കൊച്ചി: രാജ്യ മനഃസാക്ഷിയെ ഉലച്ച അട്ടപ്പാടി മധു വധക്കേസിൽ 12 പ്രതികളെ മൂന്നുവീതം ജീവപര്യന്തം തടവിന് ശിക്ഷിച്ച് ഹൈക്കോടതി. പട്ടികജാതി/പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ചെയ്തെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ച് പ്രതികളുടെ ശിക്ഷ വർധിപ്പിച്ചത്.

To advertise here,

ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. മൂന്നുലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. വിചാരണക്കോടതി മൂന്നുമാസംമാത്രം തടവിന് ശിക്ഷിച്ച 16-ാം പ്രതി മുനീറിന്റെ തടവ് ഒരു വർഷമായി വർധിപ്പിച്ചു. അതേസമയം, കേസിലെ ഒന്നാം പ്രതി ഹുസൈനെ കുറ്റകൃത്യത്തിൽ പങ്കാളിയായതിന് മതിയായ തെളിവില്ലെന്ന് വിലയിരുത്തി വെറുതേവിട്ടു.

നാലാംപ്രതി അനീഷ് 11-ാം പ്രതി അബ്ദുൾ കരിം എന്നിവരെ വിചാരണക്കോടതി വെറുതേവിട്ടത് ശരിവെച്ചു. പാലക്കാട് മണ്ണാർക്കാട് പ്രത്യേക കോടതി ഏഴുവർഷം തടവിന് ശിക്ഷിച്ചതിനെതിരേ പ്രതികൾ നൽകിയ അപ്പീലിലും ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരും മധുവിന്റെ അമ്മ മല്ലിയും നൽകിയ അപ്പീലുകളിലുമാണ് ഉത്തരവ്. ആദിവാസി യുവാവായ മധുവിനെ (34) അരിമോഷ്ടിച്ചെന്നാരോപിച്ച് പ്രതികൾ കാട്ടിൽനിന്ന് പിടിച്ചുകൊണ്ടുവന്ന് മർദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.