തിരുവനന്തപുരം: കര്‍ണാടക ആര്‍ടിസിയെ മാതൃകയാക്കി കെഎസ്ആര്‍ടിസി നടത്തിയ ജീവനക്കാരുടെ പുനര്‍വിന്യാസം ഫലപ്രാപ്തിയില്‍. ഒന്‍പതുവര്‍ഷം മുന്‍പ് 44,394 ജീവനക്കാരെ ഉപയോഗിച്ച് 4600 ബസ് ഓടിച്ചിരുന്ന കെഎസ്ആര്‍ടിസിക്ക് ഇപ്പോള്‍ ഇത്രയും ബസുകള്‍ ഓടിക്കാന്‍ 27,700 പേരെ മതി. 16,694 ജീവനക്കാരെയാണ് ഈ കാലയളവില്‍ കുറച്ചത്. ചെലവുചുരുക്കലിന് ഇടയിലും 10.19 കോടി രൂപയെന്ന റെക്കോഡ് ദിവസവരുമാനവും നേടാനായി.

To advertise here,

2016-ല്‍ 35,842 സ്ഥിരജീവനക്കാരും 9092 താത്കാലിക (എംപാനല്‍) ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഒരു ബസിന് 9.65 ജീവനക്കാര്‍. ചിലസമയങ്ങളില്‍ അത് 10-ഉം കടന്നിരുന്നു. ഒന്‍പതുവര്‍ഷം പിന്നിടുമ്പോള്‍ 22,500 സ്ഥിരജീവനക്കാരും 5247 താത്കാലിക (ബദലി) ജീവനക്കാരുമാണ് കോര്‍പ്പറേഷനിലുള്ളത്.

ശരാശരി 2500 ബദല്‍ ജീവനക്കാരെയാണ് ദിവസം ഉപയോഗിക്കുന്നത്. ഒരു ബസിന് 4.81 സ്ഥിരജീവനക്കാര്‍ മാത്രമാണുള്ളത്. ജീവനക്കാരുടെ പുനര്‍വിന്യാസം ചെലവുചുരുക്കാന്‍ സഹായിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സെപ്റ്റംബര്‍ എട്ടിന് ഒരു ബസില്‍നിന്നുള്ള ശരാശരി വരുമാനം 22,152 രൂപയാണ്. മികച്ച വരുമാനമുള്ള സ്വകാര്യബസിനുപോലും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമാണിത്.

ചെലവുചുരുക്കല്‍ വിജയത്തിലെത്തിയെങ്കിലും പുനരുദ്ധാരണ പാക്കേജിലുള്‍പ്പെട്ട ബസ് വാങ്ങല്‍ നടക്കാത്തത് തിരിച്ചടിയായി. കൈവശമുള്ളതില്‍ 2050 ബസ് അടുത്ത എട്ടുമാസത്തിനുള്ളില്‍ കാലഹരണപ്പെടും. ഇവയ്ക്കുപകരം ബസുകള്‍ എത്തിക്കുന്നതിനൊപ്പം നേരത്തേ നിശ്ചയിച്ച 1200 ദീര്‍ഘദൂര റൂട്ടുകളില്‍കൂടി ബസുകള്‍ ഓടിച്ചാല്‍ മാത്രമേ പാക്കേജിലെ രണ്ടാംഘട്ടം പൂര്‍ത്തിയാകൂ. ഇ-ബസുകള്‍ വാങ്ങാനുള്ള പദ്ധതിയും മുടങ്ങി.