നെടുമങ്ങാട്: കണ്ണമ്മൂല സ്വദേശി വിഷ്ണുവിനെ പട്ടാപ്പകൽ അച്ഛനമ്മമാരുടെ മുന്നിലിട്ട് അതിക്രൂരമായി വെട്ടിക്കൊന്ന കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. 19 വർഷത്തെ അധിക ശിക്ഷയും അനുഭവിക്കണം. കൂടാതെ ഓരോ പ്രതികളും 1,75,000 രൂപ നഷ്ടപരിഹാരമായി കെട്ടിവെക്കണം. നെടുമങ്ങാട് എസ്.സി.-എസ്.ടി. പ്രത്യേക കോടതി ജഡ്ജി എ.ഷാജഹാനാണ് ശിക്ഷ വിധിച്ചത്.

To advertise here,

കണ്ണമ്മൂല പ്രദേശത്തെ ഗുണ്ടാനേതാവ് അരുൺ, ലല്ലു, രാജേഷ്, സനൽകുമാർ(സഞ്ജു), ശ്രീനാഥ്, വിജീഷ്(വിഷ്ണു), മനു എന്നിവരാണ് കേസിലെ ഒന്നുമുതൽ ഏഴുവരെയുള്ള പ്രതികൾ. മറ്റു പ്രതികളായ ഡിനി ബാബു, ജയൻ, അജീഷ്, ഉണ്ണികൃഷ്ണൻ, ദിലീപ് എന്നിവരെ വെറുതേവിട്ടു. നഷ്ടപരിഹാരത്തുകയിൽനിന്ന്‌ അഞ്ചു ലക്ഷം രൂപ മരിച്ച വിഷ്ണുവിന്റെ അമ്മ ബിന്ദുകുമാരിക്കും മൂന്നു ലക്ഷം രൂപ വീതം അച്ഛൻ അനിൽകുമാറിനും അച്ഛന്റെ സഹോദരി ലൈലയ്ക്കും നൽകണം. ജീവപര്യന്തം കൂടാതെ കൊലപാതകശ്രമം, ക്രൂരമായി പരിക്കേൽപ്പിക്കൽ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ, വീടുകയറി അക്രമം തുടങ്ങി ഏഴ് വകുപ്പുകളിൽ 19 വർഷത്തെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

അഡ്വ. സാജൻ പ്രസാദ് ആയിരുന്നു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. 2016 ഒക്ടോബർ ഏഴിനാണ് തിരുവനന്തപുരം നഗരത്തെ നടുക്കിയ കൊലപാതകം നടന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ വിഷ്ണു(18)വിനെ ഗുണ്ടകൾ ചേർന്ന് അച്ഛന്റെയും അമ്മയുടെയും അച്ഛന്റെ സഹോദരിയുടെയും മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. അക്രമത്തിൽ വിഷ്ണുവിന്റെ അമ്മ ബിന്ദുകുമാരി, അച്ഛന്റെ സഹോദരി ലൈല എന്നിവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കേസിലെ എട്ടാം പ്രതിയും അറിയപ്പെടുന്ന ഗുണ്ടാനേതാവുമായ ഡിനി ബാബുവിന്റെ സഹോദരൻ സുനി ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി വിഷ്ണുവിന്റെ കുടുംബത്തിന് അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിനു കാരണമായത്.

പേട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഷാനിഹാന്റെ നേതൃത്വത്തിൽ അന്വേഷിച്ചു. ആദ്യം ചുമത്തിയിരുന്ന വകുപ്പുകൾക്കു പുറമേ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമംകൂടി ചുമത്തിയാണ് പിന്നീട് കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്ക് ജില്ലയ്ക്കകത്തും പുറത്തുമായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കാപ്പാ കേസിൽ ഉൾപ്പെട്ട പ്രതികളും കൂട്ടത്തിലുണ്ട്. വിധികേൾക്കാനായി വിഷ്ണുവിന്റെ അച്ഛനമ്മമാരും പ്രതികളുടെ സുഹൃത്തുക്കളും കോടതിയിലെത്തിയിരുന്നു. കോടതിവളപ്പിൽ കനത്ത പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.

വഴിത്തിരിവുകളേറെ, സാക്ഷിയും കൂറുമാറി

അന്വേഷണത്തിൽ വലിയ വെല്ലുവിളി നേരിട്ട കേസായിരുന്നു വിഷ്ണു കൊലക്കേസ്. വിഷ്ണുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടറായി അഡ്വ. സാജൻ പ്രസാദിനെ സർക്കാർ നിയമിച്ചതാണ് കേസിൽ വഴിത്തിരിവായത്. കേസിലെ പ്രധാന സാക്ഷിയായിരുന്ന വിഷ്ണുവിന്റെ അടുത്ത ബന്ധു സജിത വിചാരണവേളയിൽ കൂറുമാറി. കേസിന്റെ വിചാരണ ആരംഭിച്ചപ്പോൾത്തന്നെ കുറ്റപത്രത്തിലെ ഗുരുതരവീഴ്ചകൾ ചൂണ്ടിക്കാട്ടി സാജൻ പ്രസാദ് വിചാരണ നിർത്തിവെക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. കേസിന്റെ തുടരന്വേഷണം സിറ്റി ജില്ലാ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണർ ജെ.കെ.ദിനിലിന് കൈമാറി. അന്വേഷണത്തിലെ വീഴ്ചകൾ പരിഹരിച്ച് പുതിയ വകുപ്പുകൾകൂടി ചേർത്ത് ദിനിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതാണ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയിലേക്കു നയിച്ചത്. കേസിൽ ആകെ 48 സാക്ഷികളെ വിസ്തരിച്ചു. 144 തൊണ്ടിമുതലുകളും ആറ് തെളിവ് രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു.

