പുല്പള്ളി: നാലരവര്‍ഷം മുന്‍പ് തോട്ടില്‍ കളഞ്ഞുപോയ വിവാഹമോതിരം തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് മുള്ളന്‍കൊല്ലി ഇരുപ്പൂട് എം.എം. ആന്റണിയും ഭാര്യ അഷിതയും. ജോലിക്കിടെ കളഞ്ഞുകിട്ടിയ സ്വര്‍ണമോതിരം ഉടമസ്ഥനു തിരികെ നല്‍കിയപ്പോള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അത് അഭിമാന നിമിഷവുമായി. മുള്ളന്‍കൊല്ലി സെയ്ന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ ആന്റണി മാടല്‍ തോട്ടില്‍ നീന്താനെത്തിയപ്പോഴായിരുന്നു മോതിരം നഷ്ടപ്പെട്ടുപോയത്. ഏറെ അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

To advertise here,

കഴിഞ്ഞദിവസം, മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 18-ാം വാര്‍ഡിലൂടെ കടന്നുപോകുന്ന മാടല്‍തോട് തൊഴിലുറപ്പ് പദ്ധതിയില്‍ വൃത്തിയാക്കുന്നതിനിടയിലാണ് തൊഴിലാളികളായ ലിസിക്കും സംഘത്തിനും സ്വര്‍ണമോതിരം കളഞ്ഞുകിട്ടിയത്. തോട്ടിലെ ചെളിനീക്കുന്നതിനിടെയാണ് മോതിരം ലഭിച്ചത്. ആദ്യം മുക്കുപണ്ടമാണെന്നാണ് കരുതിയതെങ്കിലും മോതിരത്തിലെ ചെളിമുഴുവന്‍ കഴുകി വൃത്തിയാക്കി നോക്കിയപ്പോഴാണ് ആരുടേയോ വിവാഹമോതിരമാണെന്ന് കണ്ടെത്തിയത്. മോതിരത്തില്‍ അഷിതയുടെ പേര് കൊത്തിവെച്ചിട്ടുണ്ടായിരുന്നു. മോതിരം ലഭിച്ച വിവരം തൊഴിലാളികള്‍ വാര്‍ഡംഗം ജിസ്റ മുനീറിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ വിവരം പുറത്തുവിട്ടതോടെയാണ് മോതിരത്തിന്റെ അവകാശികള്‍ അന്വേഷിച്ചെത്തിയത്. തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളികളുടേയും ഗ്രാമപ്പഞ്ചായത്ത് അധികൃതരുടേയും സാന്നിധ്യത്തില്‍ വാര്‍ഡംഗം ജിസ്റാ മുനീര്‍ മോതിരം ഉടമ ആന്റണിയ്ക്ക് കൈമാറി.