാളികളുടെ സ്ഥലംമാറ്റം ഉടൻ പൂർത്തിയാവും. കുടുംബശ്രീ സഹകരണത്തോടെ അവിദഗ്ധ തൊഴിലാളികളെയും ഏർപ്പാടാക്കും.

മോനോൻപാറയിലെ പഴയ ഷുഗർഫാക്ടറി കെട്ടിടം അറ്റകുറ്റപ്പണി നടത്തിയാണ് പ്ലാൻറ് നിർമിച്ചത്. കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷനായിരുന്നു നിർ‌മാണച്ചുമതല. ഉത്പാദിപ്പിക്കുന്ന മദ്യം ബെവറജസ്‍ കോർപറേഷൻ വില്പനശാലകൾവഴി വിപണിയിലെത്തിക്കും.

പേരുക്ഷണിക്കൽ വിവാദം

മദ്യത്തിന്റെ പേര് ഓൺലൈനായി ക്ഷണിച്ച് സമ്മാനപ്രഖ്യാപനം നടത്തിയെന്നാരോപിച്ച് പരാതിയുയർന്നതോടെ വിഷയത്തിൽ കോടതി ഇടപെട്ടിരുന്നു. എന്നാൽ‌, ബെവ്കോ അത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും പേരിടൽ മലബാർ ഡിസ്റ്റിലറീസിന്റെ ഉത്തരവാദിത്വമാണെന്നുമായിരുന്നു ബെവ്കോ അധികൃതരുടെ നിലപാട്. സാമൂഹികമാധ്യമം വഴി 40,000-ത്തോളം പേര് ലഭിച്ചിരുന്നു.

ഇതിൽനിന്ന് ‘മലബാർ മിസ്റ്ററി’ എന്ന പേരിനോട് അനൂകൂല നിലപാടുണ്ടായെങ്കിലും വിഷയം കോടതിനടപടിയിലേക്ക് നീണ്ടതോടെ വിവാദങ്ങളിൽനിന്ന് ബെവ്കോ പിൻവലിയുകയായിരുന്നു.