ഒറ്റപ്പാലം: ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ ചലച്ചിത്ര സംവിധായകൻ മേജർ രവി എൻ.ഡി.എ. സ്ഥാനാർഥിയായേക്കും. മത്സരിക്കുന്ന കാര്യത്തിൽ ഏകദേശ ധാരണയായതായി വിവരം. ഒറ്റപ്പാലം മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ മേജർ രവി സന്ദർശനവും നടത്തി. ഒറ്റപ്പാലത്തെ ബി.ജെ.പി. വെസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസിലും കഴിഞ്ഞദിവസം മേജർ രവി എത്തിയിരുന്നു. ജില്ലാ പ്രസിഡന്റ് പി. വേണുഗോപാലൻ ഷാളണിയിച്ച് മേജർ രവിയെ സ്വീകരിച്ചു. മണ്ഡലത്തിലെ ശ്രീകൃഷ്ണപുരത്തും ഇതിന്റെ ഭാഗമായി സന്ദർശനം നടത്തിയതായാണ് വിവരം.

To advertise here,

എൻ.ഡി.എ. പ്രധാന്യം കല്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഒറ്റപ്പാലം. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലായി 25,000ത്തിലേറെ വോട്ട് നേടാനായ മണ്ഡലം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തെ ജില്ലാ പ്രസിഡന്റ് പി. വേണുഗോപാലനായിരുന്നു സ്ഥാനാർഥി. 2016-ലെ തിരഞ്ഞെടുപ്പിൽ 27,605 വോട്ടുവരെ നേടിയിരുന്നു. സിനിമാരംഗത്തുൾപ്പെടെ പ്രശസ്തനായ മേജർരവിയെ സ്ഥാനാർഥിയാക്കിയാൽ നേട്ടമുണ്ടാക്കാമെന്നാണ് എൻ.ഡി.എ.യുടെ കണക്കുകൂട്ടൽ. സ്ഥാനാർഥിനിർണയത്തിൽ തീരുമാനമായില്ലെന്നും ഔദ്യോഗിക പ്രഖ്യാപനം വന്നാലേ പറയനാകൂയെന്നും വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി. വേണുഗോപാലൻ പറഞ്ഞു. മേജർ രവിക്ക് പുറമേ പാലക്കാട് ജില്ലാ മുൻ പ്രസിഡന്റ് കെ.എം. ഹരിദാസ്, മധ്യമേഖലാ ജനറൽ സെക്രട്ടറി ടി. ശങ്കരൻകുട്ടി എന്നിവരാണ് സാധ്യതാ സ്ഥാനാർഥി പട്ടികയിലുള്ളത്.