തിരുവനന്തപുരം: പണിമുടക്കിനെ തുടർന്ന് കെഎസ്ആർടിസി കൊറിയർ സർവീസ് തടസ്സപ്പെട്ടതോടെ കണ്ണിന്റെ ശസ്ത്രക്രിയയ്ക്കായി എത്തിച്ച കോർണിയ ആശുപത്രിയിലെക്കത്തിക്കുന്നത് തടസ്സപ്പെട്ടു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കായി അങ്കമാലിയിലെ ആശുപത്രിയിൽ നിന്ന് എത്തിച്ച കോർണിയയാണ് കൈപ്പറ്റാൻ കഴിയാതെ കഴിയാതെ മണിക്കൂറുകളോളം പ്രതിസന്ധിയിലായത്.

To advertise here,

ശനിയാഴ്ച നടക്കേണ്ട ശസ്ത്രക്രിയയ്ക്കായാണ് ഈ അവയവം തിരുവനന്തപുരത്ത് എത്തിച്ചത്. രാവിലെ എട്ടു മണിയോടെ ആശുപത്രി ജീവനക്കാർ കൊറിയർ സെന്ററിൽ എത്തിയെങ്കിലും പണിമുടക്ക് കാരണം അവിടെ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ സമരാനുകൂലികൾ നിർബന്ധപൂർവ്വം അവിടെ നിന്ന് പറഞ്ഞുവിടുകയായിരുന്നു. പത്തു മണിക്ക് മുൻപായി കോർണിയ ആശുപത്രിയിൽ എത്തിക്കേണ്ടതുണ്ടായിരുന്നതിനാൽ സമയം വൈകുന്നത് വലിയ ആശങ്കയ്ക്ക് കാരണമായി.

വിവരമറിഞ്ഞ് മ്യൂസിയം പോലീസ് സ്റ്റേഷനിലെ സി.ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ജനറൽ ആശുപത്രി ആർഎംഒയും ഉടൻ തന്നെ ഇടപെട്ടു. കെഎസ്ആർടിസിയിലെ മറ്റ് ജീവനക്കാരുടെ സഹായത്തോടെ കൊറിയർ സെന്ററിലെ ജീവനക്കാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഒടുവിൽ വീട്ടിലേക്ക് മടങ്ങിയ ജീവനക്കാരെ തിരികെ വിളിച്ചുവരുത്തി പോലീസ് സാന്നിധ്യത്തിൽ കൊറിയർ സെന്റർ തുറന്നാണ് അവയവം കൈമാറിയത്. അല്പം കൂടി വൈകിയിരുന്നെങ്കിൽ അവയവത്തിന്റെ ഗുണമേന്മയെ ബാധിക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് കാര്യങ്ങൾ മാറുമായിരുന്നു.

രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടന്ന ആദ്യത്തെ വിജയകരമായ കണ്ണ് ശസ്ത്രക്രിയയുടെ തുടർച്ചയായാണ് ഈ ശസ്ത്രക്രിയയും ആസൂത്രണം ചെയ്തത്. ഒരു ജില്ലാ ആശുപത്രിയിൽ ഇത്തരത്തിൽ വിജയകരമായ ശസ്ത്രക്രിയ നടക്കുന്നത് ആദ്യമായായിരുന്നു.