കൊച്ചി: എല്‍.ജി.ബി.ടി.ഐ.ക്യു വിഭാഗത്തിനോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിനെതിരേ 'ലൗഡ് ആൻഡ് ക്വീർ' ക്യാമ്പയിനുമായി തൃക്കാക്കര മോഡൽ എൻജിനിയറിംഗ് കോളേജ്. കോളേജിന്റെ ടെക്നോ മാനേജീരിയൽ ഫെസ്റ്റായ എക്സലിന്റെ ഭാഗമായാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഓൺലൈനായാണ് ഒരു മാസം നീണ്ടുനിന്ന ക്യാമ്പയിൻ അവസാനിക്കുക.

2016-ലെ മിസ്റ്റർ ഗേ കിരീടമണിഞ്ഞ അന്വേഷ് സാഹു, ഇന്ത്യയുടെ ആദ്യ ട്രാൻസ്മാൻ പൈലറ്റ് ആയ ആദം ഹാരി, ലൈംഗിക ന്യൂനപക്ഷത്തിനു വേണ്ടി പ്രവർത്തിക്കുന്ന റിയ ശർമ എന്നിവർ ലൗഡ് ആൻഡ് ക്വീറിൽ മുഖ്യാതിഥികളാകും. ക്ലബ് എഫ്.എമ്മിന്റെ പിന്തുണയോടുകൂടിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

എല്‍.ജി.ബി.ടി.ഐ.ക്യു വിഭാഗത്തിൽപ്പെട്ടവരോട് ഇന്നും സമൂഹം വേർതിരിവ് കാണിക്കുന്നുണ്ട്. അത്തരം ഒരു തിരിച്ചറിവിൽ നിന്നാണ് ഒരു ക്യാമ്പയിനിലേക്ക് എത്തിയത്. തുടർന്നാണ് പ്രൈഡ് മാസമായി ആയി ആഘോഷിക്കുന്ന ജൂണിൽ ഇത്തരമൊരു ക്യാമ്പയിൻ സംഘടിപ്പിച്ചത്‌.

കോളേജിനും പുറത്തുമുള്ള എല്‍.ജി.ബി.ടി.ഐ.ക്യു വിഭാഗത്തിൽപ്പെട്ടവർ, സെലിബ്രിറ്റികൾ, എല്‍.ജി.ബി.ടി.ഐ.ക്യു വിഭാഗത്തിൽപ്പെട്ടവരുടെ മാതാപിതാക്കൾ എന്നിവരെല്ലാം ഉൾപ്പെടുന്ന വീഡിയോ സീരിസ് ക്യാമ്പയിനിന്റെ ഭാഗമായി ചെയ്തിരുന്നു.

Content Highlights:Loud and Queer campaign by engineering college students