കോട്ടയം: ‌സമാനതകളില്ലാത്ത ഷോപ്പിങ് അനുഭവം കോട്ടയത്തിന് സമ്മാനിക്കാൻ ലുലു മാൾ പ്രവർത്തനം ആരംഭിക്കുന്നു. കോട്ടയത്തിനുള്ള ക്രിസ്മസ് സമ്മാനമായി എം.സി. റോഡരികിൽ മണിപ്പുഴയിൽ ലുലു മാൾ ശനിയാഴ്ച തുറക്കും. 

To advertise here,

ഫാഷൻ, ഭക്ഷണം, വിനോദം എന്നിവയുടെ  സമ്മിശ്ര അനുഭവമാണ് ലുലു കോട്ടയത്ത് ഒരുക്കുന്നത്. രണ്ട്നിലകളിലായി 2.5  ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള മാളാണ് സജ്ജമായത്. പുതിയ കാർഷിക ഉൽപന്നങ്ങൾ മുതൽ  പ്രീമിയം അന്താരാഷ്ട്ര ഉൽപ്പന്നങ്ങൾ വരെ ഒറ്റക്കുടക്കീഴിൽ ലഭിക്കും.
 
ഹൈപ്പർ മാർക്കറ്റ്, ബീഫ് സ്റ്റാൾ,  ഇൻഹൗസ് ബേക്കറി, ഹൗസ് കിച്ചൺ, ലുലു ഫാഷൻ, ലുലു കണക്ട് മുതലായവയാണ് ശ്രദ്ധാകേന്ദ്രം. എസ്.ഡബ്ളിയു.എ.ഡയമണ്ട്സ്, സെലിയോ, ലൂയിസ് ഫിലിപ്പ്, വാൻ ഹ്യൂസെൻ, മാമാ എർത്ത് എന്നിവയുൾപ്പെടെ 20 പ്രമുഖ ബ്രാൻഡുകളുടെ ഷോറൂമുകളും ചിക്കിംഗ് ഉൾപ്പെടെ ഏഴ് പാചക ബ്രാൻഡുകളും മക്ഡൊണാൾഡ്, കെഎഫ്സി പോലുള്ള ജനപ്രിയ റെസ്റ്റോറൻ്റുകളും  ഒരുക്കിയിട്ടുണ്ട്.

ശനിയാഴ്ച രാവിലെ 11.30- ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മുഖ്യാതിഥിയായിരിക്കും. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം. എ. യൂസഫ് അലി ആമുഖപ്രഭാഷണം നടത്തും. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.യൂസഫ് അലി സ്വാഗതവും ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം.എ.നിഷാദ് നന്ദിയും പറയും. എം. പി. മാരായ ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, ഹാരിസ് ബീരാൻ, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു, മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മുനിസിപ്പൽ ചെയർ പേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, വാർഡ് അംഗം ഷീനാ ബിനു എന്നിവർ പങ്കെടുക്കും. വൈകീട്ട് നാലു മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.