തിരുവനന്തപുരം: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാലക്കാട് ഇടതുമുന്നണി നല്‍കിയ പത്രപരസ്യം സി.പി.എമ്മിനെ തിരിഞ്ഞുകുത്തുന്നു. മതപരമായ വിഭാഗീയത ലക്ഷ്യമിട്ട് തയ്യാറാക്കിയതെന്ന് പ്രതിപക്ഷം ആക്ഷേപിച്ച പരസ്യരീതി മുന്‍പൊരിക്കലും ഇടതുപക്ഷം പരീക്ഷിക്കാത്തതാണ്. സുന്നിവിഭാഗക്കാര്‍ക്കിടയില്‍ സ്വാധീനമുള്ള രണ്ടുപത്രത്തില്‍മാത്രം പരസ്യം നല്‍കിയതും പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിന് ബലംനല്‍കുന്നു.

To advertise here,

ഇടതുമുന്നണിയുടെ പേരിലാണ് പരസ്യമെങ്കിലും ആശയത്തിനുപിന്നിലെ ബുദ്ധി സി.പി.എമ്മിന്റേതാണെന്ന് ഘടകകക്ഷി നേതാക്കള്‍തന്നെ സമ്മതിക്കുന്നു. പരസ്യത്തെ ന്യായീകരിച്ച് വെളുപ്പിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വവും സി.പി.എം. ഇതര നേതാക്കള്‍ ഏറ്റെടുത്തിട്ടില്ല.

കോണ്‍ഗ്രസിനെയും ബി.ജെ.പി.യെയും ഒരുപോലെ ആക്രമിക്കാന്‍ പാകത്തിലുള്ള വര്‍ഗീയ ആശയമാണ് പരസ്യത്തിന് എല്‍.ഡി.എഫ്. ഉപയോഗിച്ചത്. രണ്ടുപക്ഷത്തെയും അടിക്കാന്‍ ബി.ജെ.പി. വിട്ട് കോണ്‍ഗ്രസിലെത്തിയ 'സന്ദീപ് വാരിയരെ' കേന്ദ്രബിന്ദുവുമാക്കി. 'ഈ വിഷനാവിനെ സ്വീകരിക്കുകയോ ഹാ കഷ്ടം!' എന്ന തലക്കെട്ടോടെ സന്ദീപിന്റെ പഴയ സാമൂഹിക മാധ്യമപോസ്റ്റുകളാണ് ഉപയോഗിച്ചത്.

അയോധ്യ രാമക്ഷേത്രനിര്‍മാണത്തിനുള്ള കോണ്‍ഗ്രസ് പിന്തുണ വ്യക്തമാക്കുന്ന മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കമല്‍നാഥിന്റെ പരാമര്‍ശവും ഒപ്പം ചേര്‍ത്തു. പരസ്യം മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പത്രങ്ങളില്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്.

ലോക്സഭാതിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തിലുണ്ടായ 'കാഫിര്‍ സ്‌ക്രീന്‍ഷോട്ടി'നോടാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പരസ്യത്തെ ഉപമിച്ചത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം എന്തായാലും എല്‍.ഡി.എഫിന്റെ 'പരസ്യ'പരീക്ഷണം കേരളരാഷ്ട്രീയത്തില്‍ തുടര്‍ചര്‍ച്ചകള്‍ക്ക് വഴിവെക്കും. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി വാങ്ങാതെ പരസ്യം നല്‍കിയത് നിയമയുദ്ധത്തിനും വഴിവെക്കും.

മൂന്നുമുന്നണികള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ്. 20 ശതമാനത്തോളം ന്യൂനപക്ഷവോട്ടര്‍മാരുണ്ട്. ബി.ജെ.പി. നിലവില്‍ രണ്ടാംസ്ഥാനത്തുമാണ്. ലീഗ് മുസ്ലിംസംഘടനകളെ ഒന്നിപ്പിച്ച് നിര്‍ത്തി മുസ്ലിംവോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമാക്കി മാറ്റുന്നുവെന്നാണ് സി.പി.എം. വിലയിരുത്തല്‍.

ആ ഒന്നിപ്പിക്കിലിനെ പൊളിക്കുകയെന്നതാണ് ലീഗിനെയും അതിന്റെ അധ്യക്ഷനായ പാണക്കാട് സാദിഖലി തങ്ങളെയും കടന്നാക്രമിച്ച് മുഖ്യമന്ത്രിയും സി.പി.എമ്മും രംഗത്തുവന്നതിന്റെ ലക്ഷ്യം. അതിന്റെ ഒരുപടികൂടി കടന്നുള്ള പരീക്ഷണമാണ് പത്രപരസ്യത്തിലൂടെ എല്‍.ഡി.എഫ്. നടത്തിയിരിക്കുന്നത്.