കോഴിക്കോട്: വിവാദ മദ്യസത്കാരത്തില്‍ പങ്കെടുത്ത രണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. തിരൂരങ്ങാടി ആര്‍.ടി. ഓഫീസിലെ സുനില്‍ബാബു, പട്ടാമ്പി ആര്‍.ടി. ഓഫീസിലെ ബെന്നി വര്‍ഗീസ് എന്നിവരെയാണ് സംസ്ഥാന ഗതാഗത കമ്മീഷണര്‍ ആര്‍. ശ്രീലേഖ ഐ.പി.എസ്. സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. 

To advertise here,

സംഭവത്തില്‍ മധ്യമേഖല ഗതാഗത കമ്മീഷണര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചാണ് നടപടി. പ്രവൃത്തിദിവസം ഇരുവരും അനൗദ്യോഗിക യോഗത്തില്‍ പങ്കെടുത്തെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

കഴിഞ്ഞ പൊതുപണിമുടക്ക് ദിവസമാണ് മലപ്പുറം തിരൂരങ്ങാടിക്ക് സമീപത്തെ സ്വകാര്യ ഹോട്ടലില്‍ വിവാദ മദ്യസത്കാരം നടന്നത്. ഡ്രൈവിങ് സ്‌കൂളുകാരും ഏജന്റുമാരും ചേര്‍ന്ന് നടത്തിയ സത്കാരത്തില്‍ രണ്ട് എം.വി.ഐ.മാരും പങ്കെടുത്തിരുന്നു. ഇത് പുറത്തറിഞ്ഞതോടെ ഇരുവര്‍ക്കുമെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ അടക്കമുള്ള യുവജന സംഘടനകള്‍ രംഗത്തെത്തി. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്താന്‍ മധ്യമേഖല ഡെപ്യൂട്ടി ഗതാഗത കമ്മീഷണര്‍ എം. സുരേഷിനെ ചുമതലപ്പെടുത്തുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് നടപടി. 

Content Highlights: liquor party with driving school owners in tirurangadi; two motor vehicle inspectors suspended from service