മണ്ണാര്‍ക്കാട്: 'പാമ്പിനെ പിടിക്കുമ്പോള്‍ നല്ല ശ്രദ്ധയുണ്ടായാല്‍ മതി. വലിയ വിഷപ്പാമ്പുകളെ പിടിക്കാനൊരുങ്ങുമ്പോള്‍ ഉള്ളില്‍ ചെറിയ പേടിതോന്നുമെങ്കിലും അത് നമ്മുടെ ശ്രദ്ധകൂട്ടും'- ഒന്‍പതുമാസത്തിനിടെ 269 പാമ്പുകളെ പിടികൂടിയ 'സര്‍പ്പ' ആപ്പിലെ വൊളന്റിയറായ കോഴിക്കോട് പറമ്പില്‍ബസാറില്‍ മത്തനാരി വീട്ടില്‍ അനുശ്രീയുടെ വാക്കുകളാണിത്.

To advertise here,

വീടിനകത്തുകയറിയ മൂര്‍ഖന്‍കുഞ്ഞിനെ അടുക്കളയിലെ ചിരട്ടത്തവികൊണ്ട് ഗ്ലാസ്‌കുപ്പിയിലേക്ക് തള്ളിക്കയറ്റുമ്പോള്‍ അനുശ്രീക്ക് 10 വയസ്സായിരുന്നു. ഇന്ന് 40-ാം വയസ്സിലും ഇക്കാര്യത്തില്‍ പിന്നോട്ടില്ല. കോഴിക്കോട് വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാനിലയത്തിലെ സിവില്‍ ഡിഫന്‍സ് അംഗമായ അനുശ്രീ വനംവകുപ്പിന്റെ കീഴിലുള്ള 'സര്‍പ്പ' ആപ്പ് വൊളന്റിയറായത് കഴിഞ്ഞവര്‍ഷം മുതലാണ്. പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റും നേടി മാര്‍ച്ച്മുതല്‍ വനംവകുപ്പിനുവേണ്ടി ഒറ്റയ്ക്ക് പാമ്പുപിടിത്തവും തുടങ്ങി. ഇതുവരെ പിടിച്ചത് 68 മൂര്‍ഖന്‍, 108 പെരുമ്പാമ്പ്, ചേര ഉള്‍പ്പെടെയുള്ള വിഷമില്ലാത്ത 94 പാമ്പുകള്‍ എന്നിവയെ. താമരശ്ശേരിയിലെ കക്കയത്തുനിന്ന് ഒരു രാജവെമ്പാലയെയും പിടികൂടിയിട്ടുണ്ട്. വിശ്രമമില്ലാത്ത ജോലിയാണെങ്കിലും വീട്ടുകാരുടെ പിന്തുണ എപ്പോഴുമുണ്ട്. ഭര്‍ത്താവ് ബാബുവാണ് പലപ്പോഴും കൂടെ ചെല്ലുക.

കൊച്ചി പനമ്പള്ളിനഗറിലും പരിസരപ്രദേശങ്ങളിലും എവിടെ പാമ്പിനെ കണ്ടാലും ആദ്യം ഓടിയെത്തുന്നത് 64-കാരിയായ വിദ്യ രാജുവാണ്. നാവികസേനയില്‍നിന്ന് വിരമിച്ച റിട്ട. കമ്മഡോര്‍ എന്‍.വി.എസ്. രാജുവാണ് ഭര്‍ത്താവ്. ഗോവ സ്വദേശിനിയായ ഇവര്‍ ഗോവയിലെ നാവികത്താവളത്തില്‍ താമസിക്കുമ്പോള്‍ 40-ാം വയസ്സിലാണ് ആദ്യമായി പാമ്പിനെ പിടിച്ചത്. 2004-ല്‍ കേരളത്തിലെത്തിയ ഇവര്‍ 2014 മുതല്‍ പനമ്പള്ളിനഗറിലാണ് താമസിക്കുന്നത്. 'സര്‍പ്പ' ആപ്പില്‍ പരിശീലനം നേടി സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷം 296 പാമ്പുകളെ പിടികൂടിയിട്ടുണ്ട്. ശാസ്ത്രീയമായ ഉപകരണങ്ങളുപയോഗിച്ചുള്ള പാമ്പുപിടിത്തം ഏറെ സുരക്ഷിതത്വം നല്‍കുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു.

'സര്‍പ്പ' ആപ്പില്‍187 സ്ത്രീകള്‍

പാമ്പുകടിയേറ്റുള്ള അപകടങ്ങള്‍ കുറയ്ക്കുന്നതിനും ജനവാസമേഖലയില്‍നിന്ന് പാമ്പുകളെ രക്ഷപ്പെടുത്തുന്നതിനും വനംവകുപ്പിന്റെ കീഴില്‍ ആരംഭിച്ചതാണ് 'സര്‍പ്പ' മൊബൈല്‍ ആപ്പ്. ഇതുവരെ 4,700 പേരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. അതില്‍ 2,400 പേര്‍ക്ക് ലൈസന്‍സ് ലഭിച്ചു. ഇതില്‍ 187 സ്ത്രീകളാണുള്ളത്. തിരുവനന്തപുരം-16, കൊല്ലം-നാല്, പത്തനംതിട്ട -25, ആലപ്പുഴ- ഒന്ന്, കോട്ടയം-12, എറണാകുളം-31, ഇടുക്കി-18, തൃശ്ശൂര്‍-15, പാലക്കാട്-11, മലപ്പുറം-12, കോഴിക്കോട്-അഞ്ച്, വയനാട്-24, കണ്ണൂര്‍-ഒന്‍പത്, കാസര്‍കോട്-അഞ്ച്. ആവശ്യമായ പരിശീലനം നല്‍കി കൂടുതല്‍ സ്ത്രീകളെ ഈ രംഗത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് സര്‍പ്പയുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍ വൈ. മുഹമ്മദ് അന്‍വര്‍ പറഞ്ഞു.