പാലക്കാട്: കല്ലടിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞത്‌ മറ്റൊരു ലോറി ഇടിച്ചതിനേത്തുടര്‍ന്ന്. പാലക്കാടു ഭാഗത്തുനിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്കു സിമന്റുമായി വരികയായിരുന്നു ലോറി. ഇതില്‍ മണ്ണാര്‍ക്കാട് ഭാഗത്തുനിന്ന് പാലക്കാടു ഭാഗത്തേക്കു പോകുകയായിരുന്ന ലോറി തട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടമായ സിമന്റ് ലോറി റോഡരികില്‍ക്കൂടി നടന്നുപോകുകയായിരുന്ന കുട്ടികളുടെ ഇടയിലേക്കു പാഞ്ഞുകയറി മറിഞ്ഞു. ലോറി വരുന്നതു കണ്ട ഒരു കുട്ടി ചാടിമാറിയെങ്കിലും മറ്റുള്ളവര്‍ക്കു രക്ഷപ്പെടാനായില്ല. 

To advertise here,

അപകടകാരണം വേഗതയും റോഡിന്റെ അശാസ്ത്രീയതയുമെന്ന് നിഗമനം. ഇറക്കവും വളവുള്ള റോഡാണ് അപകടമുണ്ടായ പനയമ്പാടത്ത്. സ്ഥിരം അപടകമേഖലയായ പനയമ്പാടത്ത് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍വാഹനവകുപ്പ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നേരത്തെ ഇവിടെ വളവില്‍ വാഹനങ്ങള്‍ക്ക് ഗ്രിപ്പ് കിട്ടാന്‍ റോഡ് പരുക്കനാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് അപകടങ്ങള്‍ കുറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് റോഡിന്റെ പരുക്കന്‍ സ്വഭാവം മാറി. മഴ പെയ്താല്‍ അപകടസാധ്യത കൂടാനും സാധ്യതയുണ്ട്. ഇന്നത്തെ അപകട കാരണം മഴയത്ത് ലോറിയുടെ നിയന്ത്രണം വിട്ട് തെന്നിമാറിയതാണോ അതോ അമിതവേഗമോ എന്നതില്‍ വ്യക്തതയില്ല. 

ഇതിനിടെ സംഭവത്തില്‍ ലോറി ഡ്രൈവര്‍ മഹേന്ദ്ര പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയില്‍ നിന്നാണ് ലോറി ഡ്രൈവര്‍ മഹേന്ദ്ര പ്രസാദിനെ മണ്ണാര്‍ക്കാട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ക്ലീനര്‍ വര്‍ഗീസ് ചികിത്സയില്‍ തുടരുകയാണ്. സിമന്റെ ലോറിയില്‍ തട്ടിയ വാഹനത്തിനെതിരേയും കേസെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഈ വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഈ വാഹനത്തിന്റെ ഡ്രൈവര്‍ വണ്ടൂര്‍ സ്വദേശി പ്രജീഷിനെതിരേയും കേസെടുത്തിട്ടുണ്ട്. 

നേരത്തെ അപകടത്തെത്തുടര്‍ന്ന് കടുത്ത പ്രതിഷേധമുയര്‍ത്തി നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. അപകടത്തില്‍പ്പെട്ട ലോറി ക്രെയിനുപയോഗിച്ച് മാറ്റിയശേഷം വാഹനം കടത്തിവിടാനുള്ള പോലീസിന്റെ ശ്രമം ജനങ്ങള്‍ തടഞ്ഞിരുന്നു. അശാസ്ത്രീയമായ റോഡ് നിര്‍മാണമാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടത്തേയും പ്രതിഷേധത്തേയും തുടര്‍ന്ന് ഒന്നരമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.