
കൊച്ചി: റേഞ്ച് റോവര്‍ ഡിഫന്‍ഡര്‍ 110, നിസ്സാന്‍ പട്രോള്‍, ടോയോട്ട പ്രാഡോ, ലാന്‍ഡ് ക്രൂസര്‍, ലെക്സസ് തുടങ്ങിയ ആഡംബര എസ്യുവികളാണ് ഭൂട്ടാനില്‍നിന്ന് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. ഇവ ആദ്യം ഭൂട്ടാനിലെത്തിച്ചശേഷം സെക്കന്‍ഡ്ഹാന്‍ഡ് വാഹനം എന്നനിലയ്ക്കാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുക. വാഹനം കണ്ടെയ്നറുകളിലോ പാര്ട്സുകളാക്കിയോ എത്തിക്കുകയാണ് പതിവ്. ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരി എന്നനിലയില്‍ പെര്‍മിറ്റ് വാങ്ങി ഓടിച്ചും അതിര്ത്തികടത്താറുണ്ട്. ഇന്ത്യയില്‍ ഉപേക്ഷിച്ച് തിരികെപ്പോകും. ഈ വാഹനങ്ങള്‍ ഹിമാചല്‍പ്രദേശിലെ ആര്‍ടിഒ ഓഫീസുകളില്‍ വ്യാജമായി രജിസ്റ്റര്ചെയ്യും. ഇതിനുശേഷമാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നത്.
ഭൂട്ടാനില്‍ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ അഞ്ചുമുതല്‍ 10 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് കേരളത്തിലെത്തുമ്പോള്‍ 25 മുതല്‍ 70 ലക്ഷം രൂപവരെയാണ് വില. വാഹനങ്ങള്‍ക്ക് ഏറെ പഴക്കമുണ്ടാകില്ല. ഫിറ്റ്നസോ, ഇന്‍ഷുറന്‍സോ ആദ്യ രജിസ്ട്രേഷന് ഉടമയോ ഇവയ്ക്കുണ്ടാകില്ല. രൂപമാറ്റവും നടത്തിയിട്ടുണ്ടാകും. ഹിമാചലില്‍ രജിസ്റ്റര്‍ചെയ്യുമ്പോള്‍ രണ്ടാം ഉടമയായിട്ടാണ് ചെയ്യുന്നത്. ഇതും വ്യാജപേരിലാകും.
സെക്കന്‍ഡ് ഹാന്ഡിന് നിരോധനം
സെക്കന്‍ഡ് ഹാന്‍ഡ് വാഹനം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് നിരോധനമുണ്ട്. മറ്റൊരു രാജ്യത്ത് ഉപയോഗിക്കുന്ന വാഹനങ്ങള്‍ കൊണ്ടുവരണമെങ്കില്‍ ട്രാന്‍സ്ഫര്‍ ഓഫ് റെസിഡന്‍സ് (ടിആര്‍) വഴി മാത്രമേ കഴിയൂ. ഇതിന് വാഹനവിലയുടെ 150 ശതമാനത്തിലധികം ഡ്യൂട്ടി അടയ്ക്കണം. കേരളത്തിലേക്ക് എത്തിച്ച വാഹനങ്ങളൊന്നുംതന്നെ ടിആര്‍ വഴി കൊണ്ടുവന്നതല്ല.
കള്ളപ്പണ ഇടപാടുകളും ആദായനികുതി വെട്ടിപ്പും
കള്ളപ്പണ ഇടപാടുകളും ആദായനികുതി വെട്ടിപ്പും ഷോറൂമുകളില്‍ ജിഎസ്ടി വെട്ടിപ്പും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇഡി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്ക് വിവരം കൈമാറും. തീവ്രവാദത്തിന് സാമ്പത്തികസഹായം നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും കണ്ടെത്തിയാല്‍ എന്‍ഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികളെ അറിയിക്കുമെന്നും കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ ടി. ടിജു പറഞ്ഞു.
Content Highlights: Luxury SUVs like Range Rover, Patrol, Prado smuggled from Bhutan to India via Himachal Pradesh. Millions in tax evasion uncovered
Published: 24 Sept 2025, 07:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented