തിരുവനന്തപുരം: ഒക്ടോബറിൽ ആവശ്യത്തിന് വൈദ്യുതി ലഭിക്കുമോ എന്നതിൽ കെ.എസ്.ഇ.ബി.യുടെ ആശങ്ക. മഴ കുറയുകയും ചൂട് ഉയരുകയും ചെയ്താൽ വൈദ്യുതി മതിയാകാതെവരും. നിയന്ത്രണം ഒഴിവാക്കാൻ 300 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി. ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചത് 88 മെഗാവാട്ട് മാത്രമാണ്.
ഇതുമതിയാവില്ലെന്ന വിലയിരുത്തലിൽ വീണ്ടും 600 മെഗവാട്ടിന് ടെൻഡർ ക്ഷണിച്ചെങ്കിലും വളരെക്കുറഞ്ഞ കമ്പനികൾമാത്രമാണ് പ്രതികരിച്ചത്. ഇതിനാകട്ടെ വില കൂടുതലുമാണ്. ഈ കരാറുകൾ റെഗുലേറ്ററി കമ്മിഷന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ഉപഭോഗത്തിൽ വർഷംതോറും ആറുശതമാനം വർധന കണക്കാക്കിയാണ് ബോർഡ് വൈദ്യുതി വാങ്ങൽ കരാറുകളിൽ ഏർപ്പെട്ടിരുന്നത്. സെപ്റ്റംബറിലെ ഉപഭോഗത്തിലെ വർധന 18 ശതമാനമാണെന്ന് കെ.എസ്.ഇ.ബി. പറയുന്നു. ഇതേതോതിൽ വർധന തുടർന്നാൽ ഒക്ടോബറിലും കാര്യങ്ങൾ കൈവിടും.
ഒക്ടോബർ പകുതിയോടെ തുലാമഴ തുടങ്ങേണ്ടതാണ്. എൽ-നിനോ കാരണം തുലാമഴയും കുറയുന്നതാണ് കേരളത്തിന്റെ അനുഭവം.
ഇപ്പോൾ ചില സംസ്ഥാനങ്ങളിൽനിന്ന് കൈമാറ്റക്കരാറിന്റെ അടിസ്ഥാനത്തിലാണ് വൈദ്യുതി വാങ്ങുന്നത്. ഇത് തുടരാനാവില്ല. കൂടുതൽദിവസം വൈദ്യുതി വാങ്ങിയാൽ അത് തിരിച്ചുനൽകുന്നത് പ്രതിസന്ധിയുണ്ടാക്കും.
വടക്കേഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും മഴയുള്ളതിനാൽ തത്സമയ വിപണിയിൽ മെച്ചപ്പെട്ട വിലയ്ക്ക് ഇപ്പോൾ വൈദ്യുതി വാങ്ങാൻ കഴിയുന്നുണ്ട്. ഇതിനാലാണ് കഴിഞ്ഞ നാല് ദിവസം വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായത്. തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ പിൻവാങ്ങൽ തുടങ്ങിയതിനാൽ വടക്കേ ഇന്ത്യയിൽ ഇനിയുള്ള ദിവസങ്ങളിൽ മഴ കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം.
Content Highlights: Kerala faces an electricity crisis as supply concerns rise. Limited rainfall and increased demand challenge the state's power availability in October.
Published: 29 Sept 2026, 06:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented