എം. എൻ. കാരശ്ശേരി | ഫോട്ടോ: മധുരാജ്
ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത്. എഴുത്തുകാരനും രാഷ്ട്രീയ വിചക്ഷണനും യാത്രികനുമായിരുന്ന മുഹമ്മദ് അസദിന്റെ 'റോഡ് ടു മക്ക' എന്ന പുസ്തകത്തില്‍നിന്നുള്ള ഭാഗങ്ങള്‍ ബെന്യാമിന്റെ ആടുജീവിതത്തില്‍ പകര്‍ത്തിയിട്ടുണ്ട് എന്നാണ് ഉയരുന്ന പ്രധാന ആരോപണം.
അറേബ്യന്‍ മരുഭൂമിയിലൂടെ നടത്തിയ യാത്രയാണ് അസദിന്റെ ആത്മകഥാപരമായ യാത്രാവിവരണത്തിന്റെ പ്രമേയം. ഇരു കൃതികളിലും മരുഭൂമിയിലെ അനുഭവങ്ങളുടെ വിവരണങ്ങള്‍ ധാരാളമായുണ്ട്. എന്നാല്‍ മോഷണാരോപണം ഉന്നയിക്കാന്‍ തക്കവിധത്തിലുള്ള സമാനത ഇവതമ്മിലുണ്ടോ? മരുഭൂമി എന്ന മഹാപ്രതിഭാസം മനുഷ്യനിലുണ്ടാക്കുന്ന പ്രതികരണത്തിന്റെ സ്വാഭാവിക സമാനതകള്‍ മാത്രമാണോ ഈ കൃതികള്‍ക്കു തമ്മിലുള്ളത്?
മലയാളത്തിലെ പ്രമുഖ നിരൂപകനും എഴുത്തുകാരനുമായ എം. എന്‍. കാരശ്ശേരിയാണ് റോഡ് ടു മക്ക എന്ന കൃതി 'മക്കയിലേക്കുള്ള പാത' എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. ആടുജീവിതത്തെയും മക്കയിലേക്കുള്ള പാതയെയും ബന്ധപ്പെടുത്തി ഇപ്പോഴുയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുകയാണ് എം.എന്‍. കാരശ്ശേരി.
ബെന്യാമിന്റെ 'ആടുജീവിതം' എന്ന കൃതിയേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച നടക്കുകയാണല്ലോ. മുഹമ്മദ് അസദിന്റെ 'റോഡ് ടു മക്ക' എന്ന കൃതിയുടെ അനുകരണമാണ് എന്നാണ് ആരോപണം. റോഡ് ടു മക്കയുടെ വിവര്‍ത്തകനായ താങ്കള്‍ക്ക് എന്താണ് ഈ വിവാദങ്ങളെക്കുറിച്ച് തോന്നുന്നത്?
ബെന്യാമിന് മക്കയിലേക്കുള്ള പാത വായിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. വായിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ഓര്‍മയില്‍ എവിടെയെങ്കിലും കിടന്ന രണ്ടോ മൂന്നോ വാചകം, രണ്ടോ മൂന്നോ ഇമേജ് അദ്ദേഹത്തിന്റെ എഴുത്തില്‍ വന്നു എന്നത് ഒരു കുറ്റമായോ ദോഷമായോ ആരോപിക്കുന്നത് ശരിയല്ല. ആടുജീവിതം എഴുതുന്നതിന് മുന്‍പുതന്നെ ബെന്യാമിനെ എനിക്ക് ബഹ്റിനില്‍വെച്ച് പരിചയമുണ്ട്. ആടുജീവിതം ഒരു നല്ല നോവലാണ്. അടുത്ത കാലത്ത് മലയാളത്തില്‍ ഉണ്ടായ നല്ല നോവലാണത്. ഞാനത് ശ്രദ്ധിച്ച് വായിച്ചിട്ടുണ്ട്.
മരുഭൂമിയിലെ ഒരു അസ്തമയത്തേപ്പറ്റിയോ മരുപ്പച്ചയുടെ കുളിര്‍മയേപ്പറ്റിയോ പൊടിക്കാറ്റിനേപ്പറ്റിയോ അസദിനും ബെന്യാമിനും അനുഭവമുണ്ടാകും. മരുഭൂമി ബെന്യാമിനും കണ്ടിട്ടുണ്ട്. മുഹമ്മദ് അസദ് മാത്രമല്ലല്ലോ മരുഭൂമി കണ്ടിട്ടുള്ളത്. രണ്ടെഴുത്തുകാരുടെ വാക്യങ്ങള്‍ തമ്മിലോ അലങ്കാരങ്ങള്‍ തമ്മിലോ സാമ്യംവരുക എന്നത് സാധാരണമായ കാര്യമാണ്. ബെന്യാമിന് മക്കയിലേക്കുള്ള പാത വായിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം അറിഞ്ഞോ അറിയാതെയോ സമാനതയുള്ള രണ്ടോ മൂന്നോ വര്‍ണനകള്‍ വന്നിരിക്കാം. ആ വര്‍ണനകള്‍അല്ലല്ലോ ആ നോവല്‍. അതില്‍ മലയാളിയുടെ പ്രവാസജീവിതമുണ്ട്.

മുന്‍പ് ഈ വിവാദം വന്നപ്പോഴൊക്കെ മിണ്ടാതിരുന്ന ഒരാളാണ് ഞാന്‍. സോഷ്യല്‍ മീഡിയയില്‍ ആടുജീവിതത്തെപ്പറ്റി ആദ്യമുണ്ടായ വിവാദം, നോവലിലെ കഥാപാത്രമായ നജീബിന് ബന്യാമിന് പണമൊന്നും കൊടുത്തില്ല എന്നായിരുന്നു. ഒരു നോവലിലെ കഥാപാത്രത്തിന് പൂര്‍വരൂപമായ ഒരു വ്യക്തിയുണ്ടാകാം. കഥാപാത്രങ്ങള്‍ക്ക് റോയല്‍റ്റി നല്കാന് തുടങ്ങിയാല്‍ ബഷീറിന്റെ കൈയ്യില്‍ എന്തെങ്കിലും ബാക്കിയുണ്ടാകുമായിരുന്നോ? ബഷീറും എംടി വാസുദേവന്‍ നായരുമൊക്കെ യഥാര്‍ഥത്തില്‍ ഉണ്ടായിരുന്ന വ്യക്തികളെക്കുറിച്ചാണ് കൂടുതലും എഴുതിയിട്ടുള്ളത്. നജീബിന് ബന്യാമിനെക്കുറിച്ച് പരാതിയൊന്നും ഇല്ല എന്നാണ് മനസ്സിലാക്കുന്നത്. സാഹിത്യനിരൂപണം എന്താണെന്ന് അറിവില്ലാത്ത ആള്‍ക്കാള്‍ നടത്തുന്ന ഏര്‍പ്പാടാണ് ഇത്തരം വിവാദങ്ങളൊക്കെ. ഒന്നുകില്‍ അസൂയകൊണ്ട്, അല്ലെങ്കില്‍ അറിവില്ലായ്മകൊണ്ട് ചെയ്യുന്നതാണ്.
ആടുജീവിതം പ്രസിദ്ധീകരിച്ചിട്ട് 13 വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ ഇങ്ങനെയൊരു വിവാദം ഉയര്ന്നുവരുന്നതിനേപ്പറ്റി എന്തുതോന്നുന്നു?
ആടുജീവിതവുമായി ബന്ധപ്പെട്ട വിവാദം വന്നപ്പോള്‍ പലരും എന്നെ വിളിച്ച് ചോദിച്ചു. ചര്‍ച്ചയാക്കേണ്ടതായി ഇതില്‍ ഒന്നും ഇല്ല, ഞാനതിലേക്കില്ല എന്നായിരുന്നു അപ്പോഴൊക്കെ ഞാന്‍ പറഞ്ഞത്. മക്കയിലേക്കുള്ള പാതയുടെ സ്വാധീനമുണ്ടെന്ന് പല കൃതികളേക്കുറിച്ചും പലരും പറയാറുണ്ട്. അത് സ്വാഭാവികമാണ്. കാരണം അതൊരു നല്ല പുസ്തകമാണ്. ഗള്‍ഫിലൊക്കെയുള്ള പല എഴുത്തുകാരുടെയും ആത്മകഥയിലോ യാത്രാവിവരണത്തിലോ ഒക്കെ ഈ പുസ്തകത്തിലുള്ള ചിലതൊക്കെ വന്നിട്ടുണ്ടാകും. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കന്യാവനങ്ങള്‍ എന്ന പുസ്തകത്തില്‍ മക്കയിലേക്കുള്ള പാതയില്‍നിന്ന് ഒരു ഭാഗം എടുത്ത് ചേര്‍ത്തിട്ട് മുഖവുരയില്‍ അക്കാര്യം പറയുകയാണ് അദ്ദേഹം ചെയ്തത്. ഇതൊക്കെ സ്വാഭാവികമായ കാര്യമാണ്. ഇക്കാര്യത്തില്‍ ബെന്യാമിനില്‍ കുറ്റം കണ്ടെത്താന്‍ ഒന്നുമില്ല.
