കൊച്ചി: ആദിവാസിയുവാവ് മധുവിനെ വേട്ടയാടുകയും പരേഡ് ചെയ്യിപ്പിക്കുകയും ചെയ്തവർ സമൂഹപ്രതികാരത്തിന്റെ വിജയചിഹ്നമായി (ട്രോഫി) അവനെ പ്രദർശിപ്പിക്കുകയും ചെയ്‌തെന്ന് ഹൈക്കോടതി. ചെയ്യുന്നത് കുറ്റകൃത്യമാണെന്നുപോലും അവർക്ക് തോന്നിയില്ല, നീതി നടപ്പാക്കുകയാണെന്നാണ് വിശ്വസിച്ചത്. പ്രതിരോധിക്കാൻ ശേഷിയില്ലാത്തവനുനേരേയുള്ള സംഘടിതശക്തിയുടെ ഏറ്റവും നഗ്‌നമായ പ്രകടനമായിരുന്നു അത്.
വിശന്നിട്ടാണ് മധു ഭക്ഷണം എടുത്തത്. രോഗവും പട്ടിണിയും സമൂഹതിരസ്‌കാരവും മധുവിനെ തീർത്തും ദുർബലനാക്കിയിരുന്നു. പ്രതികൾക്ക് ചുമത്തിയിരിക്കുന്ന ശിക്ഷ, ഗ്രാമക്കോടതിയായി മാറി ദുർബലരായവർക്കെതിരേ നിതി നടപ്പാക്കാമെന്നു കരുതുന്നവർക്കുള്ള ഭരണഘടനാപരമായ ഉത്തരമാണ്. മധു ജീവിക്കണമായിരുന്നു. രാജ്യത്തെ നിയമങ്ങളുടെയെല്ലാം സംരക്ഷണത്തിന് അർഹനായിരുന്നു. എന്നാൽ, അതൊന്നും ജീവിച്ചിരിക്കേ ലഭിച്ചില്ല. അവന്റെ മരണംപോലും നിയമപരമായ പ്രത്യാഘാതങ്ങളില്ലാതെ പോകരുതെന്ന് ഉറപ്പാക്കാനാണ് ശിക്ഷയിലൂടെ ശ്രമിക്കുന്നത് -കോടതി പറഞ്ഞു.
2018 ഫെബ്രുവരി 22-നായിരുന്നു സംഭവം. അരിമോഷ്ടിച്ചെന്നാരോപിച്ച്, മധുവിന്റെ ഇരുകൈകളും പിന്നിലേക്ക് കെട്ടി നഗ്‌നനാക്കി റോഡിലൂടെ നടത്തിയാണ് കാട്ടിൽനിന്ന് കൊണ്ടുവന്നത്. മാനസികാസ്വാസ്ഥ്യവുമുണ്ടായിരുന്നു മധുവിന്.
പിഴത്തുക അമ്മയ്ക്ക് നൽകണം
പ്രതികളിൽനിന്ന് ഈടാക്കുന്ന പിഴത്തുകയിൽ 30 ലക്ഷം മധുവിന്റെ അമ്മ മല്ലിക്ക് നൽകണം. ബാക്കി തുകയുണ്ടെങ്കിൽ നിയമപരമായ അവകാശികൾക്കും നൽകണം. അവകാശികൾ ഇല്ലെങ്കിൽ അതും മല്ലിക്ക് നൽകണം.
ഹുസൈനെ വെറുതേ വിട്ടതിൽ അപ്പീൽ നൽകും
12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി വർധിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് മധുവിന്റെ അമ്മ മല്ലി പറഞ്ഞു. സർക്കാർ അടക്കം എല്ലാവരും സഹായിച്ചു. ഒന്നാംപ്രതി ഹുസൈനെ വെറുതേവിട്ടതിനെതിരേ അപ്പീൽ നൽകുമെന്നും അവർ പറഞ്ഞു. മധു എത്രത്തോളം വേദന അനുഭവിച്ചു എന്നത് കേരളസമൂഹം കണ്ടതാണെന്ന് മധുവിന്റെ സഹോദരി സരസു പറഞ്ഞു. കേസിൽ ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി. ജീവേഷ്, അഡ്വ. സി.കെ. രാധാകൃഷ്ണൻ തുടങ്ങിയവർക്ക് ഇരുവരും നന്ദി പറഞ്ഞു.
ഹുസൈൻ, മധുവിന്റെ നെഞ്ചിൽ ചവിട്ടി; പക്ഷേ, തെളിവില്ലെന്നു കോടതി
ആൾക്കൂട്ടം പിടിച്ചുകൊണ്ടുവന്ന് മുക്കാലി ജങ്ഷനിലെത്തിച്ച മധുവിന്റെ നെഞ്ചിൽ ഒന്നാംപ്രതി ഹുസൈൻ ആഞ്ഞു ചവിട്ടിയെന്നും അതിന്റെ ആഘാതത്തിൽ പിന്നിലേക്കുവീണ മധുവിന്റെ തല കോൺക്രീറ്റിൽ ഇടിച്ചെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്. എന്നാൽ, ഇതു സംശയാതീതമായി തെളിയിക്കാനായില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തിൽ രണ്ടു സാക്ഷിമൊഴി ഉണ്ടായിരുന്നെങ്കിലും സി.സി.ടി.വി. ദൃശ്യങ്ങളിൽ സാക്ഷികളുടെ സാന്നിധ്യം ഉറപ്പാക്കാനായില്ലെന്ന് ഹുസൈനുവേണ്ടി ഹാജരായ അഡ്വ. ടി. ഷാജിത്ത് വാദിച്ചതും ഹുസൈൻ പ്രദേശവാസി അല്ലെന്നതും കോടതി കണക്കിലെടുത്തു. സംഭവം നടന്ന മുക്കാലി ജങ്ഷനിൽ ഉണ്ടായിരുന്നു എന്നതിന്റെ പേരിൽമാത്രം കുറ്റക്കാരനാണെന്നു പറയാനാകില്ല. സംഭവസ്ഥലത്തെ സാന്നിധ്യം സംശയകരമാണ്. എന്നാൽ ഇത് തെളിവിനു പകരമാകില്ലെന്നും കോടതി പറഞ്ഞു.
കുടുംബപരമായ ആവശ്യത്തിനാണ് താൻ മുക്കാലിയിൽ എത്തിയതെന്ന പ്രതിയുടെ വിശദീകരണം തള്ളിക്കളയാൻ തെളിവുകളില്ല. ഇത്രയും ഗൗരവമേറിയ കേസിൽ, പ്രതിയുടെ കുറ്റം സംശയരഹിതമായി തെളിയിക്കാൻ പ്രോസിക്യൂഷന് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.
Content Highlights: High Court condemned the lynching as a display of organized power against the vulnerable., Sentencing aimed to serve as a constitutional warning against mob vigilantism., Court ordered 30 lakh rupees compensation from fines to be paid to Madhu's mother, Malli., First accused Hussain acquitted due to lack of conclusive evidence regarding his presence., Family plans to appeal the acquittal of the first accused.
Published: 26 May 2026, 08:25 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented