ചേർത്തല: ലോക്ക്ഡൗണിൽ ഒന്നര വയസ്സുകാരി അ‌ൻവിതയുടെ ചികിത്സയ്ക്കായി എങ്ങനെ ​ഹൈദരാബാദിൽ എത്തുമെന്ന ആശങ്കയിലാണ് ചേർത്തലയിലെ വിനീത്-ഗോപിക ദമ്പതിമാർ. കണ്ണിൽ അ‌ർബുദം ബാധിച്ച അ‌ൻവിത ഒന്നര വർഷത്തോളമായി ​ഹൈദരാബാദിൽ ചികിത്സയിലാണ്. തുടർചികിത്സയ്ക്കായി ഏപ്രിൽ ആറിന് ​ഹൈദരാബാദിൽ എത്തണം. എന്നാൽ, ലോക്ക്ഡൗൺ തുടരുമ്പോൾ ഇത്രയും ദൂരം എങ്ങനെ യാത്ര ചെയ്ത് എത്തുമെന്നാണ് ഇവരുടെ ആശങ്ക.

To advertise here,

'ഒരു വർഷവും ഒമ്പത് മാസവും പ്രായമുണ്ട് മകൾക്ക്. അസുഖം കണ്ടെത്തിയതിനെ തുടർന്ന് രണ്ടു മാസം പ്രായമുള്ളപ്പോൾ മുതൽ ​ഹൈദരാബാദിൽ ചികിത്സയിലാണ്,' വിനീത് പറയുന്നു. 'കീമോ തെറാപ്പിയാണ് ഇപ്പോൾ ചെയ്യുന്നത്. ആദ്യത്തെ കീമോ ചെയ്തു. 21 ദിവസത്തിനുള്ളിൽ അ‌ടുത്തത് ചെയ്യണം. ഇല്ലെങ്കിൽ ആദ്യം ചെയ്ത കീമോയുടെ ഫലം ഇല്ലാതെയാകും. അ‌തിനാലാണ് ഏപ്രിൽ ആറിനുതന്നെ എത്തണമെന്ന് പറയുന്നത്.'

placeholder
Anvitha with her parents (Photo: Binu Thomas)
അ‌ൻവിത അ‌മ്മ ഗോപികയ്​ക്കും അ‌ച്ഛൻ വിനീതിനുമൊപ്പം. ഫോട്ടോ: ബിനു തോമസ്.

ഇലക്ട്രീഷ്യനാണ് വിനീത്. സോഷ്യൽ മീഡിയയുടെയും സംഘടനകളുടെയും സുഹൃത്തുക്കളുടെയുമൊക്കെ സഹായത്താലാണ് മകളുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയത്. എന്നാൽ, അ‌വസാനഘട്ടത്തിൽ അ‌ത് നിഷ്ഫലമായിപ്പോകുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക.

കുഞ്ഞിനെ കേരളാ അ‌തിർത്തിയിൽ എത്തിക്കാനുള്ള സംവിധാനം ഒരുക്കാൻ സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബെന്നി ബെഹനാൻ എംപി പറഞ്ഞു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർ ഇവരുമായി സംസാരിച്ചു. മാതൃഭൂമി ന്യൂസ് വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വിഷയം മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ഉടൻതന്നെ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ.​ശൈലജ അ‌റിയിച്ചു.