രക്ഷിക്കാൻ ശ്രമിച്ച അമ്മയെ തലങ്ങും വിലങ്ങും വെട്ടി 

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിലാണ് യാതൊരു ക്രിമിനൽ പശ്ചാത്തലവുമില്ലാത്ത വിദ്യാർഥിയായ വിഷ്ണു കൊലക്കത്തിക്ക് ഇരയായത്. ഗുണ്ടാ നേതാക്കളായ പുത്തൻപാലം രാജേഷും ഡിനി ബാബുവും തമ്മിലുള്ള ദീർഘകാല വൈരാഗ്യമാണ് വിഷ്ണുവിന്റെ കൊലപാതകത്തിൽ കലാശിച്ചത്. സംഭവം നടക്കുമ്പോൾ വിഷ്ണുവിന്റെ അച്ഛൻ അനിൽകുമാർ (ജോസ്) പ്രാണരക്ഷാർഥം ഓടി രക്ഷപ്പെട്ടു. എന്നാൽ, അമ്മ ബിന്ദുകുമാരി വെട്ടേറ്റ് തറയിൽവീണ മകന്റെ ശരീരത്തിനു മുകളിൽക്കൂടി കമിഴ്ന്നുകിടന്നു. അക്രമികൾ ബിന്ദുവിനെയും തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. അച്ഛന്റെ സഹോദരി ലൈലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. വിഷ്ണുവിന്റെ ശരീരത്തിൽ 35-ലധികം വെട്ടുകളുണ്ടായിരുന്നു. ഏഴാംപ്രതി മനു വാളുപയോഗിച്ച് കഴുത്തിന്റെ പിന്നിൽ ആഴത്തിൽ കുത്തിയതാണ് വിഷ്ണുവിന്റെ മരണത്തിലേക്കു നയിച്ചത്. ബിന്ദുവിന്റെയും ലൈലയുടെയും ശരീരത്തിലും പതിനഞ്ചിലധികം വെട്ടുകളുണ്ടായിരുന്നു.

വിധിയിൽ ആശ്വാസം- വിഷ്ണുവിന്റെ രക്ഷാകർത്താക്കൾ

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മകനെ വെട്ടിക്കൊന്ന് പത്തുവർഷത്തിനുശേഷം വിധി വരുമ്പോൾ വിഷ്ണുവിന്റെ അച്ഛൻ അനിൽകുമാറിനും അമ്മ ബിന്ദുകുമാരിക്കും അനിൽകുമാറിന്റെ സഹോദരി ലൈലയ്ക്കും ഏറെ ആശ്വാസം. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു.

കുറ്റാരോപിതരായ ഡിനി ബാബു, ജയൻ എന്നിവർക്ക് ശിക്ഷ ലഭിക്കാതെപോയതിൽ ദുഃഖമുണ്ടെന്നും ഇവർ പറഞ്ഞു. ഇവർ രണ്ടുപേരും ശിക്ഷിക്കപ്പെടുന്നതുവരെ കേസുമായി മുന്നോട്ടുപോകുമെന്നും അച്ഛൻ അനിൽകുമാർ പറയുന്നു. ഇപ്പോൾ ശിക്ഷിക്കപ്പെട്ട ഗുണ്ടാസംഘവുമായോ പുത്തൻപാലം രാജേഷിന്റെ ഗുണ്ടാസംഘവുമായോ തന്റെ മകന് യാതൊരു ബന്ധവുമില്ല. പിന്നെ എന്തിനാണ് മകനെ വെട്ടിക്കൊന്നത് എന്ന് അമ്മ ബിന്ദുകുമാരി നിറകണ്ണുകളോടെ ചോദിക്കുന്നു.

കുട്ടിക്കാലത്തേ മകൻ വീട്ടുകാര്യങ്ങൾ നന്നായി നോക്കിയിരുന്നു. പുലർച്ചെ പത്രം ഇടാൻപോയി അതിൽനിന്നു കിട്ടുന്ന വരുമാനംകൊണ്ടാണ് പഠിച്ചിരുന്നത്. ഒരു അടിക്കേസിലോ ക്രിമിനൽക്കേസിലോ പെട്ടിരുന്നില്ല- ബിന്ദു നിറകണ്ണുകളോടെ പറഞ്ഞു.

കോടതിവളപ്പിലെത്തിയിരുന്ന പിതൃസഹോദരി ലൈല വിധികേട്ട് പൊട്ടിക്കരയുകയായിരുന്നു. ഒന്നും പറയാനില്ല, എല്ലാം ദൈവം നൽകുമെന്ന് ഒറ്റവാക്കിലാണ് ലൈല പ്രതികരിച്ചത്.