ഇപ്പോഴെന്താ സംഭവിച്ചതെന്നുവെച്ചാല്‍, തിരഞ്ഞെടുപ്പില്‍ തൃത്താലയില്‍ എംബി രാജേഷിനുവേണ്ടി ബെന്യാമിന് പ്രചാരവേല ചെയ്തു. വി.ടി. ബല്‍റാമും എംബി രാജേഷും എന്റെ സുഹൃത്തുക്കളാണ്. എംബി രാജേഷിനെയാണോ വിടി ബല്റാമിനെയാണോ പിന്തുണയ്ക്കേണ്ടത് എന്നത് ബെന്യാമിന്റെ വ്യക്തിസ്വാതന്ത്ര്യമാണ്. രാജേഷിനെ പിന്തുണച്ചു എന്നതിന്റെ പേരിലാണ് ബല്‍റാം തോറ്റപ്പോള്‍ ഇതൊരു വിഷയമായി പൊന്തിവന്നതെന്നാണ് ഞാന്‍ വിചാരിക്കുന്നത്.
ദീപാ നിഷാന്തിന്റെ 'കോപ്പിയടി'യുമായി താരതമ്യംചെയ്തുകൊണ്ടാണ് പല വിമര്‍ശനങ്ങളും. ഇത്രയധികം വായിക്കപ്പെട്ട, അംഗീകരിക്കപ്പെട്ട പുസ്തകത്തെക്കുറിച്ചുള്ള ഇത്തരം ആരോപണങ്ങള്‍ ന്യായീകരിക്കാനാകുമോ ?
പുസ്തകം പരിഭാഷപ്പെടുത്തി എന്നതുകൊണ്ടുമാത്രം ഈ വിവാദത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് പ്രത്യേകിച്ച് ആധികാരികതയൊന്നും ഇല്ല. കാരണം, ആ പുസ്തകം നമ്മുടെ മുന്നിലുണ്ട്. ഏത് വായനക്കാരനും നിരൂപകനും അതിനേപ്പറ്റി അഭിപ്രായം പറയാം. ബെന്യാമിന് ഈ പുസ്തകത്തില്‍നിന്ന് കോപ്പിയടിച്ചു എന്ന് എനിക്ക് തീരെ തോന്നിയിട്ടില്ല. ദീപാ നിഷാന്തിന്റെ 'കോപ്പിയടി'യുമായി ബന്ധപ്പെടുത്തിയാണ് ഇതിനേക്കുറിച്ച് പറയുന്നത് എന്നതാണ് രസകരമായ കാര്യം. ദീപാനിഷാന്തിന്റെ കവിതയില്‍ വേറൊരാളുടെ നാലുവരി വന്നതല്ല വിഷയമായത്. മറ്റൊരാളുടെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതാണ്. അതിനോട് തുലനംചെയ്തുകൊണ്ട് ഇതിനേക്കുറിച്ച് പറയാമോ? ചര്‍ച്ചചെയ്യുന്നത് ആരായാലും ആ ചര്‍ച്ചയ്ക്ക് ഒരു മൂല്യം വേണ്ടേ.

ബെന്യാമിന്റെ കൃതിയിലെ കഥാപാത്രങ്ങള്‍, കഥാഗതി, കഥാപരിണാമം- ഇങ്ങനെ ഒന്നിനെക്കുറിച്ചും ആരോപണമില്ല. ആകെ മരുഭൂമിയെക്കുറിച്ചുള്ള വര്‍ണനയില്‍ ഒന്നുരണ്ടിടത്താണ് സാമ്യം ആരോപിക്കുന്നത്. ബെന്യാമിന് ചിലപ്പോള്‍ മെക്കയിലേക്കുള്ള പാത കണ്ടിരിക്കാം. കാരണം, ഗള്‍ഫിലൊക്കെയുള്ള ഒരുമാതിരി മലയാളികളൊക്കെ വായിച്ച പുസ്തകമാണിത്. മതവുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല അതില്‍ കൂടുതലായുള്ളത്. അറബ് നാടുകളുടെ ചരിത്രവും അവിടുത്തെ സാമുഹ്യ ജീവിതവും സാസ്കാരിക ജീവിതവുമാണ്. പ്രത്യേകിച്ച് മരുഭൂവര്ണനയാണ്. മരുഭൂപ്രദേശങ്ങളില് ജീവിക്കുന്ന ആള്‍ക്കാര്‍ക്ക് രസിച്ച് വായിക്കാവുന്ന ഒരു പുസ്തകമാണത്. എന്നാല്‍ ആ പുസ്തകത്തില്‍ പറയുന്ന എല്ലാ കാര്യങ്ങളും നമുക്ക് യോജിക്കാനാവുന്നതാണ് എന്നര്‍ഥമില്ല.
സാഹിത്യ മോഷണം എന്ന ആരോപണം പുതിയതല്ല. മലയാളത്തിലെ മഹത്തായ നിരവധി കൃതികളേക്കുറിച്ച് ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്?
ഞാന്‍ ഇത്തരം കാര്യങ്ങളില്‍ കൗതുകമുള്ള ഒരാളല്ല. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളില്‍ മോഷണം ആരോപിച്ചുകൊണ്ട് പുസ്തകം എഴുതിയിട്ടുണ്ട് ഇവിടെ ചിലര്‍. വൈലോപ്പിള്ളിയുടെ മാമ്പഴം അനുകരണമാണ് എന്നാരോപിച്ച് വിലാസിനി എന്ന എംകെ മേനോന് ഉതിര്‍മണികള്‍ എന്ന പുസ്തകത്തിലെഴുതിയ ലേഖനം വായിച്ച് ഞാന്‍ അമ്പരന്നുപോയിട്ടുണ്ട്. അതുപോലെ, ഒവി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം മറാത്തി നോവലായ ബംഗര്വാഡിയുടെ അനുകരണമാണെന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്. അതൊക്കെ പറഞ്ഞത് ചെറിയ ആള്‍ക്കാരൊന്നുമല്ല. ആദ്യം പറഞ്ഞത് ജിഎന്‍ പണിക്കരാണ്. പിന്നെ പറഞ്ഞത് എംഎം ബഷീറാണ്. എന്ത് അസംബന്ധമാണെന്ന് ആലോചിച്ചുനോക്കൂ. ബംഗര്വാഡിയിലും ഒരു ഏകാധ്യാപക വിദ്യാലയം ഉണ്ട്, ഒരാള്‍ നഗരത്തില്‍നിന്ന് ഗ്രാമത്തിലേക്ക് പോകുന്നുമുണ്ട്. അതുകൊണ്ടു മാത്രം ഖസാക്ക് ബംഗര്വാഡിയാകുമോ? ഇക്കാര്യം ഒവി വിജയനോട് ഞാന്‍ സംസാരിച്ചിട്ടുണ്ട്. ഈ വിവാദം കേട്ടിട്ടാണ് അദ്ദേഹം ആ നോവല്‍ വായിച്ചത്.
അനിയന് മരിച്ചതിനെപ്പറ്റിയാണ് വൈലോപ്പിള്ളി മാമ്പഴം എഴുതിയത്. മാമ്പഴം അനുകരണമാണ് എന്നു പറയുന്നതോടുകൂടി എംകെ മേനോന് എന്ന പണ്ഡിതനായ എഴുത്തുകാരന്റെ സാഹിത്യാഭിരുചിയേപ്പറ്റി എനിക്ക് സംശയമായി. മതിലുകള്‍ അനുകരണമാണ് എന്നു പറഞ്ഞതോടെ രഘുനാഥന് നായര്‍ നിരൂപകനല്ല എന്ന് തീര്‍ച്ചയായി. എംടിയുടെ മഞ്ഞ് ഹിന്ദിയിലെ പ്രസിദ്ധ എഴുത്തുകാരനായ നിര്‍മല്‍ വര്‍മയുടെ പറവകള്‍ എന്ന പുസ്തകത്തിന്റെ അനുകരണമാണെന്ന് ആരോപിച്ച് എന്റെ സുഹൃത്ത് കെ.വി തോമസ് ലേഖനമെഴുതിയിരുന്നു. ഹിന്ദി വായിക്കാനറിയാത്ത എംടി മഞ്ഞ് എഴുതിക്കഴിഞ്ഞ ശേഷം പറവകളുടെ തര്‍ജമ ഇറങ്ങിക്കഴിഞ്ഞാണ് ആ കൃതി വായിച്ചതെന്നാണ് എന്റെ അറിവ്. ഇതാണ് ഇവിടത്തെ മോഷണാരോപണങ്ങളുടെ കഥകള്‍.
അതേസമയം മറ്റൊന്നുണ്ട്, പുനത്തില്‍ കുഞ്ഞബ്ദുള്ള തന്റെ കന്യാവനങ്ങള്‍ എന്ന കൃതിയില്‍ രവീന്ദ്രനാഥ ടാഗോറിന്റെ ജപ്പാന് യാത്രി എന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍നിന്ന് ഏതാനും ഭാഗങ്ങള്‍ അതേപടി പകര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം കുഞ്ഞബ്ദുള്ള മുഖവുരയില്‍ പറഞ്ഞുമില്ല. അതിവിടെ വലിയ പുക്കാറായിട്ടുമുണ്ട്. ഇതിനെയാണ് പകര്‍ത്തിയെഴുത്ത് (പ്ലേജിയറിസം) എന്നു പറയുന്നത്.
മുന്‍കാല കൃതികള്‍ പിന്നീടുള്ള എഴുത്തുകാരെ സ്വാധീനിക്കുന്നത് സ്വാഭാവികമല്ലേ. കോപ്പിയടിയും സ്വാധീനിക്കപ്പെടലും എങ്ങനെയാണ് വേര്‍തിരിയുന്നത്?
അനുകരണമാണോ മോഷണമാണോ എന്നൊക്കെ ഒരു കൃതി വായിച്ചാല്‍ യഥാര്‍ഥ സഹൃദയന് മനസ്സിലാവും. ഒരു കൃതി നിങ്ങളെ സ്പര്ശിക്കുന്നുണ്ടോ എന്നതാണ് കാര്യം. മോഷ്ടിക്കപ്പെട്ട ഒരു കൃതിക്ക് അങ്ങനെ സ്പര്‍ശിക്കാന്‍ കഴിയില്ല. ഒരു ഉദാഹരണം പറയാം, വള്ളത്തോളിന്റെ കൊച്ചുസീത എന്നൊരു കൃതിയുണ്ട്. ഒരുകാലത്ത് വളരെ പോപ്പുലറായിരുന്ന ഒരു പുസ്തകമാണ്. ദേവദാസി സമ്പ്രദായത്തില്‍നിന്ന് രക്ഷപ്പെടാന്‍ ചമ്പകവല്ലി എന്ന പെണ്‍കുട്ടി ശ്രമിക്കുന്നതും അതില്‍ അവള് വിജയിക്കുന്നതുമാണ് ഇതിവൃത്തം. അതില്‍ മനോഹരമായ ഒരു അലങ്കാരമുണ്ട്. ചമ്പകവല്ലിയെ തേടി വരുന്ന ഒരു വിടനെ പറ്റിക്കാനായി അവള് കിടക്കയില്‍ തലയിണകള്‍ നിരത്തി പുതപ്പിട്ടു മൂടി രക്ഷപ്പെടുകയാണ്. അയാള്‍ വന്ന് ചമ്പകവല്ലിയാണെന്ന് കരുതി പുതപ്പിനടിയിലെ തലയിണയെ പുണരുന്നു. 'ജനലിനിടയിലൂടെ നിലത്തുവീണ നിലാവ് പാലാണെന്നു കരുതി പൂച്ച നക്കിക്കുടിക്കുംപോലെ' എന്നാണ് ഇതിനെ വള്ളത്തോള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഈ ഉപമ സംസ്കൃതത്തിലുണ്ട്. അതുകൊണ്ട് എന്ത് കുഴപ്പം പറ്റി? വള്ളത്തോള്‍ എഴുതിയ വരികളുടെ ഭംഗി അതുകൊണ്ട് ഇല്ലാതാവുമോ?

കാളിദാസന് സ്വീകരിച്ച പ്രമേയങ്ങള്‍ മിക്കതും അദ്ദേഹത്തിന്റേതല്ല. കാളിദാസന് സ്വന്തം പ്രമേയംകൊണ്ട് ആകെ എഴുതിയത് മേഘദൂതം മാത്രമാണ്. ഇന്ത്യ ഉദ്പാദിപ്പിച്ച ഏറ്റവും മഹാനായ കവിയേപ്പറ്റിയാണ് ഈ പറയുന്നത്. ആശാന് ലീല എഴുതിയത് ലൈലാ-മജ്നൂന്‍ എന്ന പേര്‍ഷ്യന്‍ കാവ്യത്തെ ആധാരമാക്കി വരയ്ക്കപ്പെട്ട ചിത്രം കണ്ടിട്ടാണ്. ലൈല, മജ്നു എന്നീ പേരുകളെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ ലീല, മദനന് എന്നാണ് കഥാപാത്രങ്ങള്‍ക്ക് പേരുകള്‍ ഇട്ടതുതന്നെ. മലയാളത്തില്‍ വേറെ പേരുകള്‍ അറിയാത്ത ആളാണോ കുമാരനാശാന്?
ബാല്യകാല സഖി നോര്‍വീജിയന്‍ എഴുത്തുകാരന് നൂട്ട് ഹാംസന്റെ വിക്ടോറിയ എന്ന നോവലിന്റെ അനുകരണമാണെന്ന് ആരോപിച്ച് ഇവിടെ വലിയ ബഹളമുണ്ടാക്കിയത് എം. കൃഷ്ണന് നായരാണ്. പിന്നീട് അദ്ദേഹം ബഷീര്‍ മരിക്കുന്നതിന് നാലഞ്ചു കൊല്ലം മുന്‍പ് വന്ന് ബഷീറിനോട് മാപ്പ് പറഞ്ഞിട്ടുണ്ട്. ആ മാപ്പ് എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിപ്പോള്‍ ഇവിടെ പത്താംക്ലാസിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ വെച്ചിട്ടുണ്ട്.
1960-കളുടെ തുടക്കത്തിലാണ് തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന കെ. ബാലകൃഷ്ണന്റെ കൗമുദി വാരികയില്‍ 12 ലക്കങ്ങളിലായി ബഷീറിനെതിരായി എം. കൃഷ്ണന് നായര്‍ ലേഖന പരമ്പര എഴുതിയത്. അതില്‍ പ്രധാനമായി ബാല്യകാല സഖിയെയാണ് ആക്രമിച്ചത്. രണ്ട് ആരോപണങ്ങളായിരുന്നു ഉന്നയിച്ചത്. ഒന്ന്, ബഷീര്‍ ഒറിജിനല്‍ അല്ല. മറ്റൊന്ന്, ബഷീറിന് ഭ്രാന്താണ്. ഇതേത്തുടര്‍ന്ന് അനുകരണത്തെപ്പറ്റിയും മോഷണത്തെപ്പറ്റിയുമൊക്കെ വലിയ ചര്‍ച്ചയാണ് അന്ന് നടന്നത്. കൗമുദി വാരികയില്‍ത്തന്നെ ഇതിന് മറുപടി പറയണമെന്ന് കെ. ബാലകൃഷ്ണന് ബഷീറിനോട് ആവശ്യപ്പെട്ടു. ബഷീര്‍ അതിനു മറുപടിയായി ഒരു പോസ്റ്റ് കാര്‍ഡില്‍ ഇങ്ങനെ എഴുതി- 'വൈക്കം മുഹമ്മദ് ബഷീറിന് ഭ്രാന്താണ്, പക്ഷേ, അത് ഒറിജിനലാണ്'. അവിടെ തീര്‍ന്നു അന്നത്തെ തര്‍ക്കം. ഇതൊക്കെയാണ് ഇപ്പോള്‍ നടക്കുന്ന തരം തര്‍ക്കങ്ങള്‍ക്കുള്ള മറുപടി.
Content Highlights: M N Karassery responds to the controversy related to Road to Mecca and Adu jeevitham
